ഓർമ്മച്ചെപ്പ്കൗതുകങ്ങൾസിനിമ

അനേകം സിനിമകളിലെ നായകൻ കോടികൾ സമ്പാദ്യം; അവസാനം ഒറ്റപ്പെട്ട് വൃദ്ധസദനത്തിൽ ! എന്താണ് സത്യം ? ആലപ്പി അഷ്റഫ് പറയുന്നു

പഴയകാല നടന്‍ മോഹൻ ശർമയെക്കുറിച്ചുള്ള ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. മലയാള സിനിമയുടെ വസന്തത്തിൽ വിടർന്നുനിന്ന് പരിമളം പരത്തിയ ഒരു പുഷ്പമായിരുന്നു നടൻ മോഹൻ ശർമെയന്നു ഇന്ന് അദ്ദേഹം തന്നെ പാടി അഭിനയിച്ച വീണ പൂവിന്റെ അവസ്ഥയിലാണെന്നും അഷ്റഫ് പറയുന്നു. മോഹന്റെ മകൻ ജർമനിയിൽ 10 ലക്ഷത്തോളം ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ഒരാളാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെയൊരവസ്ഥയിൽ അച്ഛനെ സഹായിക്കാൻ എത്താതെന്ന് അറിയില്ലെന്നും അഷ്റഫ് വെളിപ്പെടുത്തി.

‘‘തലയിണയോളം നമ്മുടെ ഭാരം പേറുന്ന ചുമലുകൾ ഉണ്ടാകില്ല. കണ്ണീരോളം വേഗതയിൽ ഓടിയെത്തുന്ന കൂട്ടുകാരും ഉണ്ടാകില്ല. കൂടെ നടക്കാൻ ദുഃഖങ്ങളോളം ചുവടുകൾ ഉറച്ച കാലുകളും ഉണ്ടാകില്ല. കൂട്ടിരിക്കാൻ ഏകാന്തതയോളം ക്ഷമയുള്ള അടുപ്പക്കാരും ഉണ്ടാകില്ല. കണ്ണ് നിറയുമ്പോൾ ഓടിച്ചെന്ന് ഒന്ന് കൂട്ടിപ്പിടിക്കാൻ, സങ്കടം പറഞ്ഞൊന്ന് കരയാൻ, മനസ്സ് തുറന്നൊന്ന് മിണ്ടാൻ പാകത്തിന് ഒരു മനുഷ്യൻ പോലുമില്ലാത്ത എത്രയോ ഘട്ടങ്ങളാണ് നമ്മുടെയൊക്കെ ജീവിതത്തിലൂടെ കടന്നുപോകുന്നത്. ഇന്ന് അങ്ങനെ ഒരു അവസ്ഥയിൽ എത്തപ്പെട്ട നടൻ മോഹൻ ശർമയുടെ ജീവിതയാത്രയിലൂടെ നമുക്കൊന്ന് കടന്നുചെല്ലാം.

മലയാള സിനിമയുടെ വസന്തത്തിൽ വിടർന്നുനിന്ന് പരിമളം പരത്തിയ ഒരു പുഷ്പമായിരുന്നു നടൻ മോഹൻ ശർമ. ഇന്ന് അദ്ദേഹം തന്നെ പാടി അഭിനയിച്ച വീണ പൂവിന്റെ അവസ്ഥയിലാണ്. ‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’ എന്ന ചിത്രത്തിലെ പാട്ടാണത്. മോഹന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ അദ്ദേഹവും ജീവിക്കാൻ മറന്നുപോയ ആളാണോ എന്ന് തോന്നിപ്പോവുകയാണ്. ഇന്നിപ്പോൾ മോഹൻ ശർമയെക്കുറിച്ചും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അറിയാത്തവരും കേൾക്കാത്തവരും ചുരുക്കമാണ്. അദ്ദേഹം ഇന്ന് തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ നന്തിയാമ്പക്കത്തുള്ള വൃദ്ധസേവാ സദനത്തിലെ അന്തേവാസിയാണ്.

മലയാള സിനിമയിലെ അന്തരിച്ച നടൻ ടി.പി. മാധവനും അവസാന കാലഘട്ടത്തിൽ കഴിഞ്ഞിരുന്നത് പത്തനാപുരത്തെ ഗാന്ധി ഭവനിലായിരുന്നു. ടി.പി. മാധവന് ഒരു മകനുണ്ടായിരുന്നു. അദ്ദേഹം പ്രശസ്തനും ധനികനുമായിരുന്നു. അതുപോലെതന്നെ മോഹൻ ശർമയ്ക്കും ഒരു മകനുണ്ട്. അദ്ദേഹം ജർമനിയിൽ 10 ലക്ഷത്തോളം ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ഒരാളാണ്. ടി.പി. മാധവനും മോഹനും ഇവർ രണ്ടുപേരും തങ്ങളുടെ മക്കളെ തള്ളിപ്പറഞ്ഞിട്ടില്ല. ടി.പി. മാധവനെ സംബന്ധിച്ച് പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ സുവർണ കാലഘട്ടത്തിൽ തന്റെ മകന്റെ വിദ്യാഭ്യാസത്തിനോ വളർച്ചക്കോ ഉയർച്ചക്കോ വേണ്ടി ഒരു സഹായവും ചെയ്തിരുന്നില്ല. അദ്ദേഹം തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. അത് അദ്ദേഹം തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്.

എന്നാൽ മോഹനെ സംബന്ധിച്ചിടത്തോളം തന്റെ മകനെ മാത്രമല്ല തന്റെ ആദ്യ ഭാര്യയുടെ മകളെയും പോറ്റി വളർത്തി സംരക്ഷിച്ച ഒരു വലിയ മനസ്സിന്റെ ഉടമയാണ്. ഇക്കാര്യമൊന്നും മോഹൻ ഒരിക്കലും പറഞ്ഞിട്ടില്ല. ആദ്യ ഭാര്യയായ നടി ലക്ഷ്മിയുടെ മകൾ ഐശ്വര്യ വെളിപ്പെടുത്തിയ കാര്യമാണിത്. ലക്ഷ്മി അഭിനയിക്കാൻ പോകുമ്പോൾ അവരുടെ ആദ്യ വിവാഹത്തിലെ മകളായ ഐശ്വര്യയെ നോക്കി വീട്ടിൽ കഴിഞ്ഞിരുന്ന കാലവും മോഹനുണ്ട്. എന്റെ കോളജ് പഠനകാലത്ത് ഞങ്ങളൊക്കെ ആരാധനയോടെ നോക്കിക്കണ്ടിരുന്ന നടനായിരുന്നു മോഹൻ. അന്നൊക്കെ മോഹൻ അഭിനയിക്കുന്ന ഒരു പടം പോലും ഞങ്ങൾ കാണാതിരിക്കില്ലായിരുന്നു. അക്കാലത്ത് ‘ചട്ടക്കാരി’യും ‘നെല്ലു’മൊക്കെ പല പ്രാവശ്യം ആവർത്തിച്ച് കണ്ടിരുന്നു.

‘കായലും കയറും’ എന്ന ചിത്രത്തിലെ ചിത്തിരതോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണെ ശരരാന്തൽ തിരിയാണോ മുകിലിൻ കുടിലിൽ തുടങ്ങി മോഹൻ പാടി അഭിനയിച്ചിരുന്ന പാട്ടുകൾ കേൾക്കുമ്പോൾ ഒരിക്കലും തിരികെ വരാത്ത യൗവനകാലത്തിലേക്ക് മനസ്സോടിയെത്തുകയാണ്. എനിക്ക് മോഹനെ പരിചയപ്പെടാൻ ആഗ്രഹമുണ്ടായിരുന്നു. അതിനൊരു അവസരവും എനിക്ക് കൈവന്നു. ഷാജി എം. സംവിധാനം ചെയ്ത ഷീല നായികയായി ആദ്യമായി അഭിനയിച്ച സീരിയലായിരുന്നു ‘വെളുത്ത കത്രീന’. അതിൽ നായകനായി അഭിനയിച്ചത് മോഹനായിരുന്നു. അതിലൊരു വില്ലൻ കഥാപാത്രത്തിന്റെ വേഷം ഞാനും ചെയ്തിരുന്നു. അങ്ങനെ എനിക്ക് അദ്ദേഹത്തെ നേരിൽ കാണാനും പരിചയപ്പെടാനും ഒക്കെ സാധിച്ചു.

പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത് ഭാഗ്യലക്ഷ്മിക്ക് ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മയുണ്ട്. അതിൽ അദ്ദേഹവും ഞാനുമൊക്കെ അംഗങ്ങളാണ്. അതിന്റെ ഒരു ഒത്തുചേരലിന് മൂന്ന് വർഷം മുമ്പ് അദ്ദേഹം എത്തിയിരുന്നു. അവിടെവെച്ചാണ് വീണ്ടും കാണുന്നത്. അന്ന് പക്ഷേ അദ്ദേഹത്തിന്റെ അവസ്ഥ പരിതാപകരമാണെന്നൊന്നും നമുക്കറിയില്ല. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടലും അതിലേറെ സങ്കടവും തോന്നി. ചെന്നൈയിലെ പോയസ് ഗാർഡനിൽ താമസിക്കുന്നവരെല്ലാം തന്നെ വലിയ ഉന്നതിയിലുള്ളവരും ആഡംബര ജീവിതം നയിക്കുന്നവരുമാണ്. ജയലളിതയും രജനികാന്തും ഒക്കെ താമസിക്കുന്ന ഇടമാണ്. അവിടെ 2500 സ്ക്വയർ ഫീറ്റുള്ള സ്വന്തമായ ഒരു ഫ്ലാറ്റ് മോഹനുണ്ടായിരുന്നു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ കുടുംബമൊത്തുള്ള വാസം. ‌‌

ജയലളിതയുമായി ഉണ്ടായിരുന്ന സൗഹൃദമാണ് ഇങ്ങനെ ഒരു ഫ്ലാറ്റ് അവിടെ വാങ്ങാനുള്ള കാരണം. ജയലളിതയുടെ നിർദ്ദേശപ്രകാരമാണ് ആ ഫ്ലാറ്റ് വാങ്ങിയതെന്ന് മോഹൻ പറയുന്നുണ്ട്. മോഹൻ ഇതൊക്കെ നഷ്ടപ്പെടുവാനുള്ള കാരണം അദ്ദേഹം നല്ല സിനിമയെ സ്നേഹിച്ചത് കൊണ്ട് മാത്രമാണ്. അല്ലാതെ കുടുംബജീവിതം തകർന്നതുകൊണ്ടോ വഴിപിഴച്ച ജീവിതം നയിച്ചത് കൊണ്ടോ ഒന്നുമല്ല. മദ്യപാനശീലമോ പുകവലിയോ ഒന്നുമില്ലാത്ത ഒരു മാന്യനായ വ്യക്തിയായിരുന്നു അദ്ദേഹം. മോഹൻ വിവിധ ഭാഷകളിലായി നൂറോളം ചിത്രങ്ങളിലാണ് നായകനായി അഭിനയിച്ചത്. ഏതാണ്ട് അമ്പതോളം ചിത്രങ്ങളിൽ പ്രതിനായകനായും മറ്റും അഭിനയിച്ചു. കൂടാതെ ഗായകനായും കഥയെഴുത്തുകാരനായും സംവിധായകനായും നിർമാതാവായും ഒക്കെ സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചു.

മോഹനും ബാലു മഹേന്ദ്രയും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠികളായിരുന്നു. പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹത്തിന് ക്യാമറാമാൻ ബാലു മഹേന്ദ്ര തന്നെയാണ് ‘നെല്ലി’ലും ‘ചട്ടക്കാരി’യിലും ഒക്കെ അവസരമൊരുക്കി കൊടുത്തത്. 1972 ൽ ‘പണിമുടക്ക്’, ‘ബ്രഹ്മചാരി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു എങ്കിലും അതൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ‘ചട്ടക്കാരി’യുടെ ഷൂട്ടിങ് ഷൊർണ്ണൂരിൽ നടക്കുമ്പോൾ തന്നെ ലക്ഷ്മിയും മോഹനും തമ്മിൽ പരസ്പരം പ്രണയത്തിലായിരുന്നു എന്നാണ് ആ ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായ മഞ്ഞിലാസ് ജോസ് പറയുന്നത്. ആ ചിത്രത്തിൽ മോഹൻ ലക്ഷ്മിയെ കോരിയെടുക്കുമ്പോൾ ഊർന്നു താഴേക്ക് വീഴുന്ന ഒരു രംഗമുണ്ടെന്നും അത് അഭിനയിച്ചപ്പോൾ അവർ തമ്മിലുള്ള ഇന്റിമസി അവിടെ ഉണ്ടായിരുന്നവർക്കെല്ലാം ബോധ്യപ്പെട്ടു എന്നാണ് ജോസ് പറയുന്നത്.

ഇവർ തമ്മിൽ വിവാഹിതരായെങ്കിലും ആ ദാമ്പത്യജീവിതം അധികനാൾ നീണ്ടുനിന്നില്ല. തമ്മിലുള്ള വിവാഹബന്ധം വേർപിരിയുമ്പോഴും അദ്ദേഹം മാന്യത കൈവിട്ടില്ല. പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ ചെളിവാരയെറിയാതെ ആ ജീവിതത്തിൽ നിന്നും സ്വയം പിൻവാങ്ങുകയാണ് ഉണ്ടായത്. പിരിയാനുള്ള കാരണം തിരക്കിയവരോട് അത് താനായി ഒരിക്കലും വെളിപ്പെടുത്തത്തില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ തന്റെ മാതാവിൽ നിന്നും മോഹൻ സഹിച്ചിട്ടുള്ള ദുരനുഭവങ്ങൾ ലക്ഷ്മിയുടെ മകൾ ഐശ്വര്യ പുറംലോകത്തോട് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

രണ്ടാം വിവാഹത്തിലാണ് അദ്ദേഹത്തിന് ഒരു മകനുള്ളത്. ആ ദാമ്പത്യബന്ധവും വേർപിരിഞ്ഞതായി പറയുന്നുണ്ടെങ്കിലും അതിന്റെയും കാരണങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. മകന്റെ കാര്യത്തിൽ അദ്ദേഹം പറയുന്നത് അവൻ ജർമനിയിലെ ജോലിയും ഉപേക്ഷിച്ച് എന്നെ നോക്കാൻ ഇവിടെ വന്നുനിൽക്കാൻ പറ്റുമോ എന്നാണ്. എന്നാൽ മരുന്നിനു പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലൂടെ കടന്നുപോകുന്ന തന്റെ പിതാവിന് സാമ്പത്തികമായി മരുന്നിനുള്ള പണമെങ്കിലും കൊടുത്ത് സഹായിക്കാത്തത് എന്താണെന്നുള്ള ചോദ്യം ഇവിടെ ബാക്കിനിൽക്കുകയാണ്. എന്നാൽ മോഹന്റെ അവസ്ഥ കേട്ടറിഞ്ഞ രജനികാന്ത് ഉൾപ്പെടെ പലരും അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതൊക്കെ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ മകനും അറിയാതിരിക്കുമോ?

പടമെടുത്ത് വീടും സ്ഥലവുമൊക്കെ നഷ്ടപ്പെടുത്തിയതിന്റെ നീരസം കൊണ്ടാകാം ഒരുപക്ഷേ മകൻ സാമ്പത്തികമായി സഹായമൊന്നും ചെയ്യാത്തത്. എന്തായാലും സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. ഒരു മകൻ എന്ന നിലയിൽ തന്റെ പിതാവിനെ സംരക്ഷിക്കുക എന്ന ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറുന്നത് ന്യായീകരിക്കാനാകാത്ത ഒരു കാര്യമാണ്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാതെ പിതാവിന്റെ അന്ത്യയാത്രയിൽ ചിതക്ക് മുമ്പിൽ വന്ന് അന്ത്യകർമം ചെയ്തുകൊണ്ട് പൊട്ടിക്കരയുന്നതിൽ അർഥമുണ്ടോ എന്ന് ചിന്തിക്കുക. ഇത്തരത്തിൽ ഒരു നേർക്കാഴ്ച ടി.പി. മാധവന്റെ കാര്യത്തിൽ നാം കണ്ടതാണ്. മോഹൻ നിർമാണവും സംവിധാനവും ചെയ്ത ഒരു ചിത്രമാണ് അദ്ദേഹത്തിന്റെ സാമ്പത്തിക അടിത്തറ ഇളകാൻ കാരണമായി പറയപ്പെടുന്നത്. ‘നമ്മ ഗ്രാമം’ എന്ന ചിത്രത്തിന് നാഷ്നൽ അവാർഡും സ്റ്റേറ്റ് അവാർഡുമൊക്കെ കിട്ടിയെങ്കിലും പടം തിയറ്ററിൽ വീണുറഞ്ഞു.

അദ്ദേഹത്തിന്റെ ജീവനും ജീവിതവും അനാഥാശ്രമത്തിൽ തള്ളപ്പെട്ടു. ജയലളിത തന്റെ പടത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് എടുത്ത് തന്നെ സാമ്പത്തികമായി സഹായിക്കാമെന്ന് ഏറ്റിരുന്നതാണ്. നിർഭാഗ്യം എന്ന് പറയട്ടെ അതിനുശേഷമാണവർ അസുഖബാധിതയായി മരണമടയുന്നത്. ഇപ്പോൾ അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായ വിജയിയെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ തന്റെ ഈ അവസ്ഥയിൽ നിന്നും കരകയറുവാൻ അദ്ദേഹം ഒരു കൈത്താങ്ങാകും എന്ന പ്രതീക്ഷയായിരിക്കാം ഉള്ളത്. അനാഥാശ്രമത്തിലാണെങ്കിൽ പോലും തീരെ മോശമല്ലാത്ത ഒരു ചുറ്റുപാടിലാണ് അദ്ദേഹം ഇന്ന് കഴിയുന്നത്. അദ്ദേഹത്തെ കാണാൻ ചെന്ന മലയാളം ചാനലുകാരോട് അദ്ദേഹം രണ്ടു വരി മലയാള ഗാനം പാടി.

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു ബിന്ദുവിൽ നിന്നും ബിന്ദുവിലേക്ക് പെൻഡുലമാടുന്നു. അദ്ദേഹം പറയുന്നു എന്റെ ജീവിതം പെൻഡുലം കണക്കെ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കുകയായിരുന്നു. തമിഴ് ചാനലുകാർക്കായി അദ്ദേഹം പാടിയത് നിനൈപ്പതെല്ലാം നടന്നു വിട്ടാൽ ദൈവം ഏതുമില്ലേ എന്ന ഗാനമായിരുന്നു. നമ്മൾ വിചാരിക്കുന്നതൊക്കെ നടന്നാൽ പിന്നെ ദൈവം എന്ന സങ്കൽപ്പമേ ഉണ്ടാകില്ല. ഇവിടെ മോഹൻ താൻ നേരിടുന്ന പ്രയാസങ്ങളെ എല്ലാം നോക്കിക്കാണുന്നത് ജീവിതത്തിന്റെ സ്വാഭാവിക പരിണാമമായിട്ടാണ്. മോഹന്റെ മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാകട്ടെ. സന്മനസ്സുള്ളവരുടെ സഹായം അദ്ദേഹത്തിന് ആശ്വാസം പകരട്ടെ എന്ന് ആശംസിച്ചുകൊണ്ടും പ്രാർഥിച്ചുകൊണ്ടും നിർത്തുന്നു. നന്ദി നമസ്കാരം.’’–ആലപ്പി അഷ്റഫിന്റെ വാക്കുകൾ.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...