ആനുകാലികംപ്രധാന വാർത്തസിനിമ

ശ്രീനിവാസൻ അന്തരിച്ചു; അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭയ്ക്ക് വിട

കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന്‌ തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് അന്ത്യം.

അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്‌ത മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

1956 ഏപ്രിൽ നാലിന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂർ ഗവൺമെന്റ് സ്‌കൂളിലും പഴശിരാജ എൻഎസ്‌എസ് കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് മദ്രാസിൽ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്‌ത സിനിമാ നടൻ രജനികാന്ത് സഹപാഠിയായിരുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ച ചിന്താവിഷ്‌ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.


1977ൽ പി എ ബക്കർ സംവിധാനം ചെയ്‌ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. 1979-ൽ പുറത്തിറങ്ങിയ ‘സംഘഗാന’മാണ് നായകനായ ആദ്യചിത്രം. 30 ചിത്രങ്ങൾക്ക് കഥയും അമ്പതോളം ചിത്രങ്ങൾക്ക് തിരക്കഥയുമൊരുക്കി. 52 സിനിമകൾക്ക് സംഭാഷണമെഴുതി. ഒരു ചിത്രത്തിൽ പാട്ടുപാടിയിട്ടുണ്ട്.

വിമലയാണ് ഭാര്യ. മക്കൾ – വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. മരുമക്കൾ: ദിവ്യ, അർപ്പിത.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്രാവിന്റെ കഥ, കെ ജി ജോർജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്‌ദം നൽകിയിട്ടുണ്ട്. പല്ലാംകുഴി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനും ശബ്‌ദം നൽകിയത് ശ്രീനിവാസനായിരുന്നു.

സന്മനസുള്ളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്‌ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ‘ഞാൻ പ്രകാശൻ’ ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ ചിത്രം.

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു ചിത്രത്തിലെ എംഎ ധവാൻ, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ വിജയൻ, പൊൻമുട്ടയിടുന്ന താറാവിലെ സ്വർണപ്പണിക്കാരൻ, പാവം പാവം രാജകുമാരനിലെ പാരലൽ കോളേജ് അദ്ധ്യാപകൻ, വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശൻ, തേൻമാവിൻ കൊമ്പത്തിലെ മാണിക്യൻ, ഉദയനാണ് താരത്തിലെ സരോജ് കുമാർ തുടങ്ങി ശ്രീനിവാസൻ ജീവൻ നൽകിയ കഥാപാത്രങ്ങൾ എക്കാലത്തും മലയാളികളുടെ ഓർമയിൽ തങ്ങിനിൽക്കുന്നവയാണ്.

മലയാള സിനിമയിലെ ഏ​റ്റവും ചിന്തോദ്ദീപമായ സാമൂഹ്യ വിമർശന സിനിമകളുടെ പട്ടികയെടുത്താൽ അതിൽ കൂടുതലും ശ്രീനിവാസൻ സിനിമകളായിരുന്നു എന്ന് നിസംശയം പറയാം.

1977ൽ പികെ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലേക്ക് എത്തുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞാണ് തിരക്കഥാകൃത്തെന്ന നിലയിൽ ശ്രീനിവാസൻ തന്റെ വരവറിയിച്ചത്. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെയായിരുന്നു അത്. മലയാളിക്ക് എക്കാലത്തും ചിന്തിച്ച് ചിരിക്കാൻ നിരവധി സിനിമകളാണ് ആ തൂലികയിൽ നിന്ന് പിറവികൊണ്ടത്. ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങൾ കൂടിയായിരുന്നു ഓരോ ചിത്രങ്ങളും.

സർക്കാർ ഓഫീസുകളിലെയും കരാർ സമ്പ്രദായത്തിലെയും നൂലാമാലകൾ ഓരോരുത്തരും അനുഭവിച്ചറിഞ്ഞതാണ്. പക്ഷേ, ആ വരണ്ട വിഷയം ശ്രീനിവാസന്റെ തൂലികയിലൂടെ സിനിമയായപ്പോൾ മലയാളികൾ ആർത്തലച്ചുചിരിച്ചു.പതിറ്റാണ്ടുകൾക്കുശേഷവും ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു. മലയാളം ഉളളകാലത്തോളം ചിരിക്കുകയും ചെയ്യും. അറുബോറായ ഒരുപ്രമേയത്തെ ഇത്രയും രസകരമായി അവതരിപ്പിക്കാൻ ശ്രീനിക്കല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ എന്ന സംശയമാണ്.

മോഹൻലാലിനെ നായകനാക്കി ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമയാണ് വരവേൽപ്പ് . ഈ സിനിമ തന്റെ ജീവിതത്തിലുണ്ടായ കഥയാണെന്ന് ശ്രീനിവാസൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ അച്ഛൻ വാങ്ങിയ ബസും അത് തല്ലിത്തകർത്തതുമെല്ലാം കോർത്തിണക്കിയാണ് വരവേൽപ്പിന്റെ കഥ ഒരുക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. ജീവിക്കാനായും മറ്റുചിലർക്ക് താെഴിൽ നൽകാനുമായി, കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊണ്ട് ബസ് വാങ്ങുകയും രാഷ്ട്രീയപാർട്ടിക്കാരുടെയും കുത്തക മുതലാളിമാരുടെയും ഉദ്യോഗസ്ഥരുടെയും ശത്രുതാപരമായ പ്രവൃത്തികൾ മൂലം പ്രവാസി മലയാളിയായ ആ വ്യക്തി കുത്തുപാളയെടുക്കുന്ന അവസ്ഥ സിനിമയിലൂടെ കണ്ടപ്പോൾ മനസുനോവാത്തവരായി മലയാളികളാരും ഉണ്ടാവില്ല.

ചിന്താവിഷ്ടയായ ശ്യാമള മലയാളിയുടെ ജീവിതപരിസരങ്ങളിലെ കാപട്യങ്ങളെയാണ് തുറന്നുകാട്ടിയത്. ഒരു സ്ത്രീപക്ഷ സിനിമയെന്ന് കൂടി വിശേഷിപ്പിച്ച് പോകാവുന്ന സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള.

സിനിമയിലും ജീവിതത്തിലും ഭാര്യ വിമല നൽകുന്ന പിന്തുണയെയും സ്‌നേഹത്തെയുംകുറിച്ചും ശ്രീനിവാസൻ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. രജിസ്റ്റർ ഓഫീസിൽ വച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങിലാണ് വിമല ശ്രീനിവാസന്റെ ജീവിതത്തിലേക്ക് കൈപിടിച്ചെത്തുന്നത്. അസുഖബാധിതനായി വിശ്രമ ജീവിതം നയിക്കുമ്പോഴും ശ്രീനിവാസന് എല്ലാ പിന്തുണയും നൽകിയ ഭാര്യ വിമലയ്ക്ക് അപ്രതീക്ഷിതമായ ഭർത്താവിന്റെ വേർപാട് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്താണ് ശ്രീനിവാസൻ വിമലയെ ആദ്യമായി പരിചയപ്പെടുന്നത്. ഡിഗ്രി പാസായ ശ്രീനിവാസൻ ആദ്യം വരുമാനത്തിനായി ആശ്രയിച്ചിരുന്നത് പാരലൽ കോളേജിലെ അദ്ധ്യാപക ജോലിയെയാണ്. കതിരൂരുള്ള ഓവർ കോളേജിലായിരുന്നു പഠിപ്പിച്ചിരുന്നത്. വീട്ടിൽ നിന്ന് കോളേജിലേക്ക് നടന്ന് വേണം പോകാൻ. ആ യാത്രയിൽ വച്ചാണ് ശ്രീനിവാസൻ ആദ്യമായി വിമലയെ കണ്ടുമുട്ടുന്നത്. നിർമലഗിരി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു വിമല. ആ യാത്രയിലെ കണ്ടുമുട്ടലാണ് ഇരുവരെയും അടുപ്പിച്ചത്.

പരസ്പരം കണ്ട് സംസാരിച്ച് പ്രണയത്തിലായെങ്കിലും, വീട്ടിലെ സാഹചര്യം ശ്രീനിവാസനെകൊണ്ട് വിവാഹം എന്ന ചിന്തയിലേക്ക് അടുപ്പിച്ചില്ല. അന്ന് മിക്ക ദിവസങ്ങളിലും വിമലയെ കണ്ട് സംസാരിക്കും. ആ സമയത്താണ് അഡയാർ ഫിലിം ഇൻസ്റ്റ്യൂട്ടിൽ നിന്ന് ശ്രീനിവാസന് വിളി വരുന്നത്. ഈശ്വരവിശ്വാസം ഇല്ലെങ്കിലും ശ്രീനിവാസൻ അന്ന് വിമലയോട് പറഞ്ഞത്, ഇന്റർവ്യൂ പാസാകാൻ പ്രാർത്ഥിക്കണമെന്നാണ്. എന്നാൽ അന്ന് വിമല പറഞ്ഞത് നിങ്ങൾക്ക് കിട്ടാതിരിക്കാൻ പ്രാർത്ഥിക്കുമെന്നും. പിന്നീട് ഒരു അഭിമുഖത്തിൽ വിമല പ്രാർത്ഥിച്ചിട്ടുണ്ടാകണം, അതുകൊണ്ടാണ് തനിക്ക് അവിടെ പഠിക്കാൻ അവസരം കിട്ടിയതെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു.

അഡയാറിൽ സിനിമ പഠനം നടക്കുമ്പോഴും, വിമല ഇങ്ങ് ദൂരെ ശ്രീനിവാസനായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ ആശയ വിനിമയം കത്തിലൂടെയായി. വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ശ്രീനിവാസൻ, തന്റെ വീടും പറമ്പുമൊക്കെ ജപ്തി ചെയ്തതിന് ശേഷമായിരുന്നു വിമലയെ വിവാഹം കഴിച്ചത്. 1983 ജനുവരി 13ന് വെള്ളിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു ശ്രീനിവാസൻ നാട്ടിലെത്തുന്നത്. ഒരു സുഹൃത്തിനൊപ്പം വന്ന് വെള്ളിയാഴ്ചയാണ് വിവാഹമെന്ന് വിമലയെ അറിയിക്കുകയായിരുന്നു.

‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടന്നത്. ഈ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഇന്നസെന്റ് കയ്യിൽ വച്ച് തന്നെ 400 രൂപയായിരുന്നു ശ്രീനിവാസന്റെ കയ്യിൽ ആകെയുണ്ടായിരുന്ന സമ്പാദ്യം. ആ പണം കൊണ്ടാണ് കല്ല്യാണ പെണ്ണിനുവേണ്ട സാരിയും മറ്റും വാങ്ങിയത്. എന്നാൽ വിവാഹത്തിന് സ്വർണമാലയും താലിയും വേണമെന്ന് അമ്മ പറഞ്ഞതോടെ ശ്രീനിവാസൻ ശരിക്കും ബുദ്ധിമുട്ടി. അന്നത്തെ കാലത്ത് സ്വർണമാലയെ കുറിച്ച് ശ്രീനിവാസന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

അപ്പോഴാണ് കണ്ണൂരിൽ വച്ച് മമ്മൂട്ടി നായകനാകുന്ന ‘അതിരാത്രം’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് ഓർത്തത്. കുറച്ച് പണം കൂടി സംഘടിപ്പിക്കാൻ മമ്മൂട്ടിയെ ഒന്ന് കാണാൻ ശ്രീനിവാസൻ തീരുമാനിച്ചു. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലിലെത്തി വാതിൽ തുറന്നതും ‘നാളെ എന്റെ കല്ല്യാണമാണ്’. ‘നാളെയോ’ എന്ന് മമ്മൂട്ടി ചോദിച്ചു. ‘എനിക്കൊരു രണ്ടായിരം രൂപ വേണം, ആരെയും വിളിക്കുന്നില്ല, രജിസ്റ്റർ വിവാഹമാണെന്ന്’ മമ്മൂട്ടിയോട് പറഞ്ഞു.

ഉടനെ രണ്ടായിരം രൂപയെടുത്തുതന്നിട്ട് മമ്മൂട്ടി പറഞ്ഞു കല്യാണത്തിന് ഞാനും വരുമെന്ന്. അതുകേട്ടതും ‘കല്യാണത്തിന് വരരുത്, വന്നാൽ കല്യാണം മുടങ്ങും’ എന്ന് ശ്രീനിവാസൻ പറഞ്ഞു. ഉറപ്പായും വരുമെന്ന് അദ്ദേഹവും പറഞ്ഞു. ‘ആരെയും അറിയിക്കാതെ രജിസ്റ്റർ വിവാഹം നടത്താനാണ് തീരുമാനം, എന്നെ ഇവിടെ ആർക്കും അറിയില്ല. എന്നാൽ താങ്കൾ അതുപോലെയല്ല, വലിയൊരു താരമാണ്. വിവാഹത്തിന് താങ്കൾ വന്നാൽ വിവാഹം എല്ലാവരും അറിയും. അതുകൊണ്ട് താങ്കൾ വിവാഹത്തിന് വരരുത്’ എന്ന് ശ്രീനിവാസൻ പറഞ്ഞു. ഒടുവിൽ മമ്മൂട്ടി വരില്ലെന്ന് സമ്മതിച്ചു.

മമ്മൂട്ടി തന്ന പണം കൊണ്ടാണ് ശ്രീനിവാസൻ സ്വർണ താലി വാങ്ങിയത്. രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽവച്ച് താലികെട്ടും നടത്തി. ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലിചാർത്തി, ഇങ്ങനെയായിരുന്നു തന്റെ വിവാഹം നടന്നതെന്ന് ശ്രീനിവാസൻ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...