തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോർട്ട് പുറത്തുവിടണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ നിർണായക നീക്കവുമായി സർക്കാർ. കമ്മിഷൻ റിപ്പോർട്ടിലെ മിക്ക ശുപാർശകളിലും തീരുമാനമെടുത്ത സർക്കാർ, ശേഷിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചും തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നിരുന്നു. 220 ശുപാർശകളിലും ഉപ ശുപാർശകളിലും നടപടികൾ പൂർത്തിയായെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിദ്യാഭ്യാസമേഖലയിൽ സംവരണം ഉയർത്തണമെന്ന ശുപാർശകളിൽ തീരുമാനമായിട്ടുണ്ടോയെന്നു വ്യക്തമാക്കിയിട്ടില്ല.
സൺഡേസ്കൂൾ അധ്യാപകർക്കു ക്ഷേമനിധി ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ശുപാർശകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും റിപ്പോർട്ട് പൂർണമായി പുറത്തുവിടാൻ സർക്കാർ തയാറായിട്ടില്ല. കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ സാധ്യമല്ലെന്നായിരുന്നു മറുപടി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ സര്‍വീസുകളില്‍ ക്രിസ്ത്യാനികള്‍, നാടാര്‍, മതം മാറിയ ക്രിസ്ത്യാനികള്‍ എന്നിവരുടെ കുറവ് നികത്താന്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് വേണമെന്ന് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ ലാറ്റിന്‍ കത്തോലിക്കര്‍ക്കും ആംഗ്ലോ-ഇന്ത്യക്കാര്‍ക്കും 3 ശതമാനം സംവരണം നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കുള്ള സംവരണം ആറു ശതമാനമായി വര്‍ധിപ്പിക്കണമെന്നും ജെബി കോശി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
മദ്രസ അധ്യാപകര്‍ക്കുള്ളതിന് സമാനമായി സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്തുക എന്നതാണ് മറ്റൊരു ശുപാര്‍ശ. ദലിത് ക്രിസ്ത്യാനികള്‍ വലിയ വിവേചനമാണ് നേരിടുന്നത്. അതിനാല്‍ പട്ടികജാതി (എസ്സി) സമൂഹം അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ, ക്ഷേമ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായിട്ടാണ് സര്‍ക്കാര്‍ ജെ ബി കോശി കമ്മീഷന്‍ തൂപീകരിച്ചത്.
കമ്മീഷന്‍ 2023 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ദലിത് സമുദായങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് മികച്ച പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമുള്ള നിരവധി നടപടികള്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ ജോലികളില്‍ ലാറ്റിന്‍ കത്തോലിക്കര്‍ക്കും ദലിത് ക്രിസ്ത്യാനികള്‍ക്കും ഉള്ള പ്രാതിനിധ്യം പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കമ്മിഷൻ ശുപാർശകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത ഡിസംബർ ഒന്നിന് പള്ളികളിൽ ഇടയലേഖനം വായിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും തിടുക്കപ്പെട്ട് കമ്മിഷൻ ശുപാർശകൾ നടപ്പാക്കുന്നതിനു സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
2023 മേയിൽ നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ ക്രോഡീകരിച്ച ന്യൂനപക്ഷ വകുപ്പ്, മറ്റു വകുപ്പുകളുടെ അഭിപ്രായം തേടാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച കത്ത് അതേ വർഷം ഒക്ടോബർ 20നാണ് നൽകിയത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നായിരുന്നു നിർദേശം. പല വകുപ്പുകളും മെല്ലെപ്പോക്കിലായിരുന്നു.
കമ്മിഷന്റെ പ്രധാന ശുപാർശകൾ∙ പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള സംവരണം 4% ൽ നിന്ന് 6% ആയി വർധിപ്പിക്കുക. ഈ വർധന ലത്തീൻ–ആംഗ്ലോ ഇന്ത്യൻ, നാടാർ, പരിവർത്തിത ക്രൈസ്തവർ എന്നിവർക്കുവേണ്ടി 3:2:1 എന്ന അനുപാതത്തിൽ വിഭജിക്കുക.
∙ സ്വാശ്രയ മെഡിക്കൽ, നഴ്സിങ്, പാരാ മെഡിക്കൽ സ്ഥാപനങ്ങൾ സർക്കാരിനു വിട്ടുനൽകുന്ന 50% സീറ്റിൽ 20% സീറ്റുകൾ സ്ഥാപന മാനേജ്മെന്റ് പ്രതിനിധീകരിക്കുന്ന വിഭാഗത്തിനു വേണ്ടി കമ്യൂണിറ്റി സീറ്റായി മാറ്റുക.
∙ സർക്കാർ സർവീസുകളിലെ ക്രിസ്ത്യാനികൾ, നാടാർ, പരിവർത്തിത ക്രൈസ്തവർ എന്നിവരുടെ കുറവു നികത്താൻ പ്രത്യേക നിയമനം.
∙ പട്ടികജാതിക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ദലിത് ക്രൈസ്തവർക്കും നൽകണം.
∙ സർക്കാർ ജോലികളിൽ ലത്തീൻ കത്തോലിക്കരുടെയും ദലിത് ക്രൈസ്തവരുടെയും പ്രാതിനിധ്യം പഠിക്കാൻ പ്രത്യേക സമിതി.
∙ ക്രിസ്തീയ വിശ്വാസത്തെ അപമാനിക്കുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള രേഖാമൂലമുള്ള പരാതികളിൽ നിയമനടപടി സ്വീകരിക്കുക.
∙ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ആനുപാതികമായ ക്രിസ്ത്യൻ പ്രാതിനിധ്യം ഉറപ്പാക്കുക.







Leave a comment