അമേരിക്കൻ വാർത്തകൗതുകങ്ങൾ

സൃഷ്ടിയുടെ മഹത്വവും, നോഹയുടെ പെട്ടകവും തേടി കെന്റക്കിയിലേക്കൊരു വിനോദയാത്ര

ഉല്ലാസയാത്രകൾ പ്രായഭേദമെന്യേ എല്ലാവരും ഇഷ്ടപ്പെടുന്നതും, ആസ്വദിക്കുന്നതുമാണ്. പ്രത്യേകിച്ച് ഒരേ പ്രായത്തിലും, വൈബിലുമുള്ള കുറേ കൂട്ടുകാർ ഒരുമിച്ചുള്ള യാത്രകൾക്ക് മാധുര്യമേറൂം. യാത്ര പോകുന്ന സ്ഥലങ്ങൾ ചരിത്രപ്രസിദ്ധവും, നമ്മുടെ ആത്മീയ വിശ്വാസവുമായി ഇഴുകിചേർന്നു നിൽക്കുന്നതുമാണെങ്കിൽ മധുരം ഇരട്ടിയാകും. ഫിലാഡൽഫിയ സെ. തോമസ് സീറോമലബാർ ദേവാലയത്തിലെ സീനിയേഴ്സ് ഫോറം സംഘടിപ്പിച്ച  മൂന്നുദിവസത്തെ ഉല്ലാസപര്യടനം അതിൽ പങ്കെടുത്ത 29 പേരും നന്നായി ആസ്വദിച്ചു. 

മെയ് 28 മുതൽ 30 വരെ ജോയി കരുമത്തിയുടെ നേതൃത്വത്തിൽ കെന്റക്കിയിലെ വില്യംസ്ടൗൺ, പീറ്റേഴ്സ്ബർഗ്, ഒഹായോയിലെ സിൻസിന്നാറ്റി എന്നീ പട്ടണങ്ങളിലെ കാഴ്ച്ചകളും, ഒഹായോ നദിയിലൂടെയുള്ള കുളിർമ്മനൽകുന്ന ബോട്ടുയാത്രയും സംഘാംഗങ്ങൾക്ക് അത്ഭുതവും, ആനന്ദവും നൽകി. കുറെ നാളായി മനസിൽ കൊണ്ടുനടന്ന സ്വപ്നങ്ങളുടെ സാഫല്യമായിരുന്നു പലരെ സംബന്ധിച്ചും ഇൗ യാത്ര. കെന്റക്കി എന്ന പേരു കേൾക്കുമ്പോൾ മനസിൽ ആദ്യം ഒാടിവരുന്നത് കെന്റക്കി ഫൈ്രഡ് ചിക്കനും, പ്രശസ്തമായ കെന്റക്കി ഡർബി കുതിരയോട്ടമൽസരങ്ങളും, ഒാജസും, ആകാരഭംഗിയും ഒത്തുചേർന്ന കുതിരകളുടെ ഹബ്ബും, ലോകപ്രശസ്തമായ ബോർബൺ വിസ്കിയുമൊക്കെയാണു. 

മുൻ അമേരിക്കൻ പ്രസിഡന്റുമാരായ എബ്രാഹം ലിങ്കൺ, ജഫേഴ്സൺ ഡേവിസ്, ബോക്സിംഗ് ഇതിഹാസം മുഹമ്മദാലി എന്നിവരുടെ  ജന്മസ്ഥലം, ലോകത്തിലെ തന്നെ ഏറ്റവും വലിയ ബേസ്ബോൾ ബാറ്റ് സ്ഥിതിചെയ്യുന്ന ലൂയിവിൽ ഇവയെല്ലാം കെന്റക്കിയിലാണ്. ഇതിനെല്ലാറ്റിനുമുപരി ആധുനിക കെന്റക്കിയുടെ ഭൂപടത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്താവുന്ന രണ്ടു മഹാ സംഭവങ്ങൾ ബ്ലൂഗ്രാസ് സ്റ്റേറ്റ് എന്നുകൂടി അറിയപ്പെടുന്ന കെന്റക്കി സംസ്ഥാനത്തിന്റെ ഭാവിതന്നെ മാറ്റിമറിച്ചിരിക്കുന്നു. 

ധാരാളം വിനോദ സഞ്ചാരികളെയും, തീർത്ഥാടകരെയും മാടിവിളിക്കുന്ന ഒരു സംസ്ഥാനമായി കെന്റക്കി മാറിയിരിക്കുന്നു. 

ഏഴു അമേരിക്കൻ സംസ്ഥാനങ്ങൾ അതിരിടുന്ന കെന്റക്കിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിക്കൊണ്ട് ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന പ്രപഞ്ചസൃഷ്ടിയുടെ രഹസ്യങ്ങൾ കുട്ടികൾക്കും, മുതിർന്നവർക്കും ഒന്നുപോലെ ആസ്വാദ്യകരമായ രീതിയിൽ അനാവരണം ചെയ്തിരിക്കുന്ന പീറ്റേഴ്സ്ബർഗിലെ ക്രീയേഷൻ മ്യൂസിയം, മഹാപ്രളയത്തിൽനിന്നും നീതിമാനായ നോഹയെയും, കുടുംബത്തെയും, ഒാരോ ജോടിവീതം എല്ലാത്തരം ജീവജാലങ്ങളെയും സംരക്ഷിക്കാൻ ദൈവമായ കർത്താവിന്റെ കല്പനയനുസരിച്ച് നിർമ്മിക്കപ്പെട്ട നോഹയുടെ ഭീമാകാരമായ പെട്ടകത്തിന്റെ വില്യംസ്ടൗണിലുള്ള മോഡൽ എന്നിവ അത്ഭുതത്തോടുകൂടിയല്ലാതെ നമുക്കു കാണാൻ സാധിക്കുകയില്ല. 

ബൈബിൾ ചരിത്രം അനാവരണം ചെയ്യുന്ന മാതൃകകളും, സൃഷ്ടിയുടെ മഹത്വം വിളിച്ചറിയിക്കുന്ന ഫോസിലുകളും, പ്ലാനറ്റോറിയം, ഏദൻ തോട്ടത്തെ അനുസ്മരിപ്പിക്കുന്ന മനോഹരമായ പൂന്തോട്ടങ്ങൾ, ഹരിത സസ്യലതാദികൾ നിറഞ്ഞ ഗ്ലാസ്ഹൗസ്, ചിത്രശലഭങ്ങളുടെ മ്യൂസിയം, ആനിമേഷൻ തീയേറ്റർ, കുട്ടികൾക്ക് കളിക്കുന്നതിനുള്ള സിപ് ലൈൻ, മൽസ്യങ്ങളുള്ള താമരക്കുളം, വിജ്ഞാനപ്രദമായ പരിശീലനക്ലാസുകൾ എന്നിവ ക്രീയേഷൻ മ്യൂസിയത്തിന്റെ പ്രത്യേകതകളാണു. സ്കൂൾ, കോളജ് വിദ്യാർഥികളും, പള്ളിഗ്രൂപ്പുകളും, വിവിധ സാമൂഹികസംഘടനക്കാരും,  ഫാമിലിഗ്രൂപ്പുകളും ദിവസേന ഇവിടം സന്ദർശിക്കാനെത്തുന്നുണ്ട്. ഇവിടെയുള്ള ജീവനുള്ള മൃഗങ്ങൾ കുട്ടികൾക്ക് കൗതുകമുണർത്തും. 

ഞങ്ങളുടെ യാത്രയിലെ ഏറ്റവും ഹൈലൈറ്റായ ഇനം 2016 ജൂലൈ 7 നു പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കപ്പെട്ട വില്യംസ്ടൗണിലെ ആർക്ക് എൻകൗണ്ടർ എന്ന പേരിലറിയപ്പെടുന്ന ക്രിസ്റ്റ്യൻ തീം പാർക്കിലുള്ള നോഹയുടെ പെട്ടകം ആയിരുന്നു. ഉൽപത്തിപുസ്തകത്തിലെ ഏഴാം അദ്ധ്യായം ഏഴാം വാക്യം (7:7) അനുസ്മരിക്കുന്നതിനായിട്ടാണു 7/7 നൂ ഉത്ഘാടനം നിർവഹിച്ചത്. ബൈബിളിൽ പറഞ്ഞിരിക്കുന്ന അതേ അളവിൽ 510 അടി നീളത്തിലും, 85 അടി വീതിയിലും, 51 അടി ഉയരത്തിലും മൂന്നു ഡക്കുകളിലായി തടിയിൽ മാത്രം പണിതിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നിർമ്മിതിയാണു കെന്റക്കി വില്യംസ്ടൗണിലുള്ള ഭീമാകാരമായ നോഹയുടെ പേടകം. 

ആർക്ക് എൻകൗണ്ടർ കാണാനെത്തുന്നവർ സ്വന്തം വണ്ടികൾ അവരുടെ മെയിൻ പാർക്കിംഗ് ലോട്ടിൽ പാർക്കുചെയ്തിട്ട് തീം പാർക്കിന്റെ ബസുകളിലായിരിക്കും പെട്ടകത്തിനടുത്തേക്ക് പോകേണ്ടത്. പെട്ടകത്തിൽ പ്രവേശിക്കുന്നതിനുമുൻപ് ഫാമിലികളായും, ഗ്രൂപ്പുകളായും ഫോടോഷൂട്ടിനുള്ള ധാരാളം അവസരങ്ങൾ ഉണ്ട്.

 മഴവിൽ ആകൃതിയിലും, വർണത്തിലുമുള്ള പ്രവേശനകവാടവും, ആർക്ക് എൻട്രൻസും, പെട്ടകത്തിന്റെ ബാക്ഗ്രൗണ്ടിൽ നിന്നുള്ള ഫോട്ടോകളൂം മനോഹരമായിരിക്കും. കുട്ടികൾക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും, വീൽചെയറുകാർക്കും ഒന്നുപോലെ അനായാസം മുകളിലേക്ക് കയറത്തക്ക രീതിയിൽ പടികൾ ഒഴിവാക്കി ചെറിയ സ്ലോപ്പിലുള്ള റാമ്പുകളായിട്ടാണു 18 അടി വീതം ഉയരത്തിലുള്ള മൂന്നു ഡക്കുകളും പണിതിരിക്കുന്നത്. ആവശ്യമുള്ളവർക്കായി എലിവേറ്ററുമുണ്ട്. 

പെട്ടകത്തിന്റെ ഉള്ളിലേക്ക് കടന്ന് റാമ്പിന്റെ ഇരുവശങ്ങളിലായി ഒരുക്കിയിരിക്കുന്ന കാഴ്ച്ചകൾ കണ്ട് സാവകാശം നടന്നു  കയറുമ്പോൾ മൂന്നുനിലകൾ നാം താണ്ടിയെന്ന് ഒരിക്കലും തോന്നുകയില്ല. അത്രക്ക് എളുപ്പത്തിൽ നമുക്ക് പെട്ടകത്തിന്റെ ഉള്ളിലൂടെ മൂന്നു ഡക്കുകളും നടന്നു കയറാം. ക്ഷീണവും തോന്നുകയില്ല. 

ബൈബിൾപ്രകാരം നോഹയുടെ പെട്ടകത്തിൽ എന്തൊക്കെയുണ്ടായിരുന്നോ അതെല്ലാം ബൈബിൾ പെട്ടകത്തിന്റെ ശരിപകർപ്പായ ഇതിൽ കാണാം. നോഹയും കുടുംബവും, ജോടികളായുള്ള എല്ലാ മൃഗങ്ങളും, ജീവജാലങ്ങളും, പക്ഷികളും, ഇവക്കെല്ലാം കഴിക്കാൻ വേണ്ട ഭക്ഷണസാധനങ്ങളുടെ ശേഖരം, മരപ്പണിക്കും, ഇരുമ്പുപണിക്കും വേണ്ട പണിപ്പുരകൾ, ഇഷ്ടംപോലെ ബാത്ത് റൂമുകൾ, മുകളിലെ ഡക്കിലൂള്ള കിളിവാതിൽ, തീയേറ്റർ എന്നിവ നമ്മെ വല്ലാതെ ആകർഷിക്കും. പെട്ടകത്തിലെ കാഴ്ച്ചകളും, ഗിഫ്റ്റ്ഷോപ്പും കടന്ന് പുറത്തിറങ്ങുമ്പോൾ അതിനടുത്തായി അറാറട്ട് റിഡ്ജ് കാഴ്ച്ചബംഗ്ലാവും കാണാം. (40 ദിവസത്തെ മഹാപ്രളയത്തിനുശേഷം നോഹയുടെ പെട്ടകം ഒഴുകിച്ചെന്നു ഉറച്ചത് അറാറട്ട് പർവതത്തിലായിരുന്നുവല്ലോ).

 പെട്ടകത്തിലുള്ളത് ജീവനില്ലാത്ത മൃഗങ്ങളാണെങ്കിൽ കാഴ്ച്ചബംഗ്ലാവിൽ ജീവനുള്ള എല്ലാത്തരം മൃഗങ്ങളും ഉണ്ട്. തീം പാർക്കിൽ ഭക്ഷണശാലകളും, വിവിധ ഗെയിമുകളോടെ കാർണിവലും ഉള്ളതിനാൽ കുട്ടികൾ ശരിക്കും രസിക്കും. കെന്റക്കി സന്ദർശിക്കുന്നവർ ഏറെ ഇഷ്ടപ്പെടുന്ന മറ്റൊന്നാണു ഒഹായോ നദിയിലൂടെയുള്ള ബോട്ടുയാത്ര. കെന്റക്കി സൈഡിലുള്ള ന്യൂപോർട്ട് ക്രൂസ് ടെർമിനലിൽനിന്നു പുറപ്പെടുന്ന 2 മണിക്കൂർ ദൈർഘ്യമുള്ള ഇൗ ബോട്ടുയാത്രയിൽ സിൻസിന്നാറ്റി പട്ടണത്തിലെ അംബരചുംബികളായ ബഹുനിലകെട്ടിടങ്ങളും, സിറ്റിയിലെ പ്രധാന ലാൻഡ് മാർക്കുകളും, വഴിയോരകാഴ്ച്ചകളും, നദിയുടെ ഇരുവശങ്ങളിലുമുള്ള  കാഴ്ച്ചകളും ആസ്വദിക്കാം. ഞങ്ങളുടെ ടൂർ ഗ്രൂപ്പിലുള്ള എല്ലാവരും നന്നായി ആസ്വദിച്ച ഒന്നായിരുന്നു ഇൗ ബോട്ടുയാത്ര.

 കൂട്ടുകാർ ഒന്നിച്ചുള്ള ഇത്തരം യാത്രകൾ നമ്മുടെ സൗഹൃദം ഉൗട്ടിയുറപ്പിക്കുന്നതിനും, പരസ്പര സ്നേഹവും സഹകരണവും ഉറപ്പാക്കുന്നതിനും സഹായിക്കും. ആരോഗ്യം അനുവദിക്കുന്ന സമയത്ത് വീട്ടുകാരുമൊത്തോ, ഉറ്റസ്നേഹിതരുമായോ ഇത്തരം യാത്രകൾ പോകുന്നതു ബുദ്ധിയായിരിക്കും.

  • Report ജോസ് മാളേയ്ക്കൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

വാണാക്യൂ സെന്റ് ജെയിംസ് പള്ളിയില്‍ വലിയ പെരുന്നാള്‍

മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദൈവാലയത്തിലെ വലിയ പെരുന്നാള്‍ ജൂണ്‍...

അമേരിക്കൻ വാർത്ത

ഫോമാ മെഡിക്കല്‍ കാര്‍ഡ്: ജന്മനാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പ്രതീകം

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, കേരളത്തിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കിയ മെഡിക്കല്‍ കാര്‍ഡ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

പ്രവാചകന്മാരേ പറയൂ…’ പാട്ട് ഇനി കളറിൽ; ആ പഴയകാലം ഇനി നിറങ്ങളിൽ കാണാം

പത്തനംതിട്ട: ‘പ്രവാചകന്മാരേ പറയൂ…’ എന്നുതുടങ്ങുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാഗാനരംഗം ഒന്നരയാഴ്ച മുൻപ് കളറിൽ യുറ്റ്യൂബിൽ...

അമേരിക്കൻ വാർത്ത

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്

പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക...