ബ്ലൂംഫീൽഡ്: പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനും കണക്റ്റിക്കട്ട് സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററിലെ മുൻ ചീഫ് സർജനുമായിരുന്ന ഡോ. സുരേന്ദ്ര കെ. ചൗള (84) ബ്ലൂംഫീൽഡിലെ വസതിയിൽ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ജൂൺ 12-നായിരുന്നു അന്ത്യം. 20 ന് ശനിയാഴ്ച രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ വിൻഡ്സറിലെ കാർമൺ വിൻഡ്സർ ഫ്യൂണറൽ ഹോമിൽ (Carmon Windsor Funeral Home, 807 Bloomfield Ave., Windsor, CT 06095) പൊതുദർശനം .
റോച്ചസ്റ്റർ, ചിക്കാഗോ, ഹാർട്ട്ഫോർഡ് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ച ഡോ. സുരേന്ദ്ര കെ. ചൗള, കണക്റ്റിക്കട്ടിലെ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററിൽ 40 വർഷത്തോളം കാർഡിയാക് സർജനായി 10,000-ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾക്ക് വിജയകരമായി നേതൃത്വം നൽകി. ആശുപത്രിയുടെ പ്രശസ്തമായ കാർഡിയാക് വിഭാഗത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ചു. കണക്റ്റിക്കട്ടിലെ മികച്ച ഡോക്ടർമാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട അദ്ദേഹം 2019-ൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും നേടി.
അവിഭക്ത ഇന്ത്യയിലെ മോണ്ട്ഗോമറി ജില്ലയിൽ ദാര്യദത്ത ചൗളയുടെയും പാർബതി ദേവിയുടെയും മകനായിട്ടായിരുന്നു ഡോ. സുരേന്ദ്ര കെ. ചൗളയുടെ ജനനം. 1947-ലെ ഇന്ത്യയുടെ വിഭജനകാലത്ത് സ്വന്തം നാടുവിട്ട് കുടിയേറേണ്ടി വന്ന 14 മില്യൺ ആളുകളിൽ ഒരാളായിരുന്നു സുരേന്ദ്ര ചൗള. അന്ന് അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. തുടർന്ന് ന്യൂഡൽഹിയിൽ തന്റെ 5 സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം പുതിയ ജീവിതം കെട്ടിപ്പടുത്തു .
പഠനകാലത്ത് വൈദ്യശാസ്ത്ര രംഗത്തോടുള്ള അടങ്ങാത്ത താല്പര്യമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഡൽഹിയിലെ പ്രശസ്തമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (AIIMS) നിന്ന് ബിരുദം നേടിയ ശേഷം 1969-ലാണ് അദ്ദേഹം സർജിക്കൽ റെസിഡൻസിക്കായി അമേരിക്കയിലേക്ക് കുടിയേറിയത്. 1971-ൽ ഇന്ത്യയിൽ തിരിച്ചെത്തി. ഈ സമയത്തായിരുന്നു രഞ്ജനയുമായി വിവാഹം. വിവാഹ ശേഷം ഭാര്യയ്ക്കൊപ്പം അമേരിക്കയിലേക്ക് മടങ്ങി.
ഭാര്യ രഞ്ജന ചൗള, മകൻ സുജിത് ചൗള (ന്യൂയോർക്ക്), മകൾ സരിക ചൗള (ആർഡ്സ്ലി, ന്യൂയോർക്ക്) കൊച്ചുമക്കൾ കാൽവിൻ, ലീല റിഗ്ബി (ആർഡ്സ്ലി) എന്നിവരടങ്ങുന്നതാണ് കുടുംബം.
വൈദ്യസേവനത്തിനൊപ്പം യാത്രകളെയും ഫോട്ടോഗ്രഫിയെയും സ്പോർട്സിനെയും ഏറെ സ്നേഹിച്ചിരുന്നു ഡോ. ചൗള. അദ്ദേഹവും ഭാര്യ രഞ്ജനയും ഹാർട്ട്ഫോർഡ് വേലേഴ്‌സ് (Hartford Whalers) ടീമിന്റെയും, പിന്നീട് യു കോൺ ഹസ്കീസ് (UConn Huskies)ന്റെയും കടുത്ത ആരാധകരായിരുന്നു. എല്ലാ സീസണുകളിലും അവർ ഈ ടീമുകളെ പിന്തുണച്ചിരുന്നു . വിരുന്നുകൾ ഒരുക്കിയും, കണക്റ്റിക്കട്ട് തീരങ്ങളിൽ വാരാന്ത്യങ്ങൾ ചിലവഴിച്ചും, ദീർഘദൂര യാത്രകൾ നടത്തിയും ആളുകളോടൊപ്പം സമയം ചിലവഴിക്കാൻ അവർ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കഴിഞ്ഞ നാല് വർഷങ്ങളിലും ഡോ. ചൗള കുടുംബത്തോടൊപ്പം സജീവമായി യാത്രകൾ ചെയ്യുകയും ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. അവസാന ദിവസങ്ങളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുകയും പിന്തുണ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഓങ്കോളജിസ്റ്റ് ഡോ. അലെസിയ ഡൊനാഡിയോയും ഹോസ്പിസ് സംഘവും നൽകിയ പരിചരണത്തിന് കുടുംബം നന്ദി അറിയിച്ചു.
ഡോ. സുരേന്ദ്ര കെ. ചൗളയുടെ ഭൗതികശരീരം ജൂൺ 20 ശനിയാഴ്ച രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ വിൻഡ്സറിലെ കാർമൺ വിൻഡ്സർ ഫ്യൂണറൽ ഹോമിൽ (Carmon Windsor Funeral Home, 807 Bloomfield Ave., Windsor, CT 06095) പൊതുദർശനത്തിന് വെക്കും.
പുഷ്പചക്രങ്ങൾക്ക് പകരം പരേതനോടുള്ള ആദരസൂചകമായി താഴെ പറയുന്ന ചാരിറ്റി സംഘടനകളിലേക്ക് സംഭാവനകൾ നൽകാമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു:
Saint Francis Foundation (95 Woodland St., 2nd FL, Hartford, CT 06105 |
SaintFrancisDonor.com )
House of Bread (27 Chestnut St., Hartford, CT 06120 | HObread.org)
പരേതന്റെ ഓർമയ്ക്കായി മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ദയവായി ‘സിംപതി സ്റ്റോർ’ (Sympathy Store) സന്ദർശിക്കുക.






Leave a comment