അമേരിക്കൻ വാർത്തസിനിമ

പുരസ്കാരത്തിളക്കത്തിൽ ‘ദ ബെറ്റർ ഹാഫ്’; അറ്റ്ലാന്റ സിനിമ ടാക്കീസിന്റെ 15-ാം ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

അറ്റ്ലാന്റ: വ്യത്യസ്തമായ പ്രമേയവും അവതരണത്തിലെ പുതുമയും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധ നേടുകയാണ് സച്ചിത് റാം സംവിധാനം ചെയ്ത മലയാള ഹ്രസ്വചിത്രം ‘ദ ബെറ്റർ ഹാഫ്’. സച്ചിത്തിന്റെ പ്രഥമ സംവിധാനസംരംഭമായ ചിത്രം, അറ്റ്ലാന്റ സിനിമ ടാക്കീസിന്റെ പതിനഞ്ചാമത്തെ നിർമാണമാണ്. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

‘ബെറ്റർ ഹാഫ്’ എന്ന പരിചിതമായ പ്രയോഗത്തെ അപ്രതീക്ഷിതമായ അർഥതലങ്ങളിലേക്ക് കൊണ്ടുപോകുന്ന ചിത്രം, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ശക്തമായ കഥാനുഭവമാണ് സമ്മാനിക്കുന്നത്. കഥയിലെ നിർണായക വഴിത്തിരിവുകൾ മുൻകൂട്ടി വെളിപ്പെടുത്താതെ, അവസാന നിമിഷംവരെ പ്രേക്ഷകരെ ഉദ്വേഗത്തിൽ നിർത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മനു എന്ന കേന്ദ്രകഥാപാത്രത്തെ ചിത്രത്തിന്റെ നിർമാതാവുകൂടിയായ ശ്യാം കൃഷ്ണ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ഒറ്റയ്ക്ക് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തിന്റെ ഭാവമാറ്റങ്ങളും സംഘർഷങ്ങളും നിയന്ത്രിതമായ അഭിനയത്തിലൂടെ ശ്യാം അവതരിപ്പിച്ചിരിക്കുന്നു. മനുവിന്റെ ഭാര്യ ദിവ്യയ്ക്ക് ലക്ഷ്മി ഗീത ശബ്ദം നൽകിയിരിക്കുന്നു. ദൃശ്യത്തിൽ പ്രത്യക്ഷപ്പെടാതെയും കഥയുടെ വൈകാരികതയും ഉദ്വേഗവും നിർണയിക്കുന്ന ശക്തമായ സാന്നിധ്യമായി ദിവ്യ മാറുന്നു.

ആറു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ചിത്രത്തിന്റെ ഉദ്വേഗഭരിതമായ ക്ലൈമാക്സും ഉയർന്ന പ്രൊഡക്ഷൻ നിലവാരവും ഇതിനകം പ്രേക്ഷകപ്രശംസ നേടിയിട്ടുണ്ട്. വിവിധ തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന, സിനിമയോടുള്ള അഭിനിവേശം പങ്കിടുന്ന ഒരുകൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ പരിശ്രമമാണ് ചിത്രത്തിന്റെ പിന്നിൽ.

ന്യൂജേഴ്സിയിൽ നടന്ന ഈ വർഷത്തെ മിത്രാസ് ഫിലിം അവാർഡ്സിൽ മികച്ച രണ്ടാമത്തെ അഭിനേതാവിനും മികച്ച രണ്ടാമത്തെ ഛായാഗ്രാഹകനുമുള്ള പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കി. കൂടാതെ, ഫോളോ യുവർ ഹാർട്ട് ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ ഫൈനലിസ്റ്റായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ മലയാളം അറിയാത്ത പ്രേക്ഷകർക്കും ചിത്രം ആസ്വദിക്കാനാകും.

സജീവ് സേതു, സച്ചിത് റാം, ഉണ്ണി കെ. വള്ളത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അനീഷ് ജേക്കബ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചു. പരിമിതമായ കഥാപാത്രങ്ങളെയും ലൊക്കേഷനുകളെയും ദൃശ്യപരമായി ആകർഷകമാക്കുന്നതിൽ ഛായാഗ്രഹണവും ചിത്രസംയോജനവും നിർണായക പങ്കുവഹിക്കുന്നു. വിഷ്ണു ശേഖരയുടെ ഒറിജിനൽ സ്കോർ ചിത്രത്തിന്റെ ദുരൂഹവും സംഘർഷഭരിതവുമായ അന്തരീക്ഷത്തിന് കൂടുതൽ തീവ്രത നൽകുന്നു.

ഉണ്ണി കെ. വള്ളത്ത് ചീഫ് അസോസിയേറ്റ് ഡയറക്ടറായും വിഷ്വൽ ഇഫക്ട്സ് സൂപ്പർവൈസറായും പ്രവർത്തിച്ചു. സജീവ് സേതു ഒന്നാം അസിസ്റ്റന്റ് ഡയറക്ടറായും വിജു കൃഷ്ണൻ പ്രൊഡക്ഷൻ മാനേജറും സ്ക്രിപ്റ്റ് സൂപ്പർവൈസറായും പ്രവർത്തിച്ചു. മേക്കപ്പും പ്രൊഡക്ഷൻ അസിസ്റ്റൻസും പ്രസീത സന്ദീപ് നിർവഹിച്ചു.

കൊച്ചിയിലെ സ്റ്റുഡിയോ ഹ്യൂവിലാണ് ചിത്രത്തിന്റെ കളറിങ്ങും ഡിജിറ്റൽ ഇന്റർമീഡിയറ്റ് പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. എബിൻ ഫിലിപ്പ് കളറിസ്റ്റായും വിഷ്ണു സന്തോഷ് അസിസ്റ്റന്റ് കളറിസ്റ്റായും ശ്യാംലാൽ പി.എസ്. കൺഫോമിസ്റ്റായും പ്രവർത്തിച്ചു.

ചിത്രത്തിന്റെ ഓഡിയോഗ്രഫി നിർവഹിച്ചത് അരുൺ അശോകാണ്. നോയിസ് വില്ല സ്റ്റുഡിയോസിലാണ് സൗണ്ട് പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയത്. പാണ്ഡ്യൻ ആർ. ഫോളി സൂപ്പർവൈസറായും ഫോളി ആർട്ടിസ്റ്റായും പ്രവർത്തിച്ചു. രാഗേഷ് നാരായണൻ ഫോളി റെക്കോർഡിങ്ങും എഡിറ്റിങ്ങും നിർവഹിച്ചു. ഫോളി ക്രാഫ്റ്റ്സ് സ്റ്റുഡിയോയിലാണ് ഫോളി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ചുരുങ്ങിയ ദൈർഘ്യത്തിനുള്ളിൽ ശക്തമായ സിനിമാനുഭവം സമ്മാനിക്കുന്ന ദ ബെറ്റർ ഹാഫ്’, പുരസ്കാരനേട്ടങ്ങളിലൂടെ അമേരിക്കൻ മലയാളി ചലച്ചിത്രപ്രവർത്തനങ്ങൾക്ക് അഭിമാനമായി മാറുകയാണ്. അവസാന ഫ്രെയിമിന് ശേഷവും പ്രേക്ഷകനെ വിട്ടൊഴിയാത്ത ഉദ്വേഗമാണ് ചിത്രത്തിന്റെ യഥാർത്ഥ കരുത്ത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...