ലൊസാഞ്ചലസ് : മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റെയ്ഗന്റെ മൂത്ത മകനും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനുമായ മൈക്കൽ റെയ്ഗൻ (80) അന്തരിച്ചു. ലൊസാഞ്ചലസിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന മൈക്കൽ റെയ്ഗൻ ജനുവരി നാലിന് അന്തരിച്ചതായും ജനുവരി 6ന് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടതായും റൊണാൾഡ് റെയ്ഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ അറിയിച്ചു.
റൊണാൾഡ് റെയ്ഗന്റെയും ആദ്യ ഭാര്യയും നടിയുമായ ജെയ്ൻ വൈമാന്റെയും വളർത്തുപുത്രനായിരുന്നു മൈക്കൽ. പിതാവിന്റെ രാഷ്ട്രീയ ആശയങ്ങളുടെയും പാരമ്പര്യത്തിന്റെയും ശക്തമായ വക്തവായിരുന്നു. ‘ദി മൈക്കൽ റെയ്ഗൻ ഷോ’ എന്ന റേഡിയോ പരിപാടിയുടെ അവതാരകനായിരുന്നു. പിതാവിനെ ബാധിച്ച അൽസ്ഹൈമേഴ്സ് രോഗത്തിനെതിരെ പോരാടുന്നതിനായി ജോൺ ഡഗ്ലസ് ഫ്രഞ്ച് അൽസ്ഹൈമേഴ്സ് ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സംഘടനകളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.







Leave a comment