കായികംപ്രധാന വാർത്ത

ഐപിഎല്ലിൽ രാജസ്ഥാനെ 77 റൺസിന് തകർത്ത് ഗുജറാത്ത്; റാഷിദ് ഖാന് നാലുവിക്കറ്റ്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ 152 റൺസിന് ഓൾഔട്ടായി. 77 റൺസിനാണ് ഗുജറാത്തിന്റെ ജയം. ഗുജറാത്തിനായി റാഷിദ് ഖാൻ നാലുവിക്കറ്റെടുത്ത് തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി പതിവുപോലെ കൗമാരതാരം വൈഭവ് സൂര്യവംശി വെടിക്കെട്ടോടെ തുടങ്ങി. സിക്‌സറുകളും ഫോറുകളും പിറന്നതോടെ രണ്ടോവറിൽ ടീം 26 റൺസിലെത്തി. മൂന്നാം ഓവറിൽ മുഹമ്മദ് സിറാജിനെ മൂന്ന് തവണ ഫോറടിച്ച ശേഷം അഞ്ചാം പന്തിൽ പുറത്തായി. 16 പന്തിൽ നിന്ന് 36 റൺസാണ് താരത്തിന്റെ സമ്പാദ്യം. വൈഭവിന് പിന്നാലെ ബാറ്റർമാർ നിരനിരയായി മടങ്ങിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. യശസ്വി ജയ്‌സ്വാൾ(3), ഷിമ്രോൺ ഹെറ്റ്മയർ(6), ഡൊണോവൻ ഫെരെയ്‌ര(4) എന്നിവർ നിരാശപ്പെടുത്തി. അടിച്ചുകളിച്ച ധ്രുവ് ജുറേൽ 10 പന്തിൽ നിന്ന് 24 റൺസെടുത്ത് പുറത്തായി.

പത്തോവർ അവസാനിക്കുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 99 റൺസെന്ന നിലയിലായിരുന്നു രാജസ്ഥാൻ. രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സാണ് ടീമിന് അൽപ്പമെങ്കിലും ആശ്വാസമായത്. ശുഭം ദുബെ 15 റൺസെടുത്ത് ക്രീസ് വിട്ടു. പിന്നാലെ രവീന്ദ്ര ജഡേജയെയും പുറത്താക്കി റാഷിദ് ഖാൻ രാജസ്ഥാനെ പ്രതിരോധത്തിലാക്കി. 25 പന്തിൽ നിന്ന് 38 റൺസാണ് ജഡേജയുടെ സമ്പാദ്യം. പിന്നാലെ വന്നവർക്കും പിടിച്ചുനിൽക്കാനായില്ല. ഒടുക്കം 152 റൺസിന് ടീം ഓൾഔട്ടായി.

നേരത്തേ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 229 റൺസാണെടുത്തത്. അർധസെഞ്ചുറി തികച്ച സായ് സുദർശനും നായകൻ ശുഭ്മാൻ ഗില്ലുമാണ് ഗുജറാത്തിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന്റേത് ഉജ്ജ്വല തുടക്കമായിരുന്നു. സായ് സുദർശനും ശുഭ്മാൻ ഗില്ലും അടിച്ചുതകർത്തതോടെ ഗുജറാത്ത് പവർപ്ലേയിൽ തന്നെ മികച്ച സ്‌കോറിലെത്തി. ആദ്യ ആറോവറിൽ 82 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ഇരുവരും മിന്നിച്ചതോടെ രാജസ്ഥാൻ ബൗളർമാർ വിയർത്തു. ഒൻപതാം ഓവറിൽ ടീം സ്‌കോർ നൂറുകടന്നു. സായ് സുദർശൻ 50 തികച്ചു. പത്തോവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ടീം 114 റൺസിലെത്തി.

11-ാം ഓവറിൽ സായ് സുദർശൻ പുറത്തായി. 36 പന്തിൽ നിന്ന് 55 റൺസെടുത്താണ് താരം മടങ്ങിയത്. വൺ ഡൗണായി ഇറങ്ങിയ ജോസ് ബട്ട്‌ലർ 13 റൺസ് മാത്രമെടുത്ത് ക്രീസ് വിട്ടു. അർധസെഞ്ചുറിയുമായി ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ ഗില്ലാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വാഷിങ്ടൺ സുന്ദറിനെ ഒരു വശത്ത് നിർത്തി ഗിൽ തകർത്തടിച്ചു. അതോടെ 16 ഓവറിൽ ഗുജറാത്ത് 179 റൺസിലെത്തി. പിന്നാലെ 44 പന്തിൽ നിന്ന് 84 റൺസുമായി ഗിൽ മടങ്ങി.

അവസാനഓവറുകളിൽ വെടിക്കെട്ട് നടത്തിയ വാഷിങ്ടൺ സുന്ദറും രാഹുൽ തെവാട്ടിയയും ചേർന്നാണ് ടീമിനെ 220 കടത്തിയത്. വാഷിങ്ടൺ സുന്ദർ 20 പന്തിൽ നിന്ന് 37 റൺസെടുത്തപ്പോൾ തെവാട്ടിയ നാല് പന്തിൽ നിന്ന് 14 റൺസെടുത്തു. രാജസ്ഥാനായി ബ്രിജേഷ് ശർമ രണ്ട് വിക്കറ്റെടുത്തു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...