കേരള വാർത്ത

പൂർണ്ണമായും തകർന്ന ട്രാവലറിനെ വീണ്ടെടുത്തു: കൂട്ടാറിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ ‘വിനായക’യെ കരകയറ്റി നാട്ടുകാർ

നെടുങ്കണ്ടം: കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ കൂട്ടാർ പുഴയിൽ ഒഴുക്കിൽപ്പെട്ട ട്രാവലർ ഒൻപത് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും വാഹനപ്രേമികളും ചേർന്ന് കരകയറ്റി. പൂർണ്ണമായി തകർന്നെങ്കിലും ‘വിനായക’ എന്ന ഈ വാഹനത്തെയാണ് നാട്ടുകാർ പുഴയിൽ നിന്ന് വീണ്ടെടുത്തത്. കൂട്ടാർ സ്വദേശി കേളൻത്തറയിൽ ബി. റെജിമോന്റെ ഭാര്യ അബിജിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം.

ശനിയാഴ്ച രാവിലെ ആറോടെ പാലത്തിൽ നിന്ന് പുഴയിലേക്ക് പതിച്ച വാഹനം ഏകദേശം മുന്നൂറ് മീറ്ററോളം അകലെ ഉച്ചയ്ക്ക് രണ്ടോടെയാണ് കണ്ടെത്തിയത്. പുഴയിലെ കുത്തൊഴുക്കിൽ വീണ്ടും ഒഴുകിപ്പോകാതിരിക്കാൻ പ്രദേശവാസികളായ സുമേഷ്, കെ.എസ്. രതീഷ്, സുധീഷ് എന്നിവർ ചേർന്ന് വടത്തിൽ കെട്ടിനിർത്തി.

തുടർന്ന് ഞായറാഴ്ച രാവിലെ എട്ടോടെ ആരംഭിച്ച രക്ഷാദൗത്യം വൈകിട്ട് അഞ്ചോടെയാണ് അവസാനിച്ചത്. പുഴയിലെ കൽക്കൂട്ടത്തിനിടയിൽ തങ്ങിനിന്നിരുന്ന ട്രാവലർ ട്രാക്ടറിന്റെ സഹായത്തോടെയാണ് റോഡിലേക്ക് കയറ്റിയത്. പുഴയിൽ നിന്ന് കുത്തുകയറ്റമുള്ള റോഡിലേക്ക് വാഹനം എത്തിക്കാൻ നാട്ടുകാരുടെ മണിക്കൂറുകൾ നീണ്ട കൂട്ടായ ശ്രമം വേണ്ടി വന്നു.

മൂന്നുപേരുടെ ഉപജീവനമാർഗ്ഗം

ഈ വാഹനം ഉടമയായ റെജിമോനെ കൂടാതെ, ഡ്രൈവർമാരായ കൂട്ടാർ പുളിന്തറ സന്തോഷ്, രാജകൃഷ്ണ (അപ്പു) എന്നിവരുടെ കൂടി ഉപജീവനമായിരുന്നു. നഴ്സിങ് ട്യൂട്ടറായ ഭാര്യ അബിജിതയ്ക്കൊപ്പം കണ്ണൂരിലെ കാടാച്ചിറയിലാണ് റെജിമോൻ താമസിക്കുന്നത്. സന്തോഷിന്റെയും അപ്പുവിന്റെയും കൈകളിൽ തന്റെ വാഹനം ഭദ്രമായിരുന്നുവെന്നും അറ്റകുറ്റപ്പണികളുൾപ്പെടെ പൂർണമായും അവർ തന്നെയാണ് നോക്കി നടത്തിയിരുന്നതെന്നും റെജിമോൻ പറഞ്ഞു. 2021-ൽ വാഹനം വാങ്ങിയത് മുതൽ താൻ ഇതുവരെ ഓടിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിലേക്ക് ഓട്ടം പോയ ശേഷം വൈകിട്ട് ഏഴോടെ തിരികെയെത്തി പാർക്ക് ചെയ്ത വാഹനമാണ് ശനിയാഴ്ച രാവിലെ ഒഴുക്കിൽപ്പെട്ടത്. പത്തര ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനത്തിൽ അഞ്ചര ലക്ഷം രൂപയുടെ അധിക ജോലികളും ചെയ്തിട്ടുണ്ട്. 22,250 രൂപ പ്രതിമാസം അടവുള്ള വാഹന വായ്പ ഇനിയും രണ്ടര വർഷം ബാക്കിയുണ്ട്.

കഴിഞ്ഞ മാസം വരെ തേഡ്ക്യാംപ് ഗവ.എൽ.പി. സ്കൂൾ വാഹനമായും ‘വിനായക’ സർവീസ് നടത്തിയിരുന്നു. സ്കൂളിലേക്ക് പുതിയ ബസ് വാങ്ങിയതോടെയാണ് ഈ ഓട്ടം നിർത്തിയത്. ‘വിനായക’ എന്ന പേരിൽ റെജിമോന് മറ്റൊരു ബസ് കൂടിയുണ്ട്. സന്തോഷിനും അപ്പുവിനും വേണ്ടി എല്ലാ തടസ്സങ്ങളെയും നീക്കി ‘വിനായക’ ട്രാവലർ വീണ്ടും നിരത്തിലിറക്കുമെന്ന് റെജിമോൻ ഉറപ്പുനൽകി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...