കേരള വാർത്തസിനിമ

വിളവെടുപ്പിനൊരുങ്ങി കണ്ടനാട്ടെ പുന്നച്ചാലിൽ പാടശേഖരം; ശ്രീനിവാസന് സ്മാരകം ഉയരും

ഉദയംപേരൂർ: കണ്ടനാട്ടെ പുന്നച്ചാലിൽ പാടശേഖരത്ത് പൊൻമണികൾ പോലെ നിറഞ്ഞിരിക്കുകയാണ് നെൻമണികൾ. അറുപത് ഏക്കറിലായുള്ള നെൽകൃഷി വിളവായിരിക്കുന്നു. ചൊവ്വാഴ്ച ഇവിടെ കൊയ്ത് നടക്കാൻ പോവുകയാണ്. നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന ശ്രീനിവാസൻ എന്ന താരജാഡകളില്ലാത്ത ‘പച്ച’മനുഷ്യന്റെ സ്മരണകളിരമ്പുന്ന പാടശേഖരം.

ഇത്തവണ പുന്നച്ചാലിൽ പാടശേഖരത്ത് കൊയ്ത് സാധാരണപോലെ ഉത്സവമായിട്ടാകില്ല. രാവിലെ 10 മണിയോടെ കൊയ്ത്ത് തുടങ്ങും. ചെറിയ ചടങ്ങ് ഉണ്ടാകും. കണ്ടനാട് വീടിനോടുചേർന്നുള്ള പാടശേഖരത്ത് തന്റെ മകനും സിനിമാനടനുമായ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ നെൽകൃഷിക്കായി വിത്ത് വിതച്ച പ്പോൾ ശ്രീനിവാസന് അതിൽ പങ്കെടുക്കണമെന്നുണ്ടായിരുന്നെങ്കിലും അസുഖത്തെ തുടർന്ന് സാധിച്ചില്ല. എങ്കിലും പാടം പച്ചപുതച്ചത് വീട്ടിൽനിന്ന് അദ്ദേഹം കാണുമായിരുന്നു. കൊയ്ത്തുത്സവത്തിനു മുൻപേ അദ്ദേഹം മൺമറഞ്ഞു. കൊയ്ത്ത് കഴിഞ്ഞാൽ താമസിയാതെ ഈ പാടശേഖരത്ത് ശ്രീനിവാസന് സ്മാരകവും ഉയരുന്നുണ്ട്. ലയൺസ് ക്ലബ് 318-സിയുടെയും ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിലാണിത്. അതിനായി ഒരു സെന്റ് സ്ഥലം വിട്ടുനൽകുന്നത് ശ്രീനിവാസനോടൊപ്പം കൃഷിക്ക് എന്നും കൂടെയുണ്ടായിരുന്ന മനു ഫിലിപ്പ് തുകലൻ ആണ്.

14 വർഷം മുൻപാണ് ഗ്രാമീണമേഖലയായ ഉദയംപേരൂരിലെ കണ്ടനാട് 40 സെന്റ് സ്ഥലം വാങ്ങി ശ്രീനിവാസൻ വീടുപണിത് കുടുംബസമേതം താമസമാക്കിയത്. തൊട്ടുചേർന്നുതന്നെയാണ് പുന്നച്ചാലിൽ പാടശേഖരം. 35 വർഷമായി തരിശായി കിടക്കുകയായിരുന്ന ഈ പാടശേഖരത്ത് ശ്രീനിവാസന്റെ നേതൃത്വത്തിൽ നെൽകൃഷി പുനരാരംഭിച്ചു; അതും ജൈവരീതിയിൽ.

നാട്ടിൽ കൃഷി വ്യാപിക്കാനും ശ്രീനിവാസന്റെ ഈ നടപടിയിലൂടെ കഴിഞ്ഞു എന്നതാണ് പ്രാധാന്യം. പാടം കുറേശ്ശെ പാട്ടത്തിനെടുത്ത് അദ്ദേഹം തുടങ്ങിയ നെൽകൃഷി പിന്നീട് 102 ഏക്കറിൽ വരെ ചെയ്യുകയുണ്ടായി. അച്ഛന്റെ പാത പിന്തുടർന്ന് ധ്യാൻ ശ്രീനിവാസനും കൂടെ സാജു കുര്യൻ വൈശ്യം പറമ്പിൽ, മനു ഫിലിപ്പ് തുകലൻ എന്നിവരും ചേർന്നാണ് ഇത്തവണ പുന്നച്ചാലിൽ പാടശേഖരത്ത് നെൽകൃഷി ചെയ്തിരിക്കുന്നത്. നെൽകൃഷി കഴിഞ്ഞാൽ ഇവിടെ ഏതാനും വർഷങ്ങളായി പയർ, പാവൽ, പടവലം, കണിവെള്ളരി തുടങ്ങിയ പച്ചക്കറികളും തണ്ണി മത്തൻ, ഷമാം തുടങ്ങിയ പഴവർഗങ്ങളും 25 ഏക്കറിലായി മനു ഫിലിപ്പും സാജുവും കൃഷി ചെയ്യാറുണ്ട്.

ചേർന്നുതന്നെ കുറച്ച് ഏക്കറിൽ സൂര്യ കാന്തിപ്പൂ കൃഷിയും പതിവാണ്. ‘പൂക്കൾ കാണാൻ ശ്രീനിയേട്ടൻ മുൻപൊക്കെ വരുമായിരുന്നു. അദ്ദേഹത്തിന് അത് വലിയ ഇഷ്ടമായിരുന്നു. ഇക്കൊല്ലം പച്ചക്കറികൃഷിക്കും സൺ ഫ്‌ലവറിനും എന്നെയും കൂട്ടണം’ എന്ന് ശ്രീനിയേട്ടൻ പറഞ്ഞിരുന്നതാണെന്ന്- സങ്കടം ഉള്ളി ലൊതുക്കി മനു ഫിലിപ്പ് ഓർക്കുന്നു. ഇത്തവണ പച്ചക്കറി, സൂര്യകാന്തിപ്പൂവ് കൃഷിക്ക് ഇവരോടൊപ്പം ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസനും കൂടുന്നുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...