കേരള വാർത്ത

ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷം; സംഘർഷത്തിൽ 13 വാഹനങ്ങൾ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ ഫാക്ടറിക്ക് മുന്നിൽ മണിക്കൂറുകളോളം യുദ്ധസമാനമായ അന്തരീക്ഷം. സമരക്കാർ ഫാക്ടറിക്ക് തീയിട്ടതിനെ തുടർന്ന് ആറ് വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. ആകെ 13 വാഹനങ്ങളാണ് സംഘർഷത്തിൽ കത്തിയത്. ഇതിൽ ഒൻപത് ലോറികളും ഒരു ഓട്ടോറിക്ഷയും മൂന്ന് ബൈക്കുകളുമുണ്ട്. ഇതിനുപുറമെ മൂന്ന് ലോറികൾ പ്രതിഷേധക്കാർ തല്ലിത്തകർക്കുകയും രണ്ട് വാഹനങ്ങൾ കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു.

നാല് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകളാണ് ഫാക്ടറിയിലെ തീ പൂർണ്ണമായും അണച്ചത്. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് വാഹനത്തെ സമരക്കാർ വഴിയിൽ തടഞ്ഞത് സ്ഥിതി കൂടുതൽ വഷളാക്കി.

പോലീസുകാർക്കും നാട്ടുകാർക്കും പരിക്ക്

സംഘർഷത്തിൽ പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. കോഴിക്കോട് റൂറൽ എസ്.പി. ഉൾപ്പെടെ 16 പോലീസുകാർക്കും 27 സമരക്കാർക്കുമാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. കല്ലേറിൽ താമരശ്ശേരി എസ്.എച്ച്.ഒ. ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്.

സ്ത്രീകളടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും തുടർന്നാണ് പ്രകോപിതരായ പ്രതിഷേധക്കാർ ഫാക്ടറിക്ക് തീയിടുകയും ചെയ്തത്.

മൂന്ന് പഞ്ചായത്തുകളിൽ ഭാഗിക ഹർത്താൽ

ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് നാളെ (ചൊവ്വാഴ്ച) ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിൽ ഭാഗിക ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നീ വാർഡുകളിലാണ് ഹർത്താൽ.

താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി പ്രദേശവാസികൾ സമരത്തിലാണ്. ഫാക്ടറിയിൽ നിന്ന് പുറത്തുവരുന്ന രൂക്ഷമായ ദുർഗന്ധം മൂന്ന് പഞ്ചായത്തുകളിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്നുവെന്നാണ് പരാതി. ഫാക്ടറി പൂർണ്ണമായി അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോഴിക്കോട് റൂറൽ എസ്.പി. ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...