ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. നിലവിലുള്ള വകുപ്പുകൾക്ക് പുറമേയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയിരിക്കുന്നത്.
ധർമേന്ദ്ര പ്രധാനിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. പ്രൽഹാദ് ജോഷിക്ക് തന്റെ നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകാൻ രാഷ്ട്രപതി നിർദ്ദേശം നൽകി.
ധർമേന്ദ്ര പ്രധാനിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചുവെച്ച് രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകി രാഷ്ട്രപതി ഉത്തരവിട്ടിരിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കർണാടകയിലെ ധാർവാഡിൽ നിന്നുള്ള ലോക്സഭാംഗമാണ് ബി.ജെ.പി നേതാവായ പ്രൽഹാദ് ജോഷി. നിലവിൽ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായും നവ-പുനരുപയോഗ ഊർജ വകുപ്പ് മന്ത്രിയായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
നീറ്റ് പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തൻ്റെ എക്സ് പ്രൊഫൈൽ തിരുത്തി. പ്രൊഫൈലിൽനിന്ന് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി’ എന്നത് ഒഴിവാക്കി ‘സംഭൽപുർ എം.പി’, ‘ബി.ജെ.പി പ്രവർത്തകൻ’ എന്നിങ്ങനെയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ ആഴ്ചകളായി കോക്രോച്ച് ജനതാ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിവന്ന പ്രതിഷേധങ്ങളെത്തുടർന്നാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിൻ്റെ രാജി സ്വീകരിച്ചത്.
വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ‘ദേശവിരുദ്ധ ശക്തികളെ’ അനുവദിക്കില്ലെന്നും, സാഹചര്യം മോശമാകാതിരിക്കാനാണ് താൻ സ്ഥാനമൊഴിയുന്നതെന്നും രാജി സമർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് താൻ നൽകിയ സേവനങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാൻ, പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വത്തിൽനിന്ന് താൻ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
അർഹരായ ഒരു വിദ്യാർഥിയും പരീക്ഷാ മാഫിയകൾ കാരണം ബുദ്ധിമുട്ടാൻ പാടില്ലെന്നതാണ് തന്റെ ഉറച്ച തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലർ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും കഴിഞ്ഞ പത്തു ദിവസങ്ങളായുള്ള സംഭവവികാസങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർഥ കരുത്തെന്നും വ്യക്തിപരമായ അന്തസ്സല്ല, മറിച്ച് വിദ്യാർഥികളുടെ നീതിയാണ് പ്രധാനമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.






Leave a comment