കായികം

ആർ.സി.ബി. വിൽപ്പനയ്ക്ക്; വില 17,600 കോടി രൂപ; അദാനിയും പൂനാവാലയും ഉൾപ്പെടെ വമ്പൻമാർ വാങ്ങാൻ രംഗത്ത്

ബെംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ സീസണിൽ ഐ.പി.എൽ. കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി.) ഫ്രാഞ്ചൈസി വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കിരീട നേട്ടത്തിന് പിന്നാലെ ടീമിന്റെ മാതൃ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നതോടെയാണ് ക്രിക്കറ്റ് ലോകത്ത് ഈ വാർത്ത ചർച്ചയാകുന്നത്. 2 ബില്യൺ യു.എസ്. ഡോളർ (ഏകദേശം 17,600 കോടി രൂപ) ആണ് കമ്പനി ആർ.സി.ബിക്ക് വിലയിട്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ കിരീട വിജയത്തിന്റെ പശ്ചാത്തലത്തിൽ വമ്പൻ വിലയ്ക്ക് ഫ്രാഞ്ചൈസിയെ വിൽക്കാൻ സാധിക്കുമെന്നാണ് ബ്രിട്ടനിലെ പ്രമുഖ മദ്യ നിർമാണ-വിതരണ കമ്പനിയായ ഡിയാജിയോയുടെ കണക്കുകൂട്ടൽ. 2012-ലാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് വഴി ഡിയാജിയോ ആർ.സി.ബിയുടെ ഉടമസ്ഥത ഏറ്റെടുക്കുന്നത്.

വിൽപനയ്ക്ക് പിന്നിലെ കാരണം

കമ്പനിയുടെ പ്രധാന ബിസിനസ്സല്ലാത്ത കായിക മേഖലയിൽ വലിയ തുക മുടക്കുന്നതിനോടുള്ള ചില ഓഹരി ഉടമകളുടെ എതിർപ്പാണ് ടീമിനെ വിൽക്കാൻ ശ്രമിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. കൂടാതെ, ഈ വർഷം മാർച്ചിൽ ഡിയാജിയോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി ചുമതലയേറ്റ പ്രവീൺ സോമേശ്വറിന്റെ നിലപാടും ഈ നീക്കങ്ങൾക്ക് കാരണമായി. സ്‌പോർട്‌സ് ലീഗുകളിലെ നിക്ഷേപം കമ്പനിയുടെ ദീർഘകാല പദ്ധതികൾക്ക് ഗുണം ചെയ്യില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

നേരത്തെ, ആർ.സി.ബിക്ക് പിന്നിലെ ലക്ഷ്യം മദ്യത്തിന്റെ പരസ്യമായിരുന്നുവെന്ന് വിജയ് മല്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഐ.പി.എൽ. ഉൾപ്പെടെയുള്ള കായിക വേദികളിൽ മദ്യം, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ പരോക്ഷ പരസ്യങ്ങൾ പോലും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലക്കിയതും ഡിയാജിയോയുടെ നിലവിലെ തീരുമാനത്തിന് കാരണമായി.

വാങ്ങാൻ രംഗത്തുള്ള വമ്പൻമാർ

വിൽപന സംബന്ധിച്ച് നിരവധി ഇന്ത്യൻ, യു.എസ്. കമ്പനികൾ ഡിയാജിയോ മാനേജ്‌മെന്റിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യയിൽ നിന്നുള്ള പ്രധാന അപേക്ഷകരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാർ പൂനാവാല, ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന്റെ പാർത്ഥ് ജിൻഡാൽ, അദാനി ഗ്രൂപ്പ് എന്നിവരാണ് മുൻനിരയിലുള്ളത്. ഡൽഹിയിൽ താമസിക്കുന്ന ഒരു പ്രമുഖ വ്യവസായിയും ആർ.സി.ബിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ രണ്ട് യു.എസ്. കമ്പനികളും ഓഹരികൾ വാങ്ങാൻ രംഗത്തുണ്ട്.

നേരത്തെയും ഐ.പി.എൽ. ടീം വാങ്ങാൻ ശ്രമിച്ച വ്യക്തിയാണ് പൂനാവാല. ഡൽഹി കാപിറ്റൽസിന്റെ 50 ശതമാനം ഓഹരികൾ നിലവിൽ ജിൻഡാൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ആർ.സി.ബി.യെ സ്വന്തമാക്കാൻ ശ്രമിച്ചാൽ, ഡൽഹി കാപിറ്റൽസിന്റെ ഓഹരികൾ അവർ വിൽക്കേണ്ടി വരും. 2022-ൽ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗുജറാത്ത് ടീമിനെ സ്വന്തമാക്കാൻ ശ്രമിച്ച അദാനി ഗ്രൂപ്പിനും ഐ.പി.എലിൽ കുറച്ചുകാലമായി താൽപ്പര്യമുണ്ട്.

വിൽപനയിലെ വെല്ലുവിളികൾ

വില നിശ്ചയിച്ചതുമായി ബന്ധപ്പെട്ടാണ് വിൽപനയിൽ പ്രധാനമായും വെല്ലുവിളി ഉയരുന്നത്. ഒരു ഐ.പി.എൽ. ടീമിന് ഇത്രയും ഉയർന്ന മൂല്യമുണ്ടോയെന്ന ചോദ്യങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ജൂൺ നാലിന് കിരീട വിജയ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസുകൾ ഇതുവരെ അവസാനിച്ചിട്ടില്ല. ടീമിനെ ഏറ്റെടുക്കുന്നവർക്ക് ഈ കേസ് നടപടികളും ഏറ്റെടുക്കേണ്ടി വരും. ഇതിനു പുറമെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വിൽപന സംബന്ധിച്ച ഉപദേശങ്ങൾക്കായി ഡിയാജിയോ രണ്ട് സ്വകാര്യ ബാങ്കുകളെ നിയമിച്ചിട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...