ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

ദിലീപ് കുറ്റവിമുക്തൻ, ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ആറു പേർ പ്രതികളാണെന്ന് വിധിച്ചത്. ഇവർക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. കുറ്റക്കാരെന്ന് കോടതി വിധിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്. ഒന്നാം പ്രതി സുനിൽ എൻ.എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഏഴാം പ്രതി ചാർളി തോമസ്, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് എട്ടാം പ്രതി ദിലീപിനൊപ്പം കോടതി വെറുതെവിട്ടത്. ഒന്നാംപ്രതി പൾസർ സുനി ഉൾപ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നകേസിൽ വിധിവരുന്നത് സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ്.

2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.

പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.

സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ ത്തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.

2018 മാർച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ െ്രെകംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നൽകി. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ. പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ആദ്യ പ്രതിപ്പട്ടികയിൽ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയിൽനിന്നാണെന്നതും കേസിൽ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകളുമെല്ലാം കാരണം വിഷയം ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു.

മലയാള സിനിമാമേഖലയിൽ വിമെൻ ഇൻ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിന് കാരണമായതും നടിക്കുനേരേയുണ്ടായ ഈ അതിക്രമമാണ്. സിനിമാമേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോർട്ട്‌നൽകാൻ സർക്കാർ പിന്നീട് ഹേമ കമ്മിറ്റിയെ നിയമിച്ചു.

2018ലാണ് കേസ് വിചാരണ തുടങ്ങിയത്. കോവിഡ് ലോക്ഡൗൺമൂലം രണ്ടുവർഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധിയൊന്നും പാലിക്കാൻ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കേ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.

കേസിൽ മുൻപ് രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചിരുന്നു. പിന്നീട് നിയമിക്കപ്പെട്ട സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വി.അജകുമാറാണ് സാക്ഷി വിസ്താരം പൂർത്തിയാക്കിയത്.

പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവർഷം സെപ്റ്റംബറിൽ പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. ഈ വർഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന് കരുതപ്പെട്ട കേസിലാണ് ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്.

കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ദിലീപ്. ‘സർവശക്തനായ ദൈവത്തിന് നന്ദി’, എന്നായിരുന്നു കേസിൽ വിധി കേട്ട് കോടതിയിൽനിന്ന് പുറത്തേക്കുവന്ന ദിലീപിന്റെ ആദ്യപ്രതികരണം. സത്യം ജയിച്ചുവെന്ന് പറഞ്ഞ നടൻ, കേസിലെ യഥാർഥ ഗൂഢാലോചന തന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നുവെന്ന് ആരോപിച്ചു. കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്തു നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നും ദിലീപ് കുറ്റപ്പെടുത്തി.

‘കേസിലെ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയർന്ന ഒരു മേലുദ്യോഗസ്ഥയും അവർ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനൽ പോലീസുകാരും ചേർന്നാണ് ഇങ്ങനെ ഒരു നടപടി ഉണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയെ കൂട്ടുപിടിച്ച് ജയിലിൽ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചിട്ട് പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ട് പോലീസ് സംഘം അവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില മാധ്യമ പ്രവർത്തകരെയും കൂട്ടുപിടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ കള്ളക്കഥ പ്രചരിപ്പിക്കുകയും ചെയ്തു’, ദിലീപ് ആരോപിച്ചു.

‘ഇന്ന് കോടതിയിൽ പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകരുകയാണ് ചെയ്തത്. കേസിൽ യഥാർഥ ഗൂഢാലോചനയെന്ന് പറയുന്നത് എന്നെ പ്രതിയാക്കാനാണ്. എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്’, ദിലീപ് പറഞ്ഞു.

തുടർന്ന് തനിക്കൊപ്പം നിന്നവരെ പേരെടുത്ത് പറഞ്ഞ് ദിലീപ് നന്ദി പറഞ്ഞു. ‘എന്റെ കൂടെ നിന്ന എല്ലാ കുടുംബാംഗങ്ങളോടും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളോടും കോടിക്കണക്കിന് ആൾക്കാർ എനിക്ക് വേണ്ടി പ്രാർഥിച്ചിട്ടുണ്ട്, അവരോടൊക്കെ ഞാൻ ആത്മാർഥമായി നന്ദി പറയുകയാണ്. ഒമ്പതു വർഷത്തോളം എനിക്ക് വേണ്ടി അഹോരാത്രം ആത്മാർഥമായിട്ട് ഡിഫൻഡ് ചെയ്ത എന്റെ പ്രിയപ്പെട്ട അഭിഭാഷകർ, രാമപിള്ള സാർ എന്നിവർക്ക് നന്ദി പറയുകയാണ്. അദ്ദേഹത്തിന്റെ കൂടെയുള്ള സുജേഷ് ജി. സുജേഷ് മേനോൻ, എന്റെ സീനിയർ ആയിരുന്ന ഫിലിപ്പ് ടി. വർഗീസ്, അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സ് ശുഭ, നിത്യ തുടങ്ങിയ മറ്റുള്ള ജൂനിയഴ്‌സ് അതുപോലെ സുപ്രീംകോടതിയിലെ മുകുൾ റോഹ്ത്തഗി, രഞ്ജിത റോഹ്ത്തഗി, പ്രജമാം, വംശി തുടങ്ങിയ മറ്റുള്ള ലോയേഴ്‌സ് എല്ലാവരോടും ഞാൻ ആത്മാർഥമായി നന്ദി പറയുന്നു’, നടൻ കൂട്ടിച്ചേർത്തു.

കേസിൽ വെറുതെ വിട്ടതിന് പിന്നാലെ നടൻ ദിലീപ് ആദ്യം നന്ദി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിഭാഷകനായ ബി.രാമൻ പിള്ളയോടും അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടുമാണ്. കോടതിയിൽ നിന്നിറങ്ങിയ ശേഷം ദീലീപ് നേരെ രാമൻ പിള്ളയുടെ അടുത്തെത്തുകയും നന്ദി അറിയിക്കുകയും കാൽതൊട്ട് വന്ദിക്കുകയും ചെയ്തു.

ദീലീപിനെ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ രാമൻ പിള്ള നടനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥയാണെന്നും ആരോപിക്കുകയുണ്ടായി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥയായിരുന്നു ബി.സന്ധ്യയെ ലക്ഷ്യമിട്ടായിരുന്നു രാമൻ പിള്ളയുടെ ആരോപണം.

‘സത്യത്തിനും ന്യായത്തിനും നീതിക്കും യോജിച്ച വിധിയാണിത്. ന്യായമായ ഒരു വിധി താൻ പ്രതീക്ഷിച്ചതാണ്’ രാമൻ പിള്ള പറഞ്ഞു.

അതിജീവിതയുടെ അമ്മ, കൂട്ടുകാരി രമ്യാ നമ്പീശൻ തുടങ്ങിയരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. സിനിമയിലോ അല്ലാതെയോ ഒരു ശത്രുക്കളും അതിജീവിതയ്ക്ക ഇല്ലെന്ന് ഇവരെല്ലാം മൊഴി നൽകിയിരുന്നു. പി.ടി.തോമസിന് ഒന്നും അറിയില്ല. ദിലീപിനെതിരെയാണ് ഗൂഢാലോചന നടത്തിയത്. സത്യമായ ഒരു തെളിവും ഈ കേസിൽ ഇല്ലെന്നും രാമൻ പിള്ള പറഞ്ഞു.

ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമാണ്. ദിലീപിനെ പ്രതിയാക്കാൻ മാത്രമായി ഒരു സീനിയർ ഉദ്യോഗസ്ഥ ആ ടീമിലെ ഏറ്റവും ജൂനിയർ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണമേൽപ്പിച്ചു. 200 സാക്ഷികളേയും വിസ്തരിച്ച ശേഷം പുതിയൊരു കേസ് രജിസ്റ്റർ ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

സിനിമ

കുടുംബപ്രേക്ഷകരേയും കൈയിലെടുത്ത് ‘കറക്കം’; ഹൊറർ- കോമഡി (Review)

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ ‘കറക്കം’ തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല,...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...