ന്യൂഡൽഹി: ബംഗ്ലാദേശിൽ 35 ദിവസത്തിനുള്ളിൽ 11 ഹിന്ദുക്കൾ കൊല്ലപ്പെടുകയും സ്ത്രീയെ കൂട്ടമാനഭംഗം ചെയ്യുകയും ചെയ്തതോടെ ഇന്ത്യ കൂടുതൽ ആശങ്കയിൽ. ഐപിഎല്ലിൽനിന്നു ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയ ഇന്ത്യൻ നടപടിയിൽ പ്രതിഷേധിച്ച് ഐപിഎൽ ക്രിക്കറ്റ് സംപ്രേഷണം നിരോധിക്കുകയും ഇന്ത്യയിൽ ടി 20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്ത തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പാടേ വഷളായി.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളും വെടിവയ്പുകളും തുടരുന്നതും പ്രശ്നം കലുഷിതമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിലെ ജെസോർ ജില്ലയിൽ ഹിന്ദു പത്രാധിപരായ റാണ കാന്തി ബൈരാഗി വെടിയേറ്റു മരിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഇതിനു തൊട്ടുപിന്നാലെ നർസിംഗ്ഡി ജില്ലയിൽ പലചരക്ക് കച്ചവടക്കാരനായ മണി ചക്രവർത്തി എന്നയാൾ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം ആറു ഹിന്ദുക്കളാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ 2024 ഓഗസ്റ്റ് അഞ്ചിന് പുറത്താക്കിയതിനും ഇന്ത്യയിൽ താത്കാലിക അഭയം നൽകിയതിനും പിന്നാലെ ഇന്ത്യക്കും ന്യൂനപക്ഷങ്ങൾക്കുമെതിരേ ബംഗ്ലാദേശിൽ അക്രമങ്ങൾ പെരുകുകയാണ്. കൊലപാതകങ്ങൾ വർഗീയമല്ലെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം നിലപാടെടുക്കുന്നത് ഇന്ത്യയെ വെട്ടിലാക്കി. ഹിന്ദുക്കൾ, ക്രൈസ്തവർ, ബുദ്ധമതക്കാർ എന്നിവരുൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരേ ബംഗ്ലാദേശിൽ തുടരുന്ന ശത്രുത ഗുരുതരമായ ആശങ്കയാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു.
മധ്യ ബംഗ്ലാദേശിലെ ജെനൈദയിലെ കാളിഗഞ്ചിൽ കഴിഞ്ഞ ശനിയാഴ്ച 40 വയസുള്ള വിധവയായ ഹിന്ദു സ്ത്രീയെ രണ്ടു പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്യുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തിരുന്നു. ബോധരഹിതയായി കിടന്ന സ്ത്രീയെ പ്രദേശവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. ഡിസംബർ 18ന് മൈമെൻസിംഗ് ജില്ലയിൽ വസ്ത്ര ഫാക്ടറി തൊഴിലാളിയും 25കാരനുമായ ദിപു ചന്ദ്ര ദാസിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു.
മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിക്കുകയും ചെയ്തു. ആറു ദിവസത്തിനുശേഷം 24ന് കലിമോഹർ യൂണിയനിൽ മറ്റൊരു ഹിന്ദു യുവാവായ അമൃത് മൊണ്ടൽ (30) ആൾക്കൂട്ട കൊലപാതകത്തിനിരയായി. ശരിയത്ത്പുർ ജില്ലയിൽ ജനക്കൂട്ടം ആക്രമിച്ച് തീകൊളുത്തിയ ഖോകോണ്‍ ചന്ദ്രദാസ് എന്ന യുവാവ് കുളത്തിൽ ചാടിയതിനാൽ രക്ഷപ്പെട്ടു.
1971ലെ വിമോചന യുദ്ധ സ്വാതന്ത്ര്യസമര സേനാനിയായ 75 വയസുള്ള ജോഗേഷ് ചന്ദ്ര റോയിയെയും ഭാര്യ സുബോർണയെയും രംഗ്പുർ ജില്ലയിലെ വീട്ടിൽ കഴുത്തറത്തു മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. നർസിംഗ്ഡി ജില്ലയിലെ റായ്പുരയിൽ ഡിസംബർ രണ്ടിനു രാത്രിയിൽ 42കാരനായ സ്വർണവ്യാപാരി പ്രാന്തോഷ് കോർമോകറിനെ വെടിവച്ച് കൊന്നു. ഇതേദിവസം പുലർച്ചെ ഫരീദ്പുർ ജില്ലയിലെ സാൽത്തയിൽ 35 വയസുള്ള മത്സ്യവ്യാപാരിയായ ഉത്പാൽ സർക്കാരും ക്രൂരമായി കൊല്ലപ്പെട്ടു.
ഡിസംബർ 12ന് കുമില്ല ജില്ലയിൽ 18 വയസുള്ള ഓട്ടോറിക്ഷ ഡ്രൈവർ ഷാന്റോ ചന്ദ്രദാസിനെ കഴുത്തറത്തു കൊന്നശേഷം മൃതദേഹം ചോളപ്പാടത്തു തള്ളി.







Leave a comment