ഈ വർഷം ഇന്ത്യയിൽ ഇറങ്ങിയ മികച്ച 10 ചിത്രങ്ങളിൽ ഒന്നിലധികം മലയാള സിനിമകൾ ഇടം നേടിയെന്നത് തീർച്ചയായും മലയാളത്തെ സംബന്ധിച്ചിടത്തോളം അഭിമാനർഹമായ നേട്ടമാണ്. ഗംഭീര പ്രമേയങ്ങളിലൂന്നി അതിഗംഭീര സിനിമകളൊരുക്കുന്ന ഇൻഡസ്ട്രി എന്നു പേരെടുക്കുന്ന മലയാളത്തിന് 2026ലെ ലൈനപ്പ് നൽകുന്നതും വലിയ പ്രതീക്ഷകളാണ്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെ? വിശദമായി അറിയാം.
ദൃശ്യം 3

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം 3. ഒക്ടോബർ അവസാനം ചിത്രീകരണം തുടങ്ങിയ സിനിമ വെറും ഒരുമാസം കൊണ്ടാണ് പൂര്‍ത്തിയായത്. തൊടുപുഴ, വാഗമൺ എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്. ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർഹിറ്റ് ആയതിനാൽ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വലുതാണ്. മൂന്നാം ഭാഗത്തിന്റെ തിയറ്റർ–ഡിജിറ്റൽ റൈറ്റ്സ് റിലീസിനു മുമ്പേ തന്നെ വിറ്റുപോയി കഴിഞ്ഞു. 100 കോടിക്കു മുകളിൽ ബിസിനസ്സ് ഇതുവരെ നടന്നുവെന്നാണ് റിപ്പോർട്ട്.
പാട്രിയറ്റ്

17 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ. എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.
കത്തനാർ

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ എത്തുന്ന ജയസൂര്യ ചിത്രമാണ് കത്തനാർ. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഈ സിനിമയ്ക്കായി മൂന്നു വർഷത്തിലധികമാണ് ജയസൂര്യ മാറ്റി വച്ചത്. ഫിലിപ്പ് ആന്‍ഡ് ദി മങ്കിപെൻ, ഹോം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരും എത്തുന്നു. വെർച്വൽ പ്രൊഡക്‌ഷൻ ഉൾപ്പെടെയുള്ള അതിനൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
ചത്ത പച്ച

റെസ്‌ലിങിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നർ ആണ് ചത്ത പച്ച: റിങ് ഓഫ് റൗഡീസ്. മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നു. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
അതിരടി

ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് അതിരടി. സിനിമയിലെ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബേസിലിനൊപ്പം ടൊവീനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പക്കാ മാസ്സ് എന്റർടെയ്നറാണ്. അരുൺ അനിരുദ്ധൻ ആണ് സംവിധാനം. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അതിരടി.
മോഹൻലാൽ തരുൺമൂർത്തി ചിത്രം
‘തുടരും’ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം.
ഐ ആം ഗെയിം
ഒരു ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ചിത്രത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ബത്ലഹേം കുടുംബ യൂണിറ്റ്

പ്രേമലുവിന്റെ വിജയത്തിന് ശേഷം ഗിരീഷ് എ.ഡിയും ഭാവനാ സറ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ബത്ലഹേം കുടുംബ യൂണിറ്റ്. മമിത ബൈജുവും നിവിന്‍പോളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ആറാമത് ചിത്രമാണിത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു വിജയുടേതാണ്. റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രേമലുവിന് തിരക്കഥയെഴുതിയ ഗിരീഷ് എ.ഡിയും കിരൺ ജോസിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്റർടെയ്നർ മോഡിലേക്ക് തിരിച്ചെത്തിയ നിവിൻ പോളിക്ക് വിജയത്തുടർച്ച നൽകുന്ന ചിത്രമായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഖലീഫ

‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഖലീഫ. ‘ദ് ബ്ലഡ് ലൈൻ’ എന്ന ടൈറ്റിലോടെ പുറത്തു വന്ന ചിത്രത്തിന്റെ പ്രമൊ വിഡിയോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബാലൻ

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് ബാലൻ. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് സിനിമകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ്. ‘മഞ്ഞുമ്മൽ ബോയ്സി’ന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിങ്: വിവേക് ഹർഷൻ
ആട് 3

മലയാളികളെ ചിരിയുടെ അങ്ങേയറ്റത്തേക്ക് എത്തിച്ച ‘ആട്’ സീരീസിന്റെ മൂന്നാം ഭാഗമായ ‘ആട് 3’ 2026ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ജയസൂര്യ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സൃന്ദ, ബിജുകുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരോടൊപ്പം കുറച്ച് സർപ്രൈസ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷമിടും. ഒരു എപിക്-ഫാന്റസി ചിത്രമായിരിക്കും ‘ആട് 3’ എന്നാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കിയിരുന്നു. 2026 മാർച്ചിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.
ടിക്കി ടാക്ക
ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വമ്പൻ പടം ‘ടിക്കി ടാക്ക’യാണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. നടൻ എന്ന നിലയിൽ പുതിയ ഉയരങ്ങൾ താണ്ടുന്ന ആസിഫ് അലിയുടെ കരിയറിലെ ആദ്യ ഹൈ ഒക്ടേവ് ആക്ഷൻ ത്രില്ലറാകും ടിക്കി ടാക്ക. ബോളിവുഡിലെ വമ്പൻ നിർമാതാക്കളായ ടി സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിൽമിക്കുന്നത്. കെ.ജി.എഫ് പോലുള്ള ബ്രഹ്മാണ്ഡചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബസ്രൂർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് ടിക്കി ടാക്കയെന്നായിരുന്നു സിനിമയെക്കുറിച്ച് മുൻപൊരു അഭിമുഖത്തിൽ ആസിഫ് പറഞ്ഞത്. ചിത്രത്തിന് വേണ്ടി ആസിഫ് അലി നടത്തിയ ബോഡി ട്രാൻസ്‌ഫോർമേഷൻ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
വല

ജഗതി ശ്രീകുമാറിനെ പ്രധാന കഥാപാത്രമാക്കി അരുൺ ചന്തു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘വല’യും 2026ലെത്തും. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ്ങോടെ എത്തുന്ന ചിത്രം മലയാള സിനിമ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ്. ‘പ്രഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലാണ് ജഗതി എത്തുന്നത്. പ്രഫസർ അമ്പിളി അഥവാ അങ്കിള്‍ ലൂണാർ എന്നാണ് ചിത്രത്തിൽ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
പള്ളിച്ചട്ടമ്പി

ടൊവീനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ഐഡന്ററ്റി, നരിവേട്ട എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം ടൊവീനോയുടേതായി പുറത്തിറങ്ങുന്ന ഈ ചിത്രം 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഡിജോയ്ക്കൊപ്പം ദാദാ സാഹിബ്, ശിക്കാർ, കനൽ, നടൻ, ഒരുത്തി എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സുരേഷ് ബാബുവും കൈകോർക്കുന്നു.







Leave a comment