സിനിമ

‘എല്ലാവരെയും ചിരിപ്പിച്ചു, വെറുപ്പിച്ചില്ല; അമ്മയായിരുന്നു എല്ലാം, പ്രളയം വന്നപ്പോൾ ഓടിച്ചെന്നത് ആ വീട്ടിലേക്ക്’; വിതുമ്പി സലിം കുമാറിന്റെ നാട്

അന്തരിച്ച പ്രിയനടൻ സലിം കുമാറിന്റെ വിയോഗത്തിൽ നോർത്ത് പറവൂരിലെ അദ്ദേഹത്തിന്റെ ജന്മനാടും സുഹൃത്തുക്കളും കടുത്ത ദുഃഖത്തിലാണ്. സലിം കുമാറുമായുള്ള 52 വർഷത്തെ സുദീർഘമായ ആത്മബന്ധത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായ ദേവൻ. ഓർമ്മവച്ച കാലം മുതൽക്കേ ഈ നാട്ടുകാരെ ചിരിപ്പിച്ചുതുടങ്ങിയ സലിം കുമാറിന്റെ കുട്ടിക്കാലവും, അമ്മയോടുള്ള തീരാത്ത സ്നേഹവും, പ്രളയകാലത്ത് അദ്ദേഹം കാട്ടിയ വലിയ മനസ്സും എല്ലാം ദേവൻ വിതുമ്പലോടെ പങ്കുവച്ചു.  

സലിം കുമാർ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് തന്റെ അമ്മയെ ആയിരുന്നുവെന്ന് ദേവൻ സാക്ഷ്യപ്പെടുത്തുന്നു. അച്ഛന്റെ കാലത്ത് അവർക്ക് സ്വന്തമായി വള്ളം ഉണ്ടായിരുന്നതായും കൊച്ചിയിൽ നിന്ന് പറവൂരിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്ന നല്ലൊരു കാലം ഉണ്ടായിരുന്നുവെന്നും ദേവൻ പറഞ്ഞു. എല്ലാവരുമായും പെട്ടെന്ന് അടുക്കുന്ന ഒരു പ്രത്യേക സ്വഭാവമായിരുന്നു സലിം കുമാറിന്റേതെന്നും എവിടെച്ചെന്നാലും ഒരാളെയും വെറുപ്പിക്കാതെ, എല്ലാവരെയും ചിരിപ്പിച്ചു മാത്രമേ അവൻ മടക്കാറുള്ളൂ എന്നും സുഹൃത്ത് ഓർത്തെടുക്കുന്നു.  

“എനിക്ക് സലിം കുമാറുമായി 52 വർഷത്തെ പരിചയമുണ്ട്. ഞാനും സലിം കുമാറും താമസിക്കുന്നത് ഒരു അര കിലോമീറ്റർ വ്യത്യാസത്തിലാണെങ്കിലും സലിം കുമാർ താമസിക്കുന്ന വഴിയിലൂടെയാണ് കുട്ടിക്കാലത്ത് ഞങ്ങൾ യാത്ര ചെയ്യുന്നത്.  ഈ വഴിയിൽ ഉത്സവപ്പാടത്ത് നിന്ന് വാങ്ങുന്ന പല നിറത്തിലുള്ള ഒരു വാച്ച് കെട്ടി സലിം കുമാർ അവിടെ നിൽപ്പുണ്ടാകും. അപ്പോൾ പോകുന്നവരൊക്കെ സലിം കുമാറിനോട് ചോദിക്കും, “സലീമേ സമയം എത്രയായി?” അപ്പോൾ സലിം കുമാറിന് ഒറ്റ ഉത്തരമേ ഉള്ളൂ, ഇത്തിരി വിക്കുള്ളതുകൊണ്ട് അത് കേൾക്കാൻ നല്ല രസമാണ്. “അഞ്ചര” എന്നാണു പറയുക! അത് കേൾക്കാൻ ഭയങ്കര രസമാണ്.   

ആളുകൾ കൗതുകത്തോടെ ഇങ്ങനെ ചോദിച്ചുകൊണ്ടേയിരിക്കും.  സലിം കുമാർ ഓർമ്മവച്ച കാലം മുതലേ ഈ നാട്ടുകാരെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. കുറേവർഷം കഴിഞ്ഞപ്പോൾ നാടകത്തിലൂടെയും സിനിമയുടെയും ഒരുപാടാളുകൾ ചിരിപ്പിക്കുന്ന ഒരാളായി മാറി.  

സലിം കുമാർ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് അമ്മയെ ആണ്.  അമ്മയ്ക്ക് വേണ്ടിയാണ് അവൻ ജീവിച്ചിരുന്നത് തന്നെ. എത്ര രാത്രിയാണെങ്കിലും അവൻ അമ്മയെക്കാണാൻ വീട്ടിലെത്തും.  അമ്മയില്ലാത്തൊരു ജീവിതം സലിം കുമാറിന് ഉണ്ടായിരുന്നില്ല.  ബാല്യകാലത്ത് കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  അച്ഛൻ മരിച്ചതിനു ശേഷം പ്രചോദനം നൽകി ഈ രംഗത്ത് നിലനിൽക്കാനുള്ള കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തത്  അമ്മ തന്നെയാണ്.

അവന്റെ അച്ഛന് സ്വന്തമായി വള്ളം ഉണ്ടായിരുന്നു.  കൊച്ചിയിലേക്ക് വള്ളത്തിൽ സാധനങ്ങൾ കയറ്റി പോവുകയും അവിടെ നിന്ന് പറവൂരിലേക്ക് സാധനങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്ന ഒരു നല്ല കാലം അവർക്ക് ഉണ്ടായിരിന്നു. അതാണ് ‘വീട്ടിൽ ദാരിദ്ര്യമുണ്ട് പക്ഷേ പട്ടിണി ഇല്ലായിരുന്നു’ എന്ന് സലിം കുമാർ പറഞ്ഞിട്ടുള്ളത്. അച്ഛൻ മരിച്ചതിനു ശേഷം കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ആ ബുദ്ധിമുട്ട് കാരണമാണ് വിദ്യാഭ്യാസം തീർക്കുന്നതിന് മുൻപ് തന്നെ കലാരംഗത്തേക്ക് കടന്നുവന്നത്.  

ഇങ്ങനെയൊരാൾ ഈ നാട്ടിൽ നിന്ന് വേറെ ഉണ്ടാകില്ല. കാരണം പ്രത്യേക തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു സലിം കുമാർ.  എവിടെ ചെന്നാലും ആരുമായിട്ടും പെട്ടെന്ന് അടുക്കുന്ന ഒരു സ്വഭാവം ആയിരുന്നു. ഒരാളെയും വെറുപ്പിക്കില്ല, എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടേ പറഞ്ഞയയ്ക്കുകയുള്ളൂ.  

പ്രളയകാലത്ത് എല്ലായിടത്തും വെള്ളം കയറിയപ്പോൾ ഈ നാട്ടിലുള്ള പലരും അഭയം പ്രാപിച്ചത് സലിം കുമാറിന്റെ വീട്ടിലാണ്. കാരണം ഈ വീട്ടിൽ നല്ല സൗകര്യം ഉണ്ടായിരുന്നു. ആ സൗകര്യം മുഴുവൻ ആളുകൾക്ക് പ്രയോജനപ്പെടാൻ തുറന്നു കൊടുത്തു.  പിന്നീട് ഇവിടുന്നു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ വൈപ്പിനിൽ നിന്ന് അന്നത്തെ വൈപ്പിൻ എം എൽ എ വള്ളം കൊണ്ടുവന്നാണ് ഇവിടെയുള്ളവരെ രക്ഷിച്ചു കൊണ്ടുപോയത്.

സലിം കുമാറിന്റെ ആദാമിന്റെ മകൻ അബു എന്ന സിനിമയിലെ അബു എന്ന കഥാപാത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടം. ആ കഥാപത്രം ചെയ്യാൻ അവൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്,” ദേവൻ പറഞ്ഞു. 

ചിരിയുടെ തമ്പുരാനായി മലയാളി നെഞ്ചിലേറ്റിയ സലിം കുമാർ എന്ന വലിയ മനുഷ്യൻ വിടപറയുമ്പോൾ, അദ്ദേഹത്തിന്റെ വിയോഗത്തിൽ കണ്ണീരൊഴുക്കുകയാണ് ഒരു നാട് മുഴുവൻ. വെള്ളിത്തിരയിലെ കോമഡി കഥാപാത്രങ്ങൾക്കപ്പുറം വലിയൊരു മാനവികതയുടെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്നു തങ്ങൾക്ക് സലിം കുമാറെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. 

കേരളത്തെ നടുക്കിയ പ്രളയകാലത്ത് തന്റെ വീട് ജനങ്ങൾക്കായി തുറന്നുകൊടുത്ത് അമ്പതിലധികം പേർക്ക് അഭയമേകിയ ആ വലിയ മനസ്സിനെയാണ് നാട്ടുകാർ വിതുമ്പലോടെ ഓർത്തെടുക്കുന്നത്. പറവൂരിലെ സലിം കുമാറിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർക്ക് പ്രിയതാരത്തിന്റെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല. പ്രളയകാലത്തെ ആ കറുത്ത നാളുകളിൽ തങ്ങൾക്ക് ദൈവത്തെപ്പോലെ തുണയായത് സലിം കുമാറായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. 

നാട്ടുകാരിൽ ചിലർ പങ്കുവച്ചത്: “ഞങ്ങൾക്ക് ഭയങ്കര ദുഃഖമാണ്.  പ്രളയത്തിന്റെ സമയത്ത് ഞങ്ങൾ അൻപതോളം വീടുകളിലെ ആൾക്കാർ ഈ വീടിന്റെ മുകളിലത്തെ നിലയിലാണ് താമസിച്ചത്.  ഈ വീടിന്റെ വാതിൽ എല്ലാവര്ക്കും വേണ്ടി തുറന്നിട്ടിരിക്കുകയായിരുന്നു.  ഞങ്ങൾ എല്ലാവരും ഇവിടെ നിന്ന് പോയതിനു ശേഷമാണ് അദ്ദേഹം പോയത്.  രണ്ടു ദിവസം ഞങ്ങൾക്കെല്ലാവർക്കും വേണ്ട ഭക്ഷണവും തന്നു.  അദ്ദേഹത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല.  അത്ര ഉപകാരമായിരുന്നു ജനങ്ങൾക്ക്. ”  

“പ്രളയകാലം ഒരിക്കലും ഞാൻ മറക്കില്ല കാരണം ഈ വീടിന്റെ മുകളിലത്തെ ഞാനും എന്റെ കുടുംബവും ഉൾപ്പടെ താമസിച്ചത് .  മാത്രമല്ല നാൽപ്പതോളം പേര് താമസിച്ചത് ഈ വീടിന്റെ മുകളിലത്തെ നിലയിലാണ്.  ഭക്ഷണം ഉൾപ്പടെ എല്ലാം തന്നു.  അദ്ദേഹം ആദ്യം തന്നെ ഞങ്ങളെ എല്ലാവരെയും വിളിച്ചു,  “ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട് ,  എല്ലാവര്ക്കും ഇവിടെ വരാം” എന്ന് പറഞ്ഞു.  ഒരു റൂം ഒഴിച്ച് ബാക്കി വീട് മുഴുവൻ ഞങ്ങൾക്കായി വിട്ടുതന്നു.  അത് ഞങ്ങൾക്കാർക്കും ഒരിക്കലൂം മറക്കാൻ കഴിയില്ല.  അത്ര വലിയ കാര്യമാണ് ചെയ്തു തന്നത്.  ഈ മതിലിനു മുകളിൽ വരെ വെള്ളമുണ്ടായിരുന്നു.  ആ സമയത്താണ് ഈ വീട് തുറന്നുതന്നത്,” നാട്ടുകാർ പറഞ്ഞു. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

പ്രവാചകന്മാരേ പറയൂ…’ പാട്ട് ഇനി കളറിൽ; ആ പഴയകാലം ഇനി നിറങ്ങളിൽ കാണാം

പത്തനംതിട്ട: ‘പ്രവാചകന്മാരേ പറയൂ…’ എന്നുതുടങ്ങുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാഗാനരംഗം ഒന്നരയാഴ്ച മുൻപ് കളറിൽ യുറ്റ്യൂബിൽ...

കേരള വാർത്തകൗതുകങ്ങൾസിനിമ

പ്രേക്ഷക ഹൃദയം കീഴടക്കി ചിദംബരം സിനിമ ‘ ബാലൻ -ദി ബോയ്’ (Review)

മലയാളത്തിലെ ആദ്യ ശബ്ദചിത്രമായിരുന്നു ‘ബാലൻ’ ഇതുവരെ. എന്നാൽ ഇനി മുതൽ അത് മലയാളസിനിമയിലെ നവയുഗസംവിധായകരിൽ ഒരാളായ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

കൊച്ചിയിൽ ജെ.സി. ഡാനിയൽ ഫിലിം സിറ്റി; കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി: 2026 ബജറ്റിൽ പ്രഖ്യാപനം

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ...

സിനിമ

സയൻസ് ഫിക്ഷൻ ചിത്രം ‘പ്ലൂട്ടോ’യിലെ ആദ്യ ഗാനം ‘യുഎഫ്ഒ മോഡ്’ റിലീസ് ചെയ്തു

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം പ്ലൂട്ടോയിലെ ആദ്യ വീഡിയോ ഗാനം റിലീസ്...