ന്യൂഡൽഹി : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ പാസ്സാക്കി. വ്യാപക പ്രതിഷേധമുയർത്തിയ പ്രതിപക്ഷം ബിൽ സഭയിൽ കീറിയെറിഞ്ഞു. ബിൽ പാർലമെന്റ് സ്ഥിരം സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ബഹളത്തെ തുടർന്ന് ഉച്ചയോടെ ലോക്‌സഭ പിരിഞ്ഞു. ബിൽ ഇനി രാജ്യസഭയുടെ പരിഗണനക്ക് വിടും.
കോൺഗ്രസിൽ നിന്ന് പ്രിയങ്ക ഗാന്ധി, ഡിഎംകെയുടെ ടി.ആർ.ബാലു, എസ്പിയുടെ ധർമേന്ദ്ര യാദവ് എന്നിവർ ബില്ലിനെ എതിർത്ത് സംസാരിച്ചു. പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധിയെ ഒഴിവാക്കുന്നത് രാഷ്ട്രപിതാവിനോടുള്ള അനാദരവാണെന്ന് പ്രതിപക്ഷം വിമർശിച്ചു. സംസ്ഥാനങ്ങൾക്ക് കൂടുതൽ ബാധ്യത വരുത്തുന്നതാണ് ബില്ലെന്നും വിമർശിച്ചു. എല്ലാ പദ്ധതികൾക്കും നെഹ്‌റുവിന്റെ പേര് നൽകിയ കോൺഗ്രസാണ് എൻഡിഎ സർക്കാറിനെ വിമർശിക്കുന്നതെന്ന് ചർച്ചക്ക് മറുപടി നൽകിയ ഗ്രാമീണ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞതോടെ സ്പീക്കർ ഓം ബിർല ഇടപെട്ടു. രാഷ്ട്രം നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണെന്നും ബിൽ കീറിയെറിയാനല്ല ജനം ഇങ്ങോട്ട് അയച്ചതെന്നും സ്പീക്കർ പറഞ്ഞു.
വിബി ജി റാം ജി ബില്ലും ആണേവാർജ ബില്ലും പാർലമെന്റ് സ്ഥിരം സമിതിക്കോ ജെപിസിക്കോ അയയ്ക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ബില്ലിന്റെ പേര് പഴയതു പോലെ നിലനിർത്തുക, സംസ്ഥാനത്തിന് അധികസാമ്പത്തികബാധ്യത വരുന്ന വ്യവസ്ഥ ഒഴിവാക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.
തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച പുതിയ കേന്ദ്ര നിയമം നടപ്പായാൽ കേരളത്തിൽ നിലവിൽ പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തോളം പേരിൽ വലിയ പങ്ക് പുറത്താകാൻ സാധ്യത. തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്നാണു നിയമത്തിൽ പറയുന്നതെങ്കിലും നിലവിലുള്ള 100 ദിവസംപോലും എത്താനുള്ള സാധ്യതയും വിരളം.
പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകൾ കേന്ദ്രം വിജ്ഞാപനം ചെയ്യുക എന്നതുൾപ്പടെ നിബന്ധനകൾ നടപ്പാക്കുമ്പോൾ പദ്ധതി സ്വാഭാവികമായും ചുരുങ്ങും. ഇപ്പോൾ പദ്ധതിയിലുൾപ്പെട്ടവരിൽ വലിയൊരു വിഭാഗത്തിന് തൊഴിൽനഷ്ടമാകും ഫലം; തൊഴിൽദിനങ്ങളും കുറയും. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്ന നിബന്ധനയും തൊഴിൽദിനങ്ങൾ ഗണ്യമായി കുറയാൻ ഇടയാക്കും. ഫലത്തിൽ പദ്ധതി ഗുണഭോക്താക്കളായ ലക്ഷക്കണക്കിനുപേരുടെ വരുമാനമാർഗത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാകും പുതിയ നിയമം.
തൊഴിലുറപ്പിലൂടെ നടപ്പാക്കിയിരുന്ന കാർഷികജോലികൾ, ജലാശയ പുനരുദ്ധാരണം, മാലിന്യസംസ്‌കരണം തുടങ്ങിയവയെയും പുതിയ നീക്കം പ്രതികൂലമായി ബാധിക്കും. ഇത് സാമൂഹിക – പരിസ്ഥിതി ആഘാതം സൃഷ്ടിക്കും.
ഉപാധികൾ കെണിയാകുംനിലവിൽ 4000 കോടിയോളം രൂപയാണ് തൊഴിലുറപ്പു പദ്ധതിയുടെ വാർഷികവിഹിതമായി കേരളത്തിനു ലഭിക്കുന്നത്. പദ്ധതിച്ചെലവിന്റെ 40% സംസ്ഥാനം വഹിക്കണമെന്ന പുതിയ നിബന്ധന കടുത്ത സാമ്പത്തികപ്രതിസന്ധിയിലുള്ള കേരളത്തിനു വെല്ലുവിളിയാണ്.
ഇതനുസരിച്ച് 1600 കോടി ഇനി കേരളം മുടക്കേണ്ടിവരും. മാത്രമല്ല, കേന്ദ്രം ഉപാധികളോടെയാകും ഇനി ഫണ്ട് അനുവദിക്കുക. അതിലേറെ ചെലവായാൽ അതു പൂർണമായും സംസ്ഥാനം വഹിക്കേണ്ടിവരും. വേതനം വൈകിയാൽ നഷ്ടപരിഹാരവും തൊഴിൽ ഇല്ലെങ്കിൽ അലവൻസും പൂർണമായും വഹിക്കേണ്ടതും സംസ്ഥാനംതന്നെ.
പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ മറ്റു കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം തടഞ്ഞ പശ്ചാത്തലമുള്ളപ്പോഴാണ് സമാനമായ മാതൃക തൊഴിലുറപ്പിലേക്കും വരുന്നത്. മറ്റു പല പദ്ധതികളിലുമെന്നപോലെ കേന്ദ്ര – സംസ്ഥാന വിഹിതം കുടിശികയായാൽ തൊഴിലുറപ്പും കടുത്ത പ്രതിസന്ധിയിലാകും.







Leave a comment