അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഹരിയാനയിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടി, മണിക്കൂറുകൾക്കുള്ളിൽ ഡല്‍ഹിയില്‍ വൻ സ്‌ഫോടനം; 13 മരണം, നിരവധി പേർക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം വൻ സ്‌ഫോടനം. 13 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടുകാറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നെന്നുമാണ് വിവരം. സ്ഫോടന കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

ചെങ്കോട്ട മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂർണമായും തകർന്നു. മുപ്പതികലധികം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഉഗ്ര സ്‌ഫോടനമുണ്ടായത് ഹരിയാനയിൽനിന്ന് വൻ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതിന് മണിക്കൂറുകൾക്കു പിന്നാലെ. ഹരിയാനയിലെ ഫരീദാബാദിലെ രണ്ടു കെട്ടിടങ്ങളിൽനിന്നായി മൂന്ന് ടണ്ണോളം (ഏകദേശം 2,900 കിലോ) സ്‌ഫോടക വസ്തുക്കളാണ് ജമ്മുകശ്മീർ പൊലീസ് പിടിച്ചെടുത്തത്. ഇതിൽ 350 കിലോ അമോണിയം നെട്രേറ്റും ഉൾപ്പെടുന്നു. ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്നതാണ് അമോണിയം നെട്രേറ്റ്. ഡൽഹിയിൽ സ്‌ഫോടനത്തിന് കാരണമായി പൊട്ടിത്തെറിച്ച ഐ20 കാറും ഹരിയാന റജിസ്‌ട്രേഷനിലുള്ളതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നദീം എന്ന വ്യക്തിയുടെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തിട്ടുള്ളത്

ജമ്മു കശ്മീർ സ്വദേശിയായ ഡോ. ആദിൽ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റു ചെയ്തതിനു പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജമ്മു പൊലീസ് റെയ്ഡ് നടത്തിയത്. മുസമിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടിൽനിന്നാണ് 12 സ്യൂട്ട് കെയ്‌സുകളിലായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും സ്‌ഫോടക വസ്തുവും കണ്ടെടുത്തത്. ഷക്കീൽ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തു വരുകയായിരുന്നു.

സ്‌ഫോടക വസ്തുക്കളുടെ കൂട്ടത്തിൽ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തു. ഒക്ടോബറിൽ ഭീകരദ സംഘടനകളെ അനുകൂലിച്ച് ശ്രീനഗറിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സിസിടിവികളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ അഹമ്മദാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് കണ്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അനന്തനാഗ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് ആദിൽ ആഹമ്മദ്. പരിശോധനയിൽ അനന്ത്‌നാഗിലെ മുറിയിലെ ലോക്കറിൽനിന്ന് തോക്കുകൾ കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഫരീദാബാദിൽനിന്ന് തോക്കുകളും സ്‌ഫോടകവസ്തുക്കൾ പിടികൂടിയത്.

രാജ്യത്ത് ഭീകരവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാലുദിവസത്തിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റിലായത് നാലുഡോക്ടര്‍മാരാണ്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഭീകരസംഘടനകള്‍ തങ്ങളുടെ ഓപ്പറേഷന്‍ രീതി മാറ്റി എന്നതിന് വ്യക്തമായ തെളിവാണ് ഉന്നത വിദ്യാഭ്യാസം ഉള്ളവരെ വശത്താക്കിയുള്ള നീക്കം.

ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാര്‍ കശ്മീരിലെ തങ്ങളുടെ ഹാന്‍ഡ്ലര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ആരെയാണ് തങ്ങള്‍ ലക്ഷ്യമിടേണ്ടത് എന്ന നിര്‍ദ്ദേശങ്ങള്‍ക്കായി ഇവര്‍ കാത്തിരിക്കുകയായിരുന്നു.

ഡോക്ടര്‍മാരെ ആരും സംശയിക്കില്ല എന്ന അമിതആത്മവിശ്വാസത്തിലായിരുന്നു ഡോ. ആദിലും ഡോ. മുസമ്മിലും. ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞതും മറ്റൊന്നല്ല. ഡല്‍ഹി എന്‍.സി.ആര്‍. മേഖലയില്‍ ഡോക്ടര്‍മാരെ ആരും സംശയിക്കില്ല എന്ന ധാരണയിലാണ് തങ്ങളെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തതെന്ന് അവര്‍ വെളിപ്പെടുത്തി. പാകിസ്ഥാനിലാണ് ഗൂഢാലോചനയുടെ ഉറവിടം. കശ്മീരിലെ ഹാന്‍ഡ്ലര്‍മാര്‍ വഴിയാണ് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നത്. ഈ തീവ്രവാദ മൊഡ്യൂളിന് ജെയ്ഷ്-ഇ-മുഹമ്മദ്, അന്‍സര്‍ ഗസ്വത്തുല്‍-ഹിന്ദ് എന്നീ ഭീര സംഘടനകളുമായി ബന്ധമുണ്ടെന്ന് പാലീസ് അറിയിച്ചു.

ഈ ഓപ്പറേഷന്റെ ഭാഗമായി ജമ്മു കശ്മീരിലും മറ്റ് സംസ്ഥാനങ്ങളിലും നടത്തിയ തിരച്ചിലില്‍ പ്രധാന ഓപ്പറേറ്റീവുകളെ അറസ്റ്റ് ചെയ്യുകയും വന്‍തോതില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു. ഡല്‍ഹി എന്‍.സി.ആര്‍. പ്രദേശത്ത് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഭാഗം. 2018 നും 2021 നും ഇടയില്‍ കശ്മീരില്‍ പരിക്കേറ്റ തീവ്രവാദികള്‍ക്ക് ചികിത്സ നല്‍കുന്നതിലും ഡോക്ടര്‍മാര്‍ ഏര്‍പ്പെട്ടിരുന്നു. ഈ ഡോക്ടര്‍മാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതിന് പിന്നിലെ സൂത്രധാരന്‍ ഇര്‍ഫാന്‍ അഹമ്മദ് എന്ന പള്ളി ഇമാമാണ്. ഇയാള്‍ 2019-ല്‍ വധിക്കപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുമായി ബന്ധമുള്ളയാളാണ്.

കഴിഞ്ഞ മാസം നൗഗാമില്‍ ജെയ്ഷ്-ഇ-മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ ഒട്ടിച്ചതായും ഡോക്ടര്‍മാര്‍ സമ്മതിച്ചു. ഫരീദാബാദില്‍ ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ ഉപയോഗിച്ച കാറിന്റെ ഉടമയായ മുസമ്മിലിന്റെ സഹപ്രവര്‍ത്തക ഡോ. ഷഹീന്‍ ഷാഹിദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...