ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ താരമായ ഓൾറൗണ്ടർ പർവേസ് റസൂൽ എല്ലാ ഫോർമാറ്റിലുമുള്ള ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ദേശീയ ടീമിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും അവസരം കുറഞ്ഞ സാഹചര്യത്തിലാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന തീരുമാനം അദ്ദേഹം ബി.സി.സി.ഐയെ അറിയിച്ചത്.
ഇന്ത്യൻ കുപ്പായത്തിൽ രണ്ട് രാജ്യാന്തര മത്സരങ്ങളിൽ മാത്രമാണ് റസൂൽ കളിച്ചത്. 2014-ൽ ഒരു ഏകദിനത്തിലും 2017-ൽ ഒരു ട്വന്റി20 മത്സരത്തിലും. കശ്മീരിൽ നിന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ.) കളിക്കുന്ന ആദ്യ താരം എന്ന നേട്ടവും റസൂലിന് സ്വന്തമാണ്. പുണെ വാരിയേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകൾക്കായി അദ്ദേഹം 11 ഐ.പി.എൽ. മത്സരങ്ങളിൽ കളിച്ചു.
ദേശീയ ടീമിലെ പ്രകടനങ്ങൾ
2014 ജൂണിൽ സുരേഷ് റെയ്‌നയുടെ കീഴിൽ ബംഗ്ലാദേശിനെതിരെയായിരുന്നു പർവേസ് റസൂലിന്റെ ഏകദിന അരങ്ങേറ്റം. 10 ഓവറിൽ 60 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റായിരുന്നു ഈ മത്സരത്തിൽ താരത്തിന്റെ നേട്ടം. 2017 ജനുവരിയിൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു റസൂലിന്റെ ഏക ട്വന്റി20 മത്സരം. എട്ടാമനായി ബാറ്റിങ്ങിനിറങ്ങി ആറു പന്തിൽനിന്ന് 5 റൺസ് നേടിയ താരം, ബോളിങ്ങിൽ നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. ഐ.പി.എലിൽ ആകെ 11 മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റും 17 റൺസുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ആഭ്യന്തര ക്രിക്കറ്റിലെ തിളക്കം
ദേശീയ ടീമിൽ വലിയ സ്വാധീനം ചെലുത്താനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീരിനായി റസൂൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2008-ൽ അരങ്ങേറിയ ഓൾറൗണ്ടറായ റസൂൽ 95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 5648 റൺസും 352 വിക്കറ്റും നേടി. 164 ലിസ്റ്റ് എ മത്സരങ്ങളിൽ 3982 റൺസും 221 വിക്കറ്റും, 71 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 840 റൺസും 60 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
2013-14, 2017-18 രഞ്ജി സീസണുകളിൽ മികച്ച ഓൾറൗണ്ടർക്കുള്ള ലാലാ അമർനാഥ് ട്രോഫി റസൂലിന് ലഭിച്ചു. 2012-13 രഞ്ജി സീസണിൽ 594 റൺസും 33 വിക്കറ്റുമായി തിളങ്ങിയ പ്രകടനമാണ് റസൂലിനെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നത്.
വിവാദമായ ഒഴിവാക്കൽ
സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിൽ റസൂൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും പ്ലേയിങ് ഇലവനിൽ ഇടം നേടിയിരുന്നില്ല. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മൂന്നും ഇന്ത്യ ജയിച്ചപ്പോൾ പകരക്കാർക്ക് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും റസൂലിന് മാത്രം അവസരം ലഭിച്ചില്ല. ഇന്ത്യൻ സംഘത്തിലെ 15 പേരിൽ 14 പേരും കളത്തിലിറങ്ങിയിരുന്നു.
അന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ള, കേന്ദ്രമന്ത്രി ശശി തരൂർ എന്നിവരുൾപ്പെടെയുള്ളവർ റസൂലിനെ ഒഴിവാക്കിയതിനെതിരെ രംഗത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. ക്യാപ്റ്റൻ വിരാട് കോലി വിശദീകരണവുമായി എത്തുകയും, വിജയങ്ങളുമായി ടീം മുന്നോട്ട് പോകുമ്പോൾ ബോളിങ് കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് വിവാദത്തിന് ശമനമായത്.







Leave a comment