കേരള വാർത്തകൗതുകങ്ങൾസിനിമ

ബുദ്ധമതം സ്വീകരിച്ച കവി ശങ്കരാചാര്യരുടെ സൗന്ദര്യലഹരി തര്‍ജ്ജമ ചെയ്യുന്നത് വിവാദമായി; നടനും കവിയുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും സംഘിയാവുമ്പോള്‍!

നടനും, കവിയും, സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ ചൂള്ളിക്കാട് ശ്രീ ശങ്കരാചാര്യര്‍ രചിച്ച അതിപ്രശസ്തമായ ഒരു ദേവീസ്തോത്രമായ സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയതോടെ വിവാദമായി. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ സംഘിയെന്ന് മുദ്രകുത്തി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ വരുന്നത്. 100 സംസ്‌കൃത ശ്ലോകങ്ങളുള്ള ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്ന ദൗത്യമാണ് കവിയും നടനുമായ ബാലചന്ദ്രന്‍ ചൂള്ളിക്കാട് ഏറ്റെടുത്തിരിക്കുന്നത്. ഇത് ഭാഷയോടും സംസ്‌ക്കാരത്തോടുമുള്ള തന്റെ അഭിനിവേശം കൊണ്ടാണ് എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നത്. എന്നാല്‍, അത് സംഘപരിവാര്‍ അജണ്ടയാണെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഇടതുപക്ഷ-നക്സലൈറ്റ് പശ്ചാത്തലമുണ്ടായിരുന്നതും പിന്നീട് ബുദ്ധമതം സ്വീകരിച്ചതുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ശങ്കരാചാര്യരുടെ കൃതി പരിഭാഷപ്പെടുത്തുന്നതിനെ ചിലര്‍ രാഷ്ട്രീയ കണ്ണുകളോടെ വീക്ഷിക്കുന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. ശങ്കരാചാര്യരുടെ പ്രശസ്തമായ ദേവീസ്തോത്രമായ ‘സൗന്ദര്യലഹരി’ ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തിയത്, 2026 ജൂണ്‍ ലക്കം മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഭക്തരും സാധകരും ഇതിനെ ഒരു തന്ത്രശാസ്ത്ര ഗ്രന്ഥമായി കാണുമ്പോള്‍, താന്‍ ഇതിനെ പ്രതീകാത്മകതയും ആഴമേറിയ വികാരസാന്ദ്രതയുമുള്ള ഒരു മൗലിക കാവ്യമായാണ് കാണുന്നതെന്ന് കവി ഇതിന്റെ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചുള്ളിക്കാടിന്റെ ഈ നീക്കം സംഘപരിവാര്‍ അജണ്ടകള്‍ക്ക് അല്ലെങ്കില്‍ ‘ഹിന്ദുത്വ’ രാഷ്ട്രീയത്തിന് നിലമൊരുക്കലാണെന്നാണ് ജോണി എം.എല്‍. പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ കാരണക്കാരനായ ശങ്കരാചാര്യരുടെ സിദ്ധാന്തങ്ങളെയും കൃതികളെയും ഈ കാലഘട്ടത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം. 2000-ല്‍ ബുദ്ധമതം സ്വീകരിച്ച ചുള്ളിക്കാട് തന്നെ ഇത് ചെയ്യുന്നത് വൈരുദ്ധ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.ഒരിക്കല്‍ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന കവി ഇത്തരം സനാതന കൃതികളിലേക്ക് തിരിയുന്നത് കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക മാറ്റത്തിന്റെ തെളിവാണെന്ന് കെ.വി.എസ്. ഹരിദാസിനെപോലുള്ള വലതുപക്ഷ നിരീക്ഷകരും വിലയിരുത്തുന്നു.

ഇന്ത്യയില്‍ ബുദ്ധിസത്തെ തച്ചുടച്ച ഹിന്ദുസന്യാസിയായിരുന്നു ശങ്കരാചാര്യരെന്നും ഈ കഠിനകാലത്തില്‍ ശങ്കരാചാര്യരുടെ ചിന്ത വീണ്ടും തിരിച്ചുകൊണ്ടുവരലാണ് ഇതെന്നും ജോണി പറയുന്നു. ‘നളന്ദയില്‍ പോയി ബുദ്ധമതം സ്വീകരിച്ച ചുള്ളിക്കാട് നവബുദ്ധിസത്തെ അകത്ത് നിന്നും തകര്‍ക്കാന്‍ പോരുന്ന ഒരു ധുരന്ധര്‍ ആണെന്ന് എനിക്ക് തോന്നുന്നു. സൗന്ദര്യലഹരിയിലൂടെ ശങ്കരാചാര്യരെ തിരിച്ചുകൊണ്ടുവരരുതെന്നേ എനിക്ക് പറയാനുള്ളൂ”. ജോണി പറയുന്നു.

ശ്രീ ശങ്കരാചാര്യര്‍ രചിച്ച ‘സൗന്ദര്യലഹരി’ എന്നത് ദേവി പരാശക്തിയുടെ (ത്രിപുരസുന്ദരി) മാഹാത്മ്യത്തെയും സൗന്ദര്യത്തെയും വര്‍ണ്ണിക്കുന്ന, തന്ത്രശാസ്ത്രത്തിലും സാഹിത്യത്തിലും ഒരേപോലെ ഉന്നതസ്ഥാനമുള്ള നൂറു ശ്ലോകങ്ങള്‍ അടങ്ങിയ ഒരു കൃതിയാണ്. ഇതില്‍ ആകെ 100 ശ്ലോകങ്ങളുണ്ട്. ആദ്യത്തെ 41 ശ്ലോകങ്ങള്‍ തന്ത്രശാസ്ത്രത്തിനും ശ്രീചക്രപൂജയ്ക്കും പ്രാധാന്യമുള്ള ‘ആനന്ദലഹരി’ എന്നും, ബാക്കി 59 ശ്ലോകങ്ങള്‍ ദേവിയുടെ കേശാദിപാദവര്‍ണ്ണന അടങ്ങിയ ‘സൗന്ദര്യലഹരി’ എന്നും അറിയപ്പെടുന്നു. കേവലമൊരു ഭക്തികാവ്യമല്ലിത്, മറിച്ച് കാശ്മീര്‍ ശൈവ സമ്പ്രദായത്തിലെയും ശാക്തേയ സമ്പ്രദായത്തിലെയും ഉയര്‍ന്ന തന്ത്രശാസ്ത്ര രഹസ്യങ്ങളും മന്ത്രങ്ങളും (ഉദാഹരണത്തിന് ശ്രീവിദ്യാ മന്ത്രം) ഇതില്‍ ഒളിഞ്ഞിരിക്കുന്നു. ഉപമകള്‍, ഉത്പ്രേക്ഷകള്‍, രൂപകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓരോ ശ്ലോകവും. ശൃംഗാരം, ഭക്തി, അത്ഭുതം എന്നീ രസങ്ങള്‍ ഇതില്‍ സമന്വയിച്ചിരിക്കുന്നു. കേവലം വാക്കുകളുടെ വിവര്‍ത്തനത്തിനപ്പുറം ചുള്ളിക്കാടിനെപ്പോലെയുള്ള ഒരു മികച്ച കവി ഇതിലെ ദൃശ്യഭംഗിയും വൈകാരികതയും മലയാള കവിതയുടെ ഭാവുകത്വത്തിലേക്ക് മാറ്റുമ്പോള്‍ അതൊരു പുതിയ കാവ്യാനുഭവമായി മാറുന്നു.

പണ്ട് സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചത് കുമാരനാശാനാണ്. ഇത്രയും വലിയ കവിയായിട്ട് കൂടി അദ്ദേഹത്തിന്റെ പരിഭാഷയെ പലരും വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയോടെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈ വെല്ലുവിളി ഏറ്റെടുത്തത്.

പച്ചമലയാളത്തിലേക്ക് ശങ്കരാചാര്യരുടെ 100 സംസ്‌കൃത ശ്ലോകങ്ങളുള്ള ചിന്തയെ പരിവര്‍ത്തിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ്. ഏറ്റവും വിചിത്രം ചുള്ളിക്കാട് ഒരു സംസ്‌കൃത പണ്ഡിതന്‍ അല്ല എന്നതാണ്. സ്വന്തം പരിശ്രമത്തിലൂടെ സംസ്‌കൃത സാഹിത്യത്തിലും ദര്‍ശനങ്ങളിലും അഗാധമായ ജ്ഞാനം നേടിയ വ്യക്തിയാണ് അദ്ദേഹം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലാണ് അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കിയത്.ഭാരതീയ ഇതിഹാസങ്ങളിലും, പുരാണങ്ങളിലും, ക്ലാസിക് സംസ്‌കൃത കാവ്യശാസ്ത്രങ്ങളിലും ചുള്ളിക്കാടിന് വളരെ വലിയ അറിവുണ്ട്. ഈ അറിവ് അദ്ദേഹം കോളേജ് കാലഘട്ടം മുതല്‍ ആരംഭിച്ച വിപുലമായ വായനയിലൂടെയും സ്വയം പഠനത്തിലൂടെയും നേടിയെടുത്തതാണ്. ചുള്ളിക്കാടിന്റെ പ്രശസ്തമായ പല കവിതകളിലും ഉദാഹരണത്തിന് ‘ആനന്ദധാര’, ‘സന്ദര്‍ശനം’ തുടങ്ങിയവ സംസ്‌കൃത പദങ്ങളുടെ അസാധാരണവും ശക്തവുമായ പ്രയോഗങ്ങള്‍ കാണാം. എഴുത്തച്ഛന്റെ കാവ്യവഴിയെ പിന്തുടരുന്ന പാരമ്പര്യത്തിന്റെ താളവും ശ്രുതിയും തന്റെ കവിതകളില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഈ സംസ്‌കൃത പരിജ്ഞാനം കൊണ്ടാണ്. ഇത്തരത്തിലുള്ള ഒരാള്‍ ഇതുപോലെ ഒരു തര്‍ജ്ജമ ഏറ്റെടുക്കുന്നത് സാഹിത്യ കുതുകികളെ ആവേശത്തിലാക്കിയിട്ടുണ്ട്. അതിനിടയിലാണ് വിവാദം വരുന്നത്.

ആദ്യകാലത്ത് നക്സല്‍ അനുഭാവിയായ കവിയായി അറിയപ്പെട്ടിരുന്ന ചുള്ളിക്കാട് ക്രമേണെ, വിപ്ലവ പ്രസ്ഥാനത്തോട് വിടപറയുകയായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ മതം മാറ്റവും വിവാദമായിരുന്നു. 2000 ഫെബ്രുവരിയില്‍ ബീഹാറിലെ ബുദ്ധഗയയില്‍ വെച്ചാണ് ചുള്ളിക്കാട് ഔദ്യോഗികമായി ബുദ്ധമതം സ്വീകരിച്ചത്. അദ്ദേഹം ഇതിനെ ഹിന്ദുമതത്തില്‍ നിന്നുള്ള ഒരു മതപരിവര്‍ത്തനം ആയിട്ടല്ല, മറിച്ച് ബുദ്ധദര്‍ശനങ്ങളെ ആശ്ലേഷിക്കല്‍ ആയിട്ടാണ് വിശേഷിപ്പിച്ചത്.ജാതിവ്യവസ്ഥയോടും ചാതുര്‍വര്‍ണ്യത്തോടുമുള്ള എതിര്‍പ്പ്ഹിന്ദുമതത്തിലെ ജാതിചിന്തയും സാമൂഹിക ഘടനയുമാണ് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അസ്വസ്ഥനാക്കിയത്.ഹിന്ദുമതത്തില്‍ ഒരാളുടെ വില നിശ്ചയിക്കുന്നത് അവന്‍ ജനിച്ച കുടുംബത്തിന്റെ പശ്ചാത്തലത്തിലാണെന്നും അത് മനുഷ്യസമത്വത്തിന് എതിരാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജാതിചിന്തയ്ക്കും ചാതുര്‍വര്‍ണ്യത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ ശ്രീബുദ്ധന്റെ മനുഷ്യസമത്വമെന്ന ആശയമാണ് അദ്ദേഹത്തെ ബുദ്ധമതത്തിലേക്ക് ആകര്‍ഷിച്ചത്.

എഴുത്തുകാരി മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യ ആയപ്പോള്‍ ചില തീവ്ര ഹൈന്ദവ സംഘടനകളില്‍ നിന്ന് അവര്‍ക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍-വ്യക്തിഹത്യകളും അധിക്ഷേപങ്ങളും ഉണ്ടായി. അന്ന് കമല സുരയ്യയെ പിന്തുണച്ചതിന്റെ പേരില്‍ ചുള്ളിക്കാടിനും ഭീഷണികള്‍ നേരിടേണ്ടി വന്നു. ഇതു അദ്ദേഹത്തിന്റെ ബുദ്ധമതത്തിലേക്കുള്ള മാറ്റത്തില്‍ പ്രധാന ഘടകമായി പ്രവര്‍ത്തിച്ചിരുന്നു.എന്തായാലും ഹിന്ദുത്വത്തെക്കെതിരെ നിരന്തരം പ്രവര്‍ത്തിച്ച അദ്ദേഹത്തിന് തന്നെ ഒടുവില്‍ ഹിന്ദു ചാപ്പ കിട്ടിയിരിക്കയാണ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...