കേരള വാർത്തകൗതുകങ്ങൾസിനിമ

പ്രേക്ഷക ഹൃദയം കീഴടക്കി ചിദംബരം സിനിമ ‘ ബാലൻ -ദി ബോയ്’ (Review)

മലയാളത്തിലെ ആദ്യ ശബ്ദചിത്രമായിരുന്നു ‘ബാലൻ’ ഇതുവരെ. എന്നാൽ ഇനി മുതൽ അത് മലയാളസിനിമയിലെ നവയുഗസംവിധായകരിൽ ഒരാളായ ചിദംബരം എന്ന യുവപ്രതിഭയുടെ കയ്യൊപ്പ് ചാർത്തിയ പുതിയ സിനിമ കൂടിയാണ്. പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങൾ എത്തുന്ന ‘ബാലൻ’ സാധാരണ കാഴ്ചക്കാരെയും വിശിഷ്യാ ‘സിനിമാപ്രാന്തന്മാരെയും’ പിടിച്ചിരുത്തുന്ന ചലച്ചിത്രാനുഭവമാണ്.

ഭുമിക്കു ചുറ്റും സൂര്യൻ കറങ്ങുന്നതു പോലെ ഒരമ്മയ്ക്കും മകനും ചുറ്റും കറങ്ങുകയാണ് ‘ബാലൻ’ എപ്പോഴും. ആ അമ്മയോ മകനോ ഇല്ലാത്ത സീനുകൾ സിനിമയിൽ സിനിമയിലില്ല. ആരംഭം മുതൽ അവസാനം വരെ ആ അമ്മയ്ക്കും മകനും ഒപ്പം അദൃശ്യനാ‌യി താനും സഞ്ചരിക്കുന്നുവെന്ന തോന്നൽ പ്രേക്ഷകനുണ്ടാകും. ‘ബാലൻ’ എന്ന പേരിനെക്കാൾ ‘മകൻ’ എന്ന പേരല്ലേ കൂടുതൽ യോജിക്കുകയെന്ന് അവൻ ചിന്തിച്ചാൽ അദ്ഭുതപ്പെടാനാവില്ല.

ഇമോഷനും ത്രില്ലും സമാസമം കൂട്ടിച്ചേർത്തതാണ് സിനിമയുടെ ആദ്യ പകുതി. ആ അമ്മയുടെയും മകന്റെയും സ്നേഹച്ചൂടിൽ അലിയുന്നതിനൊപ്പം അവരുടെ കഥ എന്താണെന്ന് മനസ്സിലാക്കാനുള്ള വ്യഗ്രത കൂടി പ്രേക്ഷകനുണ്ടാകും. അലഞ്ഞു തിരിയുന്ന അമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് എത്തുന്ന നിരവധിയായ കഥാപാത്രങ്ങൾ സിനിമയെ മുന്നോട്ടു ചലിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഡാർക്ക് ആൻഡ് ഡ്രൈ ആയ കഥാപശ്ചാത്തലത്തെ ഉത്തേജിപ്പിക്കാൻ അമ്മൂമ്മയുടേതു പോലുള്ള ചില കഥാപാത്രങ്ങൾക്കായി. ആ അമ്മയ്ക്കും മകനും മാത്രമറിാവുന്ന അവരിരുവർക്കുമിടയിൽ സംഭവിച്ച നിഗൂഢതകളെ അതിന്റെ പരമസ്ഥായിയിൽ‍ എത്തിച്ചാണ് ആദ്യ പകുതി അവസാനിക്കുന്നത്.

സങ്കീർണമെന്ന് തോന്നിപ്പിച്ചേക്കാവുന്ന ചില ഭാഗങ്ങളിലേക്കാണ് പിന്നീട് സിനിമ പോകുന്നത്. എന്നാൽ ആദ്യ പകുതി തന്ന കിക്ക് രണ്ടാം പകുതിയിൽ അത്ര അനുഭവപ്പെടില്ല. പക്ഷേ ക്ലൈമാക്സിലേക്കെത്തുമ്പോൾ ചെറിയ ട്വിസ്റ്റുകളും ത്രില്ലുമൊക്കെയായി സിനിമ വീണ്ടും ട്രാക്കിലേക്കെത്തും. ഗസ്റ്റ് റോളിൽ എത്തിയ താരത്തിന്റെ കഥാപാത്രത്തിന് പ്രതീക്ഷിച്ച ഇംപാക്റ്റ് ഉണ്ടാക്കാനായോ എന്നത് സംശയമാണ്.

അദിശേഷൻ, ഫർസാന, സിനാൻ എന്നീ പുതുമുഖങ്ങളുടെ പ്രകടനമാണ് സിനിമയുടെ കരുത്ത്. പുതുമുഖങ്ങളുടെ പരിഭ്രമങ്ങളില്ലാതെ പ്രതിഭാധനരെപ്പോലെ അവർ മൂവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. സിനിമ ഇവർക്കു ചുറ്റും വലം വച്ചപ്പോൾ പല ഘട്ടങ്ങളിലായി കണ്ടു പരിചയിച്ച മുഖങ്ങളും ഒപ്പം എത്തി. ടൊവീനോ, ജീൻ പോൾ ലാൽ, ബീന ആന്റണി തുടങ്ങിയവരെല്ലാം മികച്ച പ്രകടനം നടത്തി.

സുഷിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഫ്രെയിമുകളുമാണ് സിനിമയുടെ അത്മാവ്. ഒന്ന് ഒന്നിനോട് അലിഞ്ഞു കിടക്കുന്ന പ്രതീതി. പല ഘട്ടങ്ങളിലും പ്രേക്ഷകനും അതിനൊപ്പം ചേരുന്നു. വിവേക് ഹർഷന്റെ എഡിറ്റിങ്ങും സിനിമയ്ക്ക് യോജിച്ചതായി. അജയൻ ചാലിശ്ശേരിയുടെ കലാസംവിധാനവും എടുത്തു പറയേണ്ടതാണ്.

ചിദംബരം എന്ന സംവിധായകൻ തന്റെ പ്രതിഭയുടെ മൂല്യം എത്രത്തോളമെന്ന് വിളിച്ചു പറയുന്നുണ്ട് ഇൗ ചിത്രത്തിലൂടെ. ജാനേ മൻ പോലെയല്ലാത്ത മഞ്ഞുമ്മൽ‍ ബോയ്സ് പോലെ ഒട്ടും അല്ലാത്ത എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മറ്റൊരു കഥ പറച്ചിൽ രീതി. വരും ദിവസങ്ങളിൽ ആദ്യ മൂന്നു സിനിമയും വിജയിപ്പിച്ച സംവിധായകൻ എന്ന അധികമാർക്കും അവകാശപ്പെടാനില്ലാത്ത നേട്ടവും ചിദംബരത്തെ തേടിയെത്തിയേക്കാം. ‘ബാലൻ’ പിച്ച വച്ച് വിജയത്തിലേക്ക് കുതിക്കട്ട…നൂറു ശതമാനം വിജയത്തോടെ മലയാള സിനിമയുടെ നെറുകിലേക്ക് ചിദംബരം എത്തട്ടെ…

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...