ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഭൂചലനത്തില്‍ വിവിധ നഗരങ്ങളിലെ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയും ചെയ്തു.
അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കകമാണ് ഈ ദുരന്തമുണ്ടായത്. ഇതോടെ പുതിയ സര്‍ക്കാര്‍ വലിയൊരു പ്രതിസന്ധിയെയാണ് നേരിടുന്നത്. ജൂണില്‍ അയല്‍രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ഭീതിജനകമായ ഓര്‍മ്മകള്‍ മാറും മുന്‍പാണ് വീണ്ടും ദുരന്തമെത്തുന്നത്.
യു.എസ് ജിയോളജിക്കല്‍ സര്‍വേ നല്‍കുന്ന വിവരമനുസരിച്ച്, ജനവാസ മേഖല കുറഞ്ഞ ചോക്കോ പ്രവിശ്യയിലെ സാന്‍ ജോസ് ഡെല്‍ പാല്‍മറിന് (San Jose del Palmar) സമീപം ഉപരിതലത്തില്‍ നിന്ന് 107 കിലോമീറ്റര്‍ ആഴത്തിലാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കൊളംബിയയുടെ പസഫിക് തീരത്താണ് പ്രഭവകേന്ദ്രമെങ്കിലും രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളില്‍ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.
‘വന്‍തോതിലുള്ള ജീവഹാനിക്കും വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്,’ എന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് കൊളംബിയന്‍ ജിയോളജിക്കല്‍ സര്‍വീസ് ഡയറക്ടര്‍ വ്യക്തമാക്കി. രണ്ട് തുടര്‍ച്ചലനങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടര്‍ ജൂലിയോ ഫിയറോ മൊറേല്‍സ് പറഞ്ഞു. 2.8, 4.8 എന്നിങ്ങനെയാണ് ഇവയുടെ തീവ്രത. ഇതില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ചലനം പലയിടങ്ങളിലും ശക്തമായി അനുഭവപ്പെട്ടു.
പടിഞ്ഞാറന്‍ കൊളംബിയ സബ്ഡക്ഷന്‍ സോണില്‍ (subduction zone) സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടെ ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതെന്ന് ഫിയറോ മൊറേല്‍സ് വ്യക്തമാക്കി. ഒരു ടെക്‌റ്റോണിക് പ്ലേറ്റ് മറ്റൊന്നിന് അടിയിലേക്ക് നീങ്ങുന്ന മേഖലയാണിത്. മുന്‍പും വലിയ ഭൂകമ്പങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണിത്. 1979 നവംബര്‍ 23-ന് ഉണ്ടായ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പെരേര, കാലി (Cali), ക്വിബ്ദോ (Quibdo) എന്നീ നഗരങ്ങളില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ബൊഗോട്ടയ്ക്ക് 300 കിലോമീറ്റര്‍ പടിഞ്ഞാറുള്ള മാനിസാലെസ് (Manizales) നഗരത്തിലെ നവ-ഗോഥിക് (neo-Gothic) കത്തീഡ്രലിന്റെ ഒരു ഗോപുരം തകര്‍ന്നു വീണു.
മധ്യ, പടിഞ്ഞാറന്‍ കൊളംബിയയില്‍ ചെറിയ ഭൂചലനങ്ങള്‍ സാധാരണയാണെങ്കിലും 6.0-ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്നവ അപൂര്‍വ്വമാണ്. മുന്‍പ് അര്‍മേനിയ നഗരത്തിനു സമീപം 6.2 തീവ്രതയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ദുരന്തത്തിന് പിന്നാലെ, സാന്‍ ജോസ് ഡെല്‍ പാല്‍മറിലെ എമര്‍ജന്‍സി പ്രവര്‍ത്തനങ്ങളുടെ ചുമതല താന്‍ നേരിട്ട് ഏറ്റെടുത്തതായി കൊളംബിയന്‍ പ്രസിഡന്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല തിങ്കളാഴ്ച അറിയിച്ചു. ‘നിങ്ങള്‍ ഒറ്റയ്ക്കല്ല, സര്‍ക്കാര്‍ ഒപ്പമുണ്ട്, ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്,’ എന്ന് അദ്ദേഹം വ്യക്തമാക്കി.
കാലിയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണു
അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തുടങ്ങിയതോടെയാണ് ഭൂകമ്പത്തിന്റെ ആഘാതം വ്യക്തമായത്. കാലി (Cali) നഗരത്തില്‍ മാത്രം കുറഞ്ഞത് 20 കെട്ടിടങ്ങളെങ്കിലും തകര്‍ന്നു വീണിട്ടുണ്ടെന്നും ഇതിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മേയര്‍ അലെഹാന്ദ്രോ ഈഡര്‍ പറഞ്ഞു.
‘കാലിയില്‍ മാത്രം നിലവില്‍ 20-ഓളം കെട്ടിടങ്ങള്‍ തകരുകയും ആളുകള്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ട്. എല്ലാ രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. ബൊഗോട്ട, മെഡെലിന്‍ നഗരങ്ങളിലെ മേയര്‍മാരോട് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അയക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
‘പൊതുജനങ്ങള്‍ ശാന്തരായിരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കെട്ടിടങ്ങള്‍ക്ക് വലിയ വിള്ളലുകളോ മറ്റ് കേടുപാടുകളോ ഉണ്ടോയെന്ന് പരിശോധിക്കുക. സുരക്ഷിതമല്ലെന്ന് തോന്നുകയാണെങ്കില്‍ ദയവായി കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചോക്കോ പ്രവിശ്യയുടെ തലസ്ഥാനമായ ക്വിബ്ദോയില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി ഗവര്‍ണര്‍ നുബിയ കരോളിന കോര്‍ഡോബ-കുറി മുന്‍പ് അറിയിച്ചിരുന്നു. തുടര്‍ച്ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ അവര്‍, നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് വ്യക്തമാക്കി.
‘ചോക്കോയില്‍ വന്‍ ഭൂകമ്പമാണ് അനുഭവപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചലനങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. പ്രഭവകേന്ദ്രം സാന്‍ ജോസ് ഡെല്‍ പാല്‍മറിന് സമീപമായിരുന്നെങ്കിലും ക്വിബ്ദോയില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ഔദ്യോഗിക റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും,’ ഗവര്‍ണര്‍ ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
ഭൂകമ്പത്തെ തുടര്‍ന്ന് കൊളംബിയയിലെ വിമാന സര്‍വീസുകളും തടസ്സപ്പെട്ടു. പെരേര, മാനിസാലെസ്, ക്വിബ്ദോ, അര്‍മേനിയ, കാര്‍ത്താഗോ, ബ്യൂണവെഞ്ചുറ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ടെര്‍മിനലുകള്‍ യാത്രക്കാര്‍ക്കും വിമാനങ്ങള്‍ക്കും സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഇവിടെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൊളംബിയയിലെ നാഷണല്‍ യൂണിറ്റ് ഫോര്‍ ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരികയാണ്. എന്നാല്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ കാര്യമായ നാശനഷ്ടങ്ങളില്ലെന്ന് മേയര്‍ കാര്‍ലോസ് ഗലാന്‍ പറഞ്ഞു.
വെനസ്വേലയിലും പ്രകമ്പനം
അയല്‍രാജ്യമായ വെനസ്വേലയിലും പ്രകമ്പനം അനുഭവപ്പെട്ടു. കൊളംബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടാച്ചിറ (ഠമരവശൃമ) സംസ്ഥാനത്തും, മധ്യ-പടിഞ്ഞാറന്‍ നഗരമായ ബാര്‍ക്വിസിമെറ്റോയിലും (ആമൃൂൗശശൊലീേ) പ്രകമ്പനം അനുഭവപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജൂണിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ 6,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വെനസ്വേലയില്‍ വീണ്ടും പ്രകമ്പനം അനുഭവപ്പെടുന്നത്. അന്ന് തലസ്ഥാനമായ കാരക്കസിന് സമീപമുള്ള തീരദേശത്തായിരുന്നു ഭൂരിഭാഗം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
കൊളംബിയയിലെ ഭൂകമ്പ സാധ്യത
തെക്കേ അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് കൊളംബിയ. ടെക്‌റ്റോണിക് പ്ലേറ്റുകളുടെ അതിര്‍ത്തികള്‍ക്കും പ്രധാന റിഫ്റ്റ് നിരകള്‍ക്കും സമീപമുള്ള സ്ഥാനം കാരണം രാജ്യത്ത് എപ്പോഴും ഭൂകമ്പ സാധ്യത നിലനില്‍ക്കുന്നു. ആന്‍ഡിയന്‍ പ്രദേശം, ഈസ്റ്റേണ്‍ കോര്‍ഡില്ലെറയുടെ കിഴക്കന്‍ മലനിരകള്‍, പസഫിക് പ്രദേശം എന്നിവിടങ്ങളിലായി നൂറിലധികം നാശകാരികളായ ഭൂകമ്പങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് കൊളംബിയന്‍ ജിയോളജിക്കല്‍ സര്‍വീസ് വ്യക്തമാക്കുന്നു.
1979-ല്‍ തെക്കുപടിഞ്ഞാറന്‍ കൊളംബിയയിലെ ടുമാകോയ്ക്ക് സമീപമുണ്ടായ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് രാജ്യത്തെ ഏറ്റവും വിനാശകരമായ ദുരന്തങ്ങളിലൊന്ന്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പ്രദേശത്ത് പുരോഗമിക്കുകയാണ്.





