ഓർമ്മച്ചെപ്പ്

വിപ്ലവത്തിൽ ജ്വലിച്ചു, വിശ്വാസത്തിൽ തെളിഞ്ഞു.… വെള്ളത്തൂവൽ സ്റ്റീഫന് വിട

കോതമംഗലം: നക്സൽബാരി പ്രസ്ഥാനത്തിന്റെ കേരള ചരിത്രത്തിൽ നക്സൽ വർഗീസിനും അജിതയ്ക്കും കുന്നിക്കൽ നാരായണനുമൊപ്പം കേട്ട പേരാണ് ശനിയാഴ്ച അന്തരിച്ച വെള്ളത്തൂവൽ സ്റ്റീഫന്റേത്. വെള്ളത്തൂവലിൽ ബീഡിതെറുപ്പിനായി കണ്ണൂരിൽനിന്നെത്തിയവരാണ് സ്റ്റീഫനിൽ വിപ്ലവത്തിന്റെ തിരികൊളുത്തിയത്.

സിപിഐ പ്രാദേശിക നേതാവായ സ്റ്റീഫൻ അക്കാലത്ത് കുടിയിറക്കിനെതിരേ ഹൈറേഞ്ച് കർഷക രക്ഷാസമിതി രൂപവത്കരിച്ച് പ്രവർത്തനം നടത്തിയിരുന്നു. നക്‌സൽ നേതാവ് കുന്നിക്കൽ നാരായണൻ സ്റ്റഡിക്ലാസിനായി വെള്ളത്തൂവലിൽ എത്തിയപ്പോൾ സ്റ്റീഫനെ കാണുകയും ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു. നക്സൽ പ്രസ്ഥാനത്തിലെത്തിയ സ്റ്റീഫൻ തുടർന്ന് തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായി.

തലശ്ശേരിയിൽ എത്താനാണ് പറഞ്ഞിരുന്നത്, ആക്രമണത്തെ കുറിച്ച് നേരത്തേ അറിയിച്ചിരുന്നില്ലെന്ന് സ്റ്റീഫൻ പിന്നീട് പറഞ്ഞിരുന്നു. നായാട്ടിന് തോക്ക് ഉപയോഗിച്ചുള്ള പരിചയമാണ് സ്റ്റീഫനെ അവിടെ എത്തിച്ചത്.

അതിനുശേഷമാണ് എ. വർഗീസിനൊപ്പം വയനാട്ടിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചതും തിരുനെല്ലിയിലെ ആക്രമണത്തിൽ പങ്കാളിയാകുന്നതും.

നിരണം ആക്രമണത്തിനായി ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സാരമായി പൊള്ളലേറ്റിരുന്നു. തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞായിരുന്നു ചികിത്സ. നഗരൂർ, കുമ്മിൾ ആക്രമണത്തിൽ നേരിട്ടോ അല്ലാതെയോ പങ്കെടുത്തിട്ടില്ലെന്ന് പിൽക്കാലത്ത് സ്റ്റീഫൻ പറഞ്ഞിരുന്നു.

തിരുവനന്തപുരത്തുനിന്ന്‌ പിന്നീട് ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്നു. കുമ്പളങ്ങിയിൽ ഒളിവിൽ കഴിയുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി നക്‌സൽ ആക്രമണങ്ങളിൽ പ്രതിയായ സ്റ്റീഫനെ പിടിക്കാൻ പറ്റാത്തതിൽ പോലീസ് ഏറെ വിമർശനം കേട്ടിരുന്നു. 1971 ഏപ്രിൽ 5-ന് അറസ്റ്റ് ചെയ്യുമ്പോൾ 18 കേസിൽ പ്രതിയായിരുന്നു. പലതും കൊലപാതക കേസുകളും. പ്രധാന കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. 1982 വരെ പരോളില്ലാതെ 11 വർഷം ജയിലിൽ തുടർന്നു. വായിക്കാൻ പുസ്തകം ലഭിക്കാനായി 18 ദിവസം ജയിലിൽ നിരാഹാര സമരം നടത്തി. വയലാർ രവി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി 15 ദിവസത്തെ പരോളിൽ പുറത്തുവന്നത്. വീണ്ടും പരോളിൽ വന്ന സമയത്ത് ഇടതുകൈയിൽ ട്യൂമർ ബാധിച്ചു. മെഡിക്കൽ കോളേജിൽ കഴിയുമ്പോൾ ഭക്ഷണം നൽകിയത് പോലീസുകാരായിരുന്നു. ജയിൽമോചിതനായപ്പോൾ വിവിധ പാർട്ടിക്കാർ ക്ഷണിച്ചെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിനു പകരം സ്റ്റീഫൻ പോയത് രാഷ്ട്രീയ പഠനത്തിലേക്കായിരുന്നു. ഗാന്ധിജിയെയും നെഹ്‌റുവിനെയും പഠിച്ചു. കൊലപാതക രാഷ്ട്രീയം മാർക്സിസമല്ലെന്നും പ്രായോഗികമല്ലെന്നുമുള്ള ചിന്തയിലേക്കെത്തി.

അയൽവാസിയായ മാലതിയെ വിവാഹം കഴിച്ച് താമസം ചേലച്ചുവടിലേക്ക് മാറി. ജീവിതമാർഗത്തിനായി മാസ് ടെയ്‌ലേഴ്‌സ് എന്ന തയ്യൽക്കട തുടങ്ങി. ഈ കാലയളവിലാണ് ബൈബിൾ െെകയിലെടുത്തത്. മതങ്ങളുടെ തടവിലല്ലാത്ത ക്രിസ്തുവിനെ കണ്ടെത്തിയെന്നാണ് സ്റ്റീഫൻ പറഞ്ഞിരുന്നത്. ആത്മീയ പ്രഭാഷണത്തിലേക്ക് തിരിഞ്ഞതും ഇക്കാലത്താണ്. ആത്മകഥയടക്കം എട്ടു പുസ്തകങ്ങളും അദ്ദേഹം എഴുതി.

Related Articles

ഓർമ്മച്ചെപ്പ്കൗതുകങ്ങൾസിനിമ

അനേകം സിനിമകളിലെ നായകൻ കോടികൾ സമ്പാദ്യം; അവസാനം ഒറ്റപ്പെട്ട് വൃദ്ധസദനത്തിൽ ! എന്താണ് സത്യം ? ആലപ്പി അഷ്റഫ് പറയുന്നു

പഴയകാല നടന്‍ മോഹൻ ശർമയെക്കുറിച്ചുള്ള ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. മലയാള സിനിമയുടെ വസന്തത്തിൽ വിടർന്നുനിന്ന്...

ഓർമ്മച്ചെപ്പ്

വൈകുന്നേരം

വെറുതെ ഒരു ഓർമ ! വൈകുന്നേരം…വെയിലൊന്ന് മൃദുവായി മാറുന്ന നേരം…ഏഴെട്ടുനില കെട്ടിടത്തിന്റെമേൽത്തട്ടിലിരുന്ന് താഴേക്കൊന്ന് നോക്കിയാൽ…ഒരു നദിപോലെ...

അന്താരാഷ്ട്ര വാർത്തഓർമ്മച്ചെപ്പ്കൗതുകങ്ങൾപ്രധാന വാർത്തസിനിമ

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി; ഓപ്പറേഷന്‍ സിന്ദൂര്‍ ഡോക്യുമെന്ററി ഓഗസ്റ്റ് 15-ന്‌ 

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 88 മണിക്കൂർ നീണ്ട പ്രത്യാക്രമണ ദൗത്യത്തിന്റെ കഥ പറയുന്ന...

ഓർമ്മച്ചെപ്പ്കുട്ടി വാർത്തകേരള വാർത്ത

ഒരു രാമായണ മാസക്കാലം കൂടി: കണ്ണീരും കനലും ധർമ്മവും സമ്മേളിക്കുന്ന രാമായണ ചിന്തകൾ

ലോകത്തിലെ ഏറ്റവും ആദ്യത്തെ സാഹിത്യം വേദസാഹിത്യമാണെങ്കിൽ ആദികാവ്യം വാല്മീകി രാമായണമാണ്. രാമായണത്തിന്റെ ഒരു പാരായണ മാസക്കാലം...