ആനുകാലികംപ്രധാന വാർത്തസിനിമ

ഇന്ത്യൻ സംഗീതത്തിലെ സ്വരമാധുരിയ്‌ക്ക് യാത്രാമൊഴി; ബോളിവുഡ് നൃത്തഗാനങ്ങളിലെ പകരക്കാരില്ലാത്ത ശബ്‌ദം നിലച്ചു

മുംബയ്: ഏഴ്‌ പതിറ്റാണ്ടിലേറെക്കാലം ബോളിവുഡിന്റെ ഈണങ്ങൾക്ക് ശബ്‌ദമേകിയ ആദ്യകാല ഗായികമാരിൽ ഒടുവിലത്തെയായാളും യാത്രയായി. പ്രശസ്ത ഗായിക ആശ ഭോസ്ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ഗായികയ്ക്ക് ഇന്നലെ വൈകിട്ടോടെയാണ് ഹൃദയാഘാതം ഉണ്ടായത്.

ആശ ഭോസ്‌ലെ മൺമറയുമ്പോൾ അവസാനിക്കുന്നത് ഇന്ത്യൻ സംഗീതത്തിന്റെ ഒരു യുഗം കൂടിയാണ്. ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയായ ആശ ഭോസ്‌ലെ, സ്വന്തം ശൈലികൊണ്ട് ബോളിവുഡിലും അതിനപ്പുറവും ഇടം കണ്ടെത്തി. പതിനായിരത്തിലധികം ഗാനങ്ങൾ പാടി 2011ലെ ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയ ഗായികയാണ് ആശാ ഭോസ്‌ലെ.

1943ൽ തന്റെ ഒമ്പതാമത്തെ വയസിലാണ് ആശ സംഗീതജീവിതം ആരഭിച്ചത്. അപ്പോഴേക്കും തന്റെ മൂത്ത സഹോദരിയായ ലത മങ്കേഷ്‌കർ സംഗീത മേഖലയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ആ സമയങ്ങളിൽ മിക്ക സംഗീതസംവിധായകരുടെയും ആദ്യത്തെ തിരഞ്ഞെടുപ്പ് ലതയായിരുന്നു. അമ്പതുകളുടെ തുടക്കത്തിൽ ചില പ്രത്യേകതരം ഗാനങ്ങളിലേക്ക് മാത്രം ആശ തിരഞ്ഞെടുക്കപ്പെട്ടു. നൃത്തനമ്പറുകൾ, കാബറേകൾ എന്നിവയിലേക്ക് മാത്രം ആ ശബ്‌ദം ചുരുങ്ങി. പിന്നീട് ഏത് തരം ഗാനങ്ങളും കൈകാര്യം ചെയ്യാനാകുമെന്ന നിലയിലേക്ക് ആശാ ഭോസ്‌ലെ അംഗീകരിക്കപ്പെടുകയായിരുന്നു.

എന്നാൽ, അപ്പോഴും ഡാൻസ്‌നമ്പരുകളിൽ ആശയ്‌ക്ക് പകരംവയ്‌ക്കാൻ മറ്റൊരു ശബ്‌ദം ഉണ്ടായിരുന്നില്ല. കാരവാനിലെ പിയ തു അബ് തോ ആ ജാ, ഡോണിലെ യെ മേരാ ദിൽ, ഹരേ രാമ ഹരേ കൃഷ്ണയിലെ ദം മാരോ ദം, തീസ്രി മൻസിലിലെ ഓ ഹസീന സുൽഫോവാലി തുടങ്ങി രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെ നൃത്ത സദസുകളെ ആശയുടെ ശബ്‌ദം അടക്കിവാണു. 60കളിലും 70കളിലും ഒരു പ്രധാന സിനിമയിൽ ഹെലനെ ചുറ്റിപ്പറ്റിയുള്ള ഗാനം ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ ശബ്ദം ആശയുടേതായിരുന്നു.


80 കളിൽ പലരും ലതാ മങ്കേഷ്‌കറിനോളം കലാകാരിയല്ല ആശാ ഭോസ്‌ലെയെന്ന് വിധിയെഴുതിയിരുന്നു. ലത മങ്കേഷ്‌കർ പാടുന്നതുപോലെ ഗസലുകൾ കൈകാര്യം ചെയ്യാൻ ആശയ്‌ക്ക് കഴിയില്ലെന്നാണ് വിമർശകർ വിധിയെഴുതിയത്. എന്നാൽ ഉംറാവു ജാനിലെ തന്റെ മികച്ച പ്രകടനത്തിലൂടെ ആശ ആ കെട്ടുകഥകളെല്ലാം ഇല്ലാതാക്കി. വളരെ അനായാസമായും ഭംഗിയോടെയും അവർ ഗസലുകൾ പാടി. ആ ഗാനമാണ് ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്തത്. ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ ആശാ ഭോസ്‌ലെയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

16-ാം വയസിൽ കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് ഗൺപത്റാവു എന്ന 31കാരനെ ആശ ഭോസ്‌ലെ വിവാഹം ചെയ്‌തെങ്കിലും പിന്നീട് ആ ബന്ധം തകരുകയായിരുന്നു. മൂന്ന് കുട്ടികളുമായി ജിവിതത്തിലേക്ക് തിരിച്ചെത്തിയ അവർ സംഗീതത്തിലൂടെ അതിജീവനത്തിന്റെ വഴി കണ്ടെത്തിയത്. പിന്നീട് 1980ൽ തന്റെ 47-ാം വയസിലാണ് സംഗീത സംവിധായകനായ ആർ ഡി ബർമ്മനെ വിവാഹം കഴിച്ചത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...