സിഡ്നി: ബോണ്ടൈ ബീച്ചിൽ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനം. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് പതാകകളും തീവ്രവാദ ചിഹ്നങ്ങളും പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് നിരോധിക്കും. ന്യൂ സൗത്ത് വെയിൽസ് പാർലമെന്റ് ചർച്ച ചെയ്യാൻ പോകുന്ന കരട് നിയമങ്ങൾക്ക് കീഴിൽ, ഐഎസ് പതാകയോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുള്ള ചിഹ്നങ്ങളോ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് രണ്ട് വർഷം വരെ തടവും പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമായിരിക്കും.
‘ഗ്ലോബലൈസ് ദി ഇൻതിഫാദ’ എന്ന മുദ്രാവാക്യം നിരോധിക്കുമെന്നും, പ്രകടനങ്ങളിൽ മുഖം മറച്ചവരുടെ മുഖപടം മാറ്റാൻ പോലീസിന് അധികാരം നൽകുമെന്നും ന്യൂ സൗത്ത് വെയിൽ മുഖ്യമന്ത്രിയും (പ്രീമിയർ ഓഫ് ന്യൂ സൗത്ത് വെയിൽ) ഭരണകക്ഷിയായ ലേബർപാർട്ടിയുടെ നേതാവുമായ ക്രിസ് മിൻസ് പറഞ്ഞു. സ്പർദ്ധയും വെറുപ്പും പ്രചരിപ്പിക്കുന്നവർക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും മിൻസ് കൂട്ടിച്ചേർത്തു.
ഇന്റിഫാദയെ ലോകവ്യാപകമാക്കുക എന്നാണ് ‘ഗ്ലോബലൈസ് ദി ഇൻതിഫാദ’യുടെ അർഥം. സമീപ വർഷങ്ങളിൽ, പ്രത്യേകിച്ച് 2023-24 ഗാസ യുദ്ധസമയത്ത്, പലസ്തീൻ അനുകൂല പ്രവർത്തകർ ‘ഇൻതിഫാദയെ
അന്താരാഷ്ട്ര തലത്തിലുള്ള ഐക്യദാർഢ്യത്തിനും പലസ്തീനികളുടെ മനുഷ്യാവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നതിനായി ഇസ്രയേലിന് മേൽ സമ്മർദം ചെലുത്തുന്നതിനുള്ള ഒരു ആഹ്വാനമാണിതെന്നാണ് പലസ്തീൻ അനുകൂലികൾ പറയുന്നത്.
അതേസമയം ഇത് ലോകമെമ്പാടുമുള്ള ഇസ്രയേലികൾക്കും യഹൂദർക്കുമെതിരായ അക്രമത്തിനും ഭീകരവാദത്തിനും വേണ്ടിയുള്ള ഒരു ആഹ്വാനമാണെന്ന് വാദിക്കുന്നു.
ഇൻതിഫാദ എന്ന മുദ്രാവാക്യം ഗാസയിലെ യുദ്ധത്തിനെതിരായ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങളെ സൂചിപ്പിക്കുന്നുവെന്ന് പറയുമ്പോഴും ജൂതർക്കെതിരേയുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാന വിമർശനം. ‘ഗ്ലോബലൈസ് ദി ഇൻതിഫാദ’ എന്ന മുദ്രാവാക്യം വെറുപ്പ് പ്രചരിപ്പിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമാണെന്നാണ് സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നതെന്ന് മിൻസ് മാധ്യമങ്ങളോട് പറഞ്ഞു. ന്യൂ സൗത്ത് വെയിൽസ് പാർലമെന്റ് വിളിച്ചുചേർത്തതിന് ശേഷം തിങ്കളാഴ്ച ഈ പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.
യഹൂദ ഉത്സവമായ ഹാനക്കയുടെ ആഘോഷം നടക്കുമ്പോഴാണ് ബോണ്ടി ബീച്ചിൽ തീവ്രവാദ ആക്രമണം നടന്നത്. സംഭവത്തിൽ 15 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവേദ് അക്രം (24), പിതാവ് സാജിദ് അക്രം (50) എന്നിവരാണ് അക്രമികൾ. ഉത്സവവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകൾ ബീച്ചിൽ ഒത്തുകൂടിയിരുന്നു. ഈ സമയം വാഹനത്തിലെത്തിയ തോക്കുധാരികളായ അക്രമികൾ ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
അക്രമികളായ പിതാവും മകനും ആക്രമണത്തിന് മുമ്പ് ഐഎസ്ഐഎസിന് കൂറ് പ്രഖ്യാപിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അക്രമികൾ എത്തിയ വാഹനത്തിൽനിന്ന് ഐഎസ്ഐഎസിന്റെ പതാക ലഭിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.10-നും 87-നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ അധികവും. മിക്കവരും യഹൂദരായിരുന്നു. അക്രമികളിൽ ഒരാളായ സാജിദ് അക്രം സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് നവേദ് അക്രം.
1998-ൽ ബി.കോം. പൂർത്തിയാക്കിയ ശേഷം സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയ ആളാണ് സാജിദ് അക്രം. ഹൈദരാബാദിലാണ് ഇയാളുടെ കുടുംബവേരുകൾ. എന്നാൽ കുടുംബവുമായി ബന്ധം പുലർത്തുന്നില്ല. ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശേഷം ആറു തവണ മാത്രമാണ് സാജിദ് ഇന്ത്യ സന്ദർശിച്ചത്. അതുതന്നെ സ്വത്ത് സംബന്ധമായ കാര്യങ്ങൾക്കായിരുന്നു. പിതാവ് മരിച്ചപ്പോൾ പോലും ഇന്ത്യയിലേക്ക് വന്നില്ലെന്ന് തെലങ്കാന പോലീസ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, മകൻ നവേദ് ഓസ്ട്രേലിയയിൽ ജനിച്ചതിനാൽ ഓസ്ട്രേലിയൻ പൗരനാണ്.
1996-ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്ക് ശേഷം ഓസ്ട്രേലിയയിൽ നടന്ന ഏറ്റവും വലിയ വെടിവെപ്പായിരുന്നു ബോണ്ടി ആക്രമണം. അന്ന് 35 പേർ കൊല്ലപ്പെട്ടിരുന്നു, അന്നത്തെ പ്രധാനമന്ത്രി ജോൺ ഹോവാർഡ് കർശനമായ തോക്ക് നിയന്ത്രണ നടപടികൾക്ക് ഇത് കാരണമായി.







Leave a comment