ഓർമ്മച്ചെപ്പ്കേരള വാർത്തകൗതുകങ്ങൾസിനിമ

‘കിരീടം’ വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ ജോൺസൺ മാസ്റ്ററെ മറക്കുന്നതെങ്ങനെ ?

സ്വന്തം ഗാനത്തിന്റെ ചിത്രീകരണം സ്‌ക്രീനിൽ കണ്ട് കരഞ്ഞുപോയിട്ടുണ്ട് സംഗീത സംവിധായകൻ ജോൺസൺ. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ഗീത് ഹോട്ടലിലിരുന്ന് ആ അനുഭവം വിവരിക്കവേ അതേ നനവ് വീണ്ടും കണ്ടു ജോൺസൺ മാസ്റ്ററുടെ കണ്ണുകളിൽ. പാട്ടിന് പിറകെയുള്ള യാത്രകളിൽ നിന്ന് ഒരിക്കലും അടർത്തിമാറ്റാനാവാത്ത ഓർമ്മ.

“ചെയ്ത പാട്ടുകൾ സിനിമയിൽ കണ്ടു വികാരാധീനനാകുന്ന പതിവ് എനിക്കില്ല.” — മാസ്റ്ററുടെ വാക്കുകൾ. “വിഷ്വലുകളുടെ എഡിറ്റിങ്ങും മറ്റു സാങ്കേതിക കാര്യങ്ങളുമൊക്കെയാകും അപ്പോൾ ശ്രദ്ധിക്കുക. പാട്ട് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും ചിലപ്പോൾ. എന്നാൽ കിരീടത്തിന്റെ പ്രിവ്യൂവിനിടെ “കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി” ആദ്യമായി സ്ക്രീനിൽ കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആത്മസംഘർഷം എത്ര തീവ്രമായാണ് ആ ഗാനം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. തിയേറ്ററിലെ ഇരുട്ടിൽ ഇരുന്ന് മനസ്സ് കൊണ്ട് നമിച്ചുപോയി ലോഹിതദാസിനെ. ലോഹിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ആ പാട്ടും ഉണ്ടാവില്ലായിരുന്നല്ലോ….”

ലോഹിതദാസ് വിവരിച്ചു കൊടുത്ത മറ്റൊരു സിറ്റുവേഷൻ മനസ്സിൽ കണ്ടു സൃഷ്ടിച്ച ഈണമാണതെന്ന് ജോൺസൺ. ഇന്ന് നമ്മൾ കേൾക്കുന്ന മട്ടിലല്ല. കുറെ കൂടി ഫാസ്റ്റ് ആയി, “ഫോക് ശൈലിയിൽ. ചെണ്ടയുടെ ദ്രുതതാളമൊക്കെ പശ്ചാത്തലത്തിൽ വരുന്ന ഒരു ഗാനമായിരുന്നു എന്റെ സങ്കൽപ്പത്തിൽ. എന്നാൽ ഈണം മൂളിക്കേൾപ്പിച്ചപ്പോൾ ലോഹി പ്ലാൻ മാറ്റി. ഇതേ ട്യൂൺ വേഗത കുറച്ചു മെലോഡിയസ് ആയി ഒന്ന് പാടി കേൾക്കട്ടെ എന്നായി അദ്ദേഹം. ഒരു താരാട്ടിന്റെ ഫീൽ ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.”

ആ നിർദേശം തനിക്കത്ര രുചിച്ചില്ല എന്ന് തുറന്നുപറയുന്നു ജോൺസൺ. “മനസ്സില്ലാമനസ്സോടെ ആണ് ഞാൻ ആ ഈണം മന്ദഗതിയിലാക്കി ലോഹിയെ പാടി കേൾപ്പിച്ചത്. കഴിയുന്നത്ര ഫീൽ കൊടുക്കാതെ പാടാനായിരുന്നു ശ്രമം. പുതിയ ട്യൂൺ എങ്ങാനും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു പോയാലോ? ”

ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ജോൺസന്റെ കൈപിടിച്ചു കുലുക്കി തന്റെ സന്തോഷം പങ്കുവെക്കുക കൂടി ചെയ്തു ലോഹിതദാസ്. “മതി. നമ്മുടെ പടത്തിലെ സേതുമാധവന്റെ പാട്ടാണിത്. ഈ ഈണത്തിൽ അയാളുടെ മനസ്സിലെ വേദനയും വ്യാകുലതകളും ഒറ്റപ്പെടലും എല്ലാമുണ്ട്..”

എന്നിട്ടും ജോൺസന് വിശ്വാസം വന്നില്ല എന്നതാണ് സത്യം. പാട്ട് സന്ദർഭത്തിന് യോജിക്കുമോ എന്ന സംശയം അപ്പോഴും മനസ്സിൽ ബാക്കി നിന്നു. പിറ്റേന്നു കൈതപ്രം വന്ന് ഈണത്തിനൊത്തു പാട്ടെഴുതിക്കഴിഞ്ഞ ശേഷമേ ആ ആശങ്കക്ക് തെല്ലൊരു ശമനം വന്നുള്ളൂ. “ഉണ്ണിക്കിടാവിന്നു നൽകാൻ അമ്മ നെഞ്ചിൽ പാലാഴിയേന്തി…” ഏറ്റവും ഹൃദയസ്പർശിയായി തോന്നിയത് ആ വരിയാണെന്ന് ജോൺസൺ. താരാട്ടിന്റെ ഫീൽ ഉള്ള പാട്ടാണ് ലോഹിതദാസിനും സംവിധായകൻ സിബി മലയിലിനും വേണ്ടിയിരുന്നത്. സ്വാഭാവികമായും കൈതപ്രത്തിന്റെ രചനയിലും നിറഞ്ഞുനിന്നു അതേ ഭാവം.

“ഒരു കുഞ്ഞുപാട്ടായ് വിതുമ്പി
മഞ്ഞു പൂഞ്ചോലയെന്തോ തിരിഞ്ഞു
ആരെയോ തേടിപ്പിടഞ്ഞു
കാറ്റുമൊരുപാട് നാളായലഞ്ഞു
പൂന്തെന്നലിൽ പൊന്നോളമായ്
ഒരു പാഴ് കിരീടം മറഞ്ഞു
കദനങ്ങളിൽ തുണയാകുവാൻ
വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ
പുള്ളോർക്കുടം പോലെ വിങ്ങി”

വരികളുടെ ഭാവം ഉൾക്കൊണ്ട് അതീവഹൃദ്യമായിത്തന്നെ പാടി എം.ജി. ശ്രീകുമാർ. എം.ജിയുടെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണതെന്ന് ജോൺസൺ. സിബി മലയിലും ഛായാഗ്രാഹകൻ എസ്. കുമാറും ചേർന്ന് ആ ഗാനത്തിന് നൽകിയ ദൃശ്യഭാഷ്യവും എടുത്തുപറയണം. ചിത്രീകരണം തികച്ചും ആർഭാടരഹിതമായിരുന്നെങ്കിലും കുമാറിന്റെ ഫ്രെയിമുകളിൽ സേതുമാധവന്റെ ഹൃദയവേദന ഘനീഭവിച്ചു നിന്നു.

“അഭിനയിച്ച സിനിമകളിൽ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഗാനം ഏതെന്നു ചോദിച്ചപ്പോൾ മോഹൻലാൽ കണ്ണീർപ്പൂവ് എടുത്തു പറഞ്ഞതായി എവിടെയോ വായിച്ചു. ആഹ്‌ളാദവും സംതൃപ്തിയും തോന്നി. അപ്പോഴും മനസ്സിൽ തെളിഞ്ഞത് ലോഹിയുടെ മുഖമാണ്.” — ജോൺസന്റെ വാക്കുകൾ.

ലോഹിതദാസ്‌ തിരക്കഥയെഴുതിയ ചിത്രങ്ങളിൽ കൈതപ്രം-ജോൺസൺ ടീം സൃഷ്ടിച്ച പാട്ടുകൾ മിക്കതും ഹിറ്റായിരുന്നു. പൊന്നിൽ കുളിച്ചു നിന്ന ചന്ദ്രികാ വസന്തം, ചന്ദന ചോലയിൽ, പഞ്ചവർണ്ണ പൈങ്കിളി പെണ്ണെ (സല്ലാപം), മധുരം ജീവാമൃത ബിന്ദു (ചെങ്കോൽ), ആദ്യമായി കണ്ട നാൾ (തൂവൽ കൊട്ടാരം) എന്നിവ ഓർമ വരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത ദശരഥത്തിലെ മന്ദാര ചെപ്പുണ്ടോ (രചന പൂവച്ചൽ ഖാദർ), സസ്നേഹത്തിലെ താനേ പൂവിട്ട മോഹം (പി.കെ. ഗോപി) എന്നീ ജോൺസൺ ഗാനങ്ങളും മറക്കാനാവില്ല.

പുതിയ കാലത്തിന്റെ സാങ്കേതികത്തികവോടെ ‘കിരീടം’ വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ ജോൺസൺ മാസ്റ്ററെ മറക്കുന്നതെങ്ങനെ ?

  • രവി മേനോൻ

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...