അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യ ആക്രമിക്കപ്പെട്ടാൽ അമേരിക്ക സഹായിക്കും: സൗഹൃദവും പിന്തുണയും പരസ്യമാക്കി ഡൊണാൾഡ് ട്രംപ്

എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണത്തിൽ തുടരുന്നിടത്തോളം കാലം, രാജ്യത്തിന് അമേരിക്കയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടാൽ സഹായിക്കാൻ അമേരിക്ക മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചർച്ചയിലാണ് മോദിയോടുള്ള സൗഹൃദവും രാജ്യത്തോടുള്ള പിന്തുണയും ട്രംപ് പരസ്യമാക്കിയത്.

“ഇരുരാജ്യങ്ങളും തമ്മിൽ മികച്ചൊരു ബന്ധമാണുള്ളത്. ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ ഞങ്ങൾ അവിടെയുണ്ടാകും. ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു കരാറില്ല. പക്ഷേ, ഇന്ത്യ ആക്രമിക്കപ്പെടുകയും മോദി നേതാവായി തുടരുകയും ചെയ്താൽ യു.എസ്. സഹായത്തിനെത്തും. തീർച്ചയായും ഞങ്ങൾ കൂടെയുണ്ടാകും. ആ മനുഷ്യനെ ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ കൂടെയുണ്ടാകും. മറ്റൊരു നേതാവാണ് ഭരിക്കുന്നതെങ്കിൽ എനിക്ക് ഉറപ്പില്ല. എന്നാൽ മോദിയാണ് ഭരണത്തിലെങ്കിൽ ഞങ്ങൾ തീർച്ചയായും സഹായിക്കും.”- ട്രംപ് പറഞ്ഞു.

താൻ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്താണെന്ന് വ്യക്തമാക്കിയ ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രിക്ക് വാഷിങ്ടണിൽ വലിയ ആദരവാണുള്ളതെന്നും കൂട്ടിച്ചേർത്തു. “ഞാൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് വൈറ്റ് ഹൗസിൽ വലിയൊരു സുഹൃത്തുണ്ടാകും. ഇവിടെ എല്ലാവരും ഇന്ത്യയെ സ്നേഹിക്കുന്നു. ഒപ്പം നരേന്ദ്ര മോദിയെന്ന ഈ മനുഷ്യനോട് എല്ലാവർക്കും വലിയ ബഹുമാനമാണുള്ളത്.”- അദ്ദേഹം വ്യക്തമാക്കി.

ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഇരു നേതാക്കളുടെയും സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് രാജ്യാന്തര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇടംപിടിച്ച ട്രംപിന്റെ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. പ്രധാനമന്ത്രി മോദിയെ ‘കാം, കൂള്‍, ടോട്ടല്‍ കില്ലര്‍’ (ഏറെ ശാന്തനും എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ കെല്‍പ്പുള്ളവനും) എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് ട്രംപ് വിശേഷിപ്പിച്ചത്.

ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്ത ഉച്ചഭക്ഷണ വേളയിലായിരുന്നു ട്രംപ് മോദിയെ പ്രശംസകൊണ്ട് മൂടിയത്. പ്രധാനമന്ത്രി മോദി അതീവ ശാന്തനും ഗൗരവക്കാരനും അസാധാരണമായ ആത്മവിശ്വാസമുള്ളയാളുമാണെന്ന് ട്രംപ് പറഞ്ഞു. ‘കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ കെല്‍പ്പുള്ളവനാണ് അദ്ദേഹം. എന്നാല്‍ ഞാന്‍ അങ്ങനെയല്ല, അദ്ദേഹത്തെ നോക്കൂ’ എന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടായി ട്രംപ് പറയുകയുണ്ടായി. മോദിയെപ്പോലെയാകാന്‍ തനിക്ക് കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിനെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി പ്രതികരിച്ചത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയില്‍ ഇതിനകം പല നല്ല കാര്യങ്ങളും സംഭവിച്ചതായി ട്രംപും വ്യക്തമാക്കി. 16 മാസങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും നേരിട്ട് കാണുന്നത്. 2025 ഫെബ്രുവരിയില്‍ വാഷിംഗ്ടണിലായിരുന്നു ഇവരുടെ അവസാന കൂടിക്കാഴ്ച. ഉച്ചകോടി ഹാളില്‍ വെച്ച് പുഞ്ചിരിയോടെ പരസ്പരം കൈകൊടുത്തും തോളില്‍ തട്ടിയുമാണ് ഇരുവരും സൗഹൃദം പുതുക്കിയത്. എന്നാല്‍ ഇരുവരും ഔപചാരികമായ ഹസ്തദാനത്തില്‍ ഒതുക്കിയതും പരസ്പരം ആലിംഗനം ചെയ്യാതിരുന്നതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

സമുദ്ര രംഗത്തെ സുരക്ഷയ്ക്കായി ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന ശക്തമായ ആഹ്വാനം ജി 7 നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ചു. നാവികര്‍ക്ക് യാതൊരുവിധ ഭയവുമില്ലാതെ ജോലി ചെയ്യാനാകുന്ന സാഹചര്യം ഉണ്ടാകണം. പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നതിനുള്ള സുപ്രധാന നടപടികള്‍ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, ഹോര്‍മുസ് തുറക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മോദി ഓര്‍മ്മിപ്പിച്ചു. യു.എസ് നടത്തിയ സൈനിക ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ആശങ്ക ഇന്ത്യ ട്രംപിനെ അറിയിക്കും. നാവികരുടെ സുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രി മോദി സ്വീകരിച്ച നിലപാടുകള്‍ കടുത്തതാണെന്ന് ട്രംപും പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രതിരോധം, സുപ്ര സുപ്രധാന വ്യാപാര കരാറുകള്‍, പശ്ചിമേഷ്യയെയാകെ ഉലച്ചുകൊണ്ടിരിക്കുന്ന യു.എസ് – ഇറാന്‍ യുദ്ധം എന്നിവയാകും പ്രധാന അജണ്ടകള്‍. സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

വാണാക്യൂ സെന്റ് ജെയിംസ് പള്ളിയില്‍ വലിയ പെരുന്നാള്‍

മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദൈവാലയത്തിലെ വലിയ പെരുന്നാള്‍ ജൂണ്‍...

അമേരിക്കൻ വാർത്ത

ഫോമാ മെഡിക്കല്‍ കാര്‍ഡ്: ജന്മനാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പ്രതീകം

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, കേരളത്തിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കിയ മെഡിക്കല്‍ കാര്‍ഡ്...

അമേരിക്കൻ വാർത്ത

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്

പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക...

അമേരിക്കൻ വാർത്ത

‘ടീം പ്രോമീസ് ഫോമാ’യ്ക്ക് ചിക്കാഗോയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഹൃദ്യമായ വരവേല്‍പ്പ്‌

ചിക്കാഗോ: വിശ്വാസവും സത്യസന്ധന്ധതയും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി...