കൊച്ചി: മലയാള സിനിമയിലെ ചിരിയുടെയും ചിന്തയുടെയും സുൽത്താനായിരുന്നു ശ്രീനിവാസൻ. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 69ാം വയസ്സിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നെങ്കിലും തന്റെ നിലപാടുകളിൽ അവസാന നിമിഷം വരെയും വിട്ടുവീഴ്ച ചെയ്യാത്ത ആ വിപ്ലവകാരിയായിരുന്നു ശ്രീനിവാസൻ.
വെറുമൊരു നടനായല്ല മറിച്ച് മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദർശിയായാണ് ശ്രീനിവാസൻ അറിയപ്പെടുന്നത്, കണ്ണൂരിലെ പാട്യത്ത് സ്‌കൂൾ അധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന ഉണ്ണിയുടെ മകനായി ജനിച്ച ശ്രീനിയുടെ ഉള്ളിൽ വിപ്ലവം ചോരയിൽ അലിഞ്ഞുചേർന്നതായിരുന്നു, അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ സാക്ഷാൽ ഇന്ദിരാഗാന്ധിക്കെതിരെ ‘ഘരീബി ഹഠാവോ’ എന്ന നാടകം എഴുതി അവതരിപ്പിക്കാൻ ചങ്കൂറ്റം കാണിച്ച ആ പഴയ നാടകക്കാരനാണ് പിൽക്കാലത്ത് തന്റെ പേന അധികാരവർഗത്തിന് നേരെ വാളായി ഉപയോഗിച്ചത്.
മദ്രാസ് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടിയപ്പോൾ അവിടെ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് അദ്ദേഹത്തിന്റെ സീനിയറായിരുന്നു, തുടക്കകാലത്ത് തന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ചവർക്ക് മുന്നിൽ എഴുത്തിന്റെ കരുത്തുകൊണ്ടും അഭിനയ മികവുകൊണ്ടും താൻ വെള്ളിത്തിരയിലെ പുലിയാണെന്ന് അദ്ദേഹം തെളിയിച്ചു, 1977ൽ പി.എ. ബക്കറിന്റെ ‘മണിമുഴക്ക’ത്തിലൂടെ സിനിമയിലെത്തിയെങ്കിലും ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ ഗതി മാറ്റിയ ആ തൂലിക ചലിച്ചു തുടങ്ങിയത്.
മോഹൻലാലും ശ്രീനിവാസനും ചേർന്ന ദാസനും വിജയനും എന്ന കൂട്ടുകെട്ട് മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളായി മാറി, തൊഴിലില്ലാത്ത യുവാക്കളുടെയും സാധാരണക്കാരന്റെയും ദൈന്യതയെ ഇത്രത്തോളം ഹാസ്യാത്മകമായി അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരനില്ല, ‘സന്ദേശം’ എന്ന ഒരൊറ്റ ചിത്രം മതി രാഷ്ട്രീയക്കാരെയും പാർട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിർത്ത ശ്രീനിവാസൻ എന്ന രാഷ്ട്രീയ നിരീക്ഷകനെ തിരിച്ചറിയാൻ, ‘എനിക്ക് ആരെയും പേടിയില്ല’ എന്ന് തുറന്നു പറയാൻ കാണിച്ച ആത്മവിശ്വാസമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. സോഷ്യലിസമായിരുന്നു ശ്രീനിവാസന്റെ ആശയ കരുത്ത്.
അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും അദ്ദേഹം തന്റെ കൈയൊപ്പ് പതിപ്പിച്ചു, ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിലെ ‘തളത്തിൽ ദിനേശൻ’ ഇന്നും മലയാളിക്ക് ഒരു സ്വഭാവരൂപമാണ്, ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ഭക്തിയെയും കപടതയെയും ചോദ്യം ചെയ്തപ്പോൾ ദേശീയസംസ്ഥാന പുരസ്‌കാരങ്ങൾ ആ പ്രതിഭയ്ക്ക് മുന്നിൽ തലകുനിച്ചു, വിമലയാണ് ഭാര്യ, മക്കളായ വിനീതും ധ്യാനും അച്ഛന്റെ തണലായി സിനിമയിൽ സജീവമായി നിൽക്കുമ്പോഴും ലളിതമായ ജീവിതം നയിക്കാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചത്.
സാധാരണക്കാരന്റെ ജീവിതം പച്ചയായി വരച്ചുകാട്ടിയ ആ വലിയ പ്രതിഭയായിരുന്നു ശ്രീനിവാസൻ. വരവേൽപ്പ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ടി.പി. ബാലഗോപാലൻ എം.എ തുടങ്ങിയ ചിത്രങ്ങളിലൂടെ പറഞ്ഞ രാഷ്ട്രീയവും പരിഹാസവും ഇന്നും കേരളത്തിലെ ചായക്കടകളിലും പൊതു ഇടങ്ങളിലും എന്നും ചർച്ചയാണ്.
മലയാളിയുടെ വെള്ളിത്തിരയിലെ കാപട്യങ്ങളെ നർമ്മം കൊണ്ട് കീറിമുറിച്ച വിപ്ലവകാരിയായിരുന്നു ശ്രീനിവാസൻ വിടവാങ്ങി. കേവലം ഒരു നടനായല്ല, മറിച്ച് തന്റെ ജീവിതാനുഭവങ്ങളുടെ കയ്പ്പും മധുരവും മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് ഇൻജക്ട് ചെയ്ത തിരക്കഥാകൃത്തായും സംവിധായകനായുമാണ് ശ്രീനിവാസൻ വിരാജിച്ചത്. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വന്നിട്ടും വിഗ്രഹഭഞ്ജകനായി മാറിയ ശ്രീനിയുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു.
ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് മോഹൻലാൽ അനുസ്മരിച്ചു. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ അനുസ്മരിച്ചു.
സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഇന്നസെന്റ് എന്നിവരുമായി ഉണ്ടായിരുന്നത്. എന്നേക്കാളും കൂടുതൽ അവരുമായിട്ടാണ് ശ്രീനിക്ക് കൂടുതൽ ബന്ധം. അവരുടെ കൂടെയാണ് കൂടുതൽ സമയം ശ്രീനി ചെലവഴിക്കാറുള്ളത്. അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്നു. നടൻ എന്ന നിലയിൽ അല്ല ഞങ്ങൾ തമ്മിലുള്ള ബന്ധം. ഒരുപാട് വൈകാരിക മുഹൂർത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ട്. മോഹന്‌ലാൽ പറഞ്ഞു.
സമൂഹത്തിനുനേരെ ചോദ്യം ഉയർത്തിയ ഒരുപാട് സിനിമകൾ ഒന്നിച്ച് ചെയ്യാനായി. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളായിരുന്നു ശ്രീനിവാസൻ. ‘ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു. തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസൻ പറഞ്ഞുവച്ചിട്ടുള്ളത്. ഞാൻ ഭാഗമായിട്ടുള്ളതും ഇല്ലാതത്തുമായ ചിത്രങ്ങളിൽ പലതും കാലം അടയാളപ്പെടുത്തുന്നതാണ്.’ മോഹൻലാൽ കൂട്ടിച്ചേർത്തു.
ഏറെ പ്രിയപ്പെട്ടയൊരാൾ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഒരുപാട് അസുഖങ്ങൾ അലട്ടിയിരുന്നു. എപ്പോഴും സംസാരിക്കുകയും കാണുകയും ചെയ്യുമായിരുന്നു. ഞാൻ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നത് ജീവിതത്തിന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. അത്തരം പിണക്കങ്ങളെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹൻലാൽ അനുസ്മരിച്ചു.
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചതെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ കുറിച്ചു.
താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാംവിധം മാറ്റുന്നതിന് ശ്രീനിവാസൻ പ്രയത്‌നിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസൻ.
കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവർത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കും. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നത്.
ഒരു അഭിമുഖത്തിനായി ഞങ്ങൾ ഒരുമിച്ചിരുന്നതും നർമ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സിൽ സ്ഥാനം ഉറപ്പിച്ചതും ഓർമിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്‌നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.







Leave a comment