കണ്ണൂർ: കാലമെത്ര കഴിഞ്ഞാലും കടൽദൂരമെത്ര കടന്നും രക്തം രക്തത്തെ തേടിയെത്തുമെന്നതിന്റെ തെളിവായിതാ കുടുംബവേരുകൾ തേടിയുള്ള ഒരു യാത്ര. നൂറ്റാണ്ട് മുൻപ് മലേഷ്യയിലെത്തിയ കുഞ്ഞിക്കണ്ണന്റെ രക്തബന്ധം തേടി കണ്ണൂരിലെത്തിയിരിക്കുന്നത് മകളുടെ മകൾ സുജ. കണ്ണൂർ സ്വദേശി പൊക്കന്റെ മക്കളാണ് കുഞ്ഞിക്കണ്ണനും നാരായണിയും. കുഞ്ഞിക്കണ്ണൻ ജനിച്ചത് 1906 നവംബർ എട്ടിന്. ഇരുപത്തിരണ്ടാം വയസ്സിൽ 1928-ൽ കുഞ്ഞിക്കണ്ണൻ മദ്രാസ് തുറമുഖം വഴി മലേഷ്യയിലെത്തി. കെഡയിലെ കൂലിം എന്നിടത്തെ റബ്ബർ എസ്റ്റേറ്റിൽ സൂപ്പർവൈസറായി. അവിടെ അച്യുതൻ നായരുടെ മകൾ കാർത്യായനിയെ വിവാഹം ചെയ്തു. അതിൽ ഒൻപത് മക്കൾ. കണ്ണൂരിലെ സഹോദരിയുടെ ഓർമ്മയ്ക്ക് മൂന്നാമത്തെ മകൾക്ക് കുഞ്ഞിക്കണ്ണൻ പേരിട്ടത് നാരായണിയെന്ന്.
ആ നാരായണിയുടെ ജ്യേഷ്ഠത്തി സരോജയുടെ മകളാണ് സുജ. വർഷങ്ങൾക്ക് മുൻപ് സരോജ തുടങ്ങിവെച്ച അന്വേഷണവഴിയിലൂടെ സഞ്ചരിച്ച് മുത്തച്ഛന്റെ കുടുംബവേരുകൾ കണ്ടെത്തുകയാണ് സുജയുടെ ലക്ഷ്യം. മറ്റൊന്നുകൂടിയുണ്ട്, ഒരു നൂറ്റാണ്ട് മുൻപ് വീടുവിട്ട് ജോലിതേടി കടൽ കടന്ന് മലേഷ്യയിലേക്ക് പോവേണ്ടിവന്ന സാഹചര്യം അറിയണം.
രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് കുഞ്ഞിക്കണ്ണനും കണ്ണൂരിലുള്ള നാരായണിയും തമ്മിൽ കത്തിടപാടുകൾ നടന്നിരുന്നതായി മക്കൾ കേട്ടിട്ടുണ്ട്. രണ്ട് രാജ്യങ്ങൾക്കുമിടയിൽ പറന്നിരുന്ന അപൂർവ കത്തുകളും മേൽവിലാസവും ഓർമ്മയുടെ താളുകളിലെങ്ങോ മറഞ്ഞുപോയി. ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിൽ എത്തിയ സുജ മുത്തച്ഛൻ പഠിച്ചിരിക്കാൻ സാധ്യതയുള്ള കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂളിൽ പോയി നോക്കി. 1861-ൽ തുടങ്ങിയ വിദ്യാലയത്തിൽ പക്ഷേ, പഴയ ഹാജർ പുസ്തകങ്ങൾ കാലം കാർന്നുതിന്ന് തുടങ്ങിയിരുന്നു.
പൊക്കന്റെ മകൾ നാരായണിയുടെ മക്കളോ അവരുടെ തലമുറയിൽ പെട്ടവരോ കണ്ണൂരിലെവിടെയെങ്കിലും ഉണ്ടോ-സുജ തേടുന്നതിതാണ്. പണ്ട് മലേഷ്യയിലേക്ക് പോയവരുടെ കുടുംബങ്ങൾ കണ്ണൂരിൽ ഏറെയുണ്ടെന്നും അവരിൽനിന്ന് താൻ തേടുന്നവരെ കണ്ടെത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണ് നാൽപ്പത്തിയേഴുകാരിയെ ഇവിടേക്ക് പറക്കാൻ പ്രേരിപ്പിച്ചത്. മലേഷ്യയിൽനിന്ന് കുഞ്ഞിക്കണ്ണൻ കാർത്യായനിക്കും അവരുടെ കുടുംബത്തിനൊപ്പം എടുത്ത ഒരു ചിത്രം മാത്രമാണ് സുജയ്ക്ക് വഴികാട്ടിയായുള്ളത്. ഒരുപക്ഷേ, കണ്ണൂരിലെ ഏതെങ്കിലും വീട്ടുചുമരിലെ ചില്ലിട്ട ഫ്രെയിമിൽ ചിത്രത്തിന്റെ പകർപ്പ് തൂങ്ങുന്നുണ്ടെങ്കിൽ എന്ന് അവർ ആശിച്ചുപോവുകയാണ്.
ഐടി വ്യവസായരംഗത്തെ വെസ്റ്റേൺ ഡിജിറ്റൽ കമ്പനിയിലെ പ്രോഗ്രാം മാനേജ്‌മെന്റ് ഡയറക്ടറാണ് സുജ. ഭർത്താവ് മുരുകൻ രാമൻ എച്ച്ആർ മാനേജരാണ്. രണ്ട് പെണ്ണും ഒരാണും ഉൾപ്പെടെ മൂന്ന് മക്കളാണിവർക്ക്.







Leave a comment