മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഹോർമുസ് കടലിടുക്കിലും ബോസ്ഫറസ് കടലിടുക്കിലുമുള്ള യുദ്ധസാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും ഒഴിവാക്കുക എന്ന ലക്ഷ്യംകൂടി ഇത്തരമൊരു ബദൽ മാർഗം തേടുന്നതിനു പിന്നിലുണ്ടെന്നാണ് സൂചന.
റെയിൽ പാത സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, ഇന്ത്യൻ മഹാസമുദ്രമേഖലയിലേക്ക് നേരിട്ട് റെയിൽപാത നിർമിക്കാനുള്ള സാധ്യതകൾ റഷ്യ പരിശോധിക്കുമെന്ന് അടുത്തിടെ റഷ്യൻ ഉപപ്രധാനമന്ത്രി മറാട് ഖുസ്‌നള്ളിൻ വെളിപ്പെടുത്തിയിരുന്നു.
തുർക്ക്‌മെനിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലൂടെയാവും ഈ പാത കടന്നുപോവുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള എണ്ണ-വാതക വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് റഷ്യ ഈ തന്ത്രപ്രധാനമായ നീക്കം നടത്തുന്നത്.
ഈ റെയിൽ ശൃംഖല യാഥാർത്ഥ്യമായാൽ അത് റഷ്യയിൽനിന്ന് ഇന്ത്യൻ മഹാസമുദ്രമേഖലകളിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കും. ഏഷ്യയിലെ വ്യാപാര ബന്ധങ്ങളിൽ വലിയ മാറ്റങ്ങളാവും അത് കൊണ്ടുവരിക. ബോസ്ഫറസ്, ഹോർമുസ് എന്നീ കടലിടുക്കുകളിലെ ഉപരോധങ്ങളോ സുരക്ഷാപ്രശ്‌നങ്ങളോ ഈ പാതയെ ബാധിക്കില്ല എന്നതും നേട്ടമാണ്.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 25 ശതമാനവും എൽഎൻജി കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഇവിടെയുണ്ടാകുന്ന ഉപരോധങ്ങൾ ആഗോളവ്യാപാരത്തെ ബാധിക്കാതിരിക്കാൻ ഈ ബദൽപാത സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.





