ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ ഇന്ത്യാസന്ദർശനം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.35ന് ഡൽഹി വ്യോമസേനാ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടക്കോൾ മാറ്റിവെച്ച് സ്വീകരിച്ചു. തുടർന്ന് ഒരേകാറിലാണ് ഇരുവരും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അത്താഴവിരുന്നിനെത്തിയത്. പിന്നീടുനടന്ന കൂടിക്കാഴ്ചയിൽ ഭഗവത് ഗീതയുടെ റഷ്യൻ പരിഭാഷ മോദി പുതിന് സമ്മാനിച്ചു.
അമേരിക്കൻ തീരുവവിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന നയതന്ത്ര ചർച്ചകൾക്ക് വെള്ളിയാഴ്ച ഡൽഹി സാക്ഷ്യംവഹിക്കും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഇന്ത്യറഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പുതിൻ പങ്കെടുക്കും. ഉഭയകക്ഷി വാണിജ്യം, വ്യാപാരം എന്നീ രംഗങ്ങളിൽ നിർണായകമായേക്കാവുന്ന തീരുമാനങ്ങളുണ്ടാകും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരേ ട്രംപ് ഭരണകൂടം ഇന്ത്യക്കുനേരേ കടുത്ത വിമർശനമുയർത്തുകയും വൻതീരുവ ചുമത്തുകയും ചെയ്തതിനിടയിലാണ് പുതിന്റെ സന്ദർശനം. വെള്ളിയാഴ്ച രാവിലെ 11ന് രാഷ്ട്രപതിഭവനിൽ സ്വീകരണം. 11.30ന് രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിക്കും. 11.50ന് ഉച്ചകോടി. പ്രതിരോധം, വാണിജ്യം, വ്യാപാരം, ഊർജം എന്നീ രംഗങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും. 1.50ന് സംയുക്തപ്രസ്താവന. 3.40ന് ഫിക്കി ഭാരതമണ്ഡപത്തിൽ വാണിജ്യസമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ഏഴിന് രാഷ്ട്രപതി ദ്രൗപദി മുർമു അത്താഴവിരുന്ന് നൽകും. രാത്രി ഒൻപതിന് സംഘം മടങ്ങും.
റഷ്യയിൽ നിന്നുള്ള 50 ഓളം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമെത്തിയിട്ടുണ്ട്. പുതിൻ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ സംഘം ഇതിനകം സുരക്ഷ ഉറപ്പാക്കി. ഓരോ നീക്കവും ഒന്നിലധികം സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കും.
റഷ്യൻ പ്രസിഡന്റ് വഌദിമിർ പുതിന്റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിരോധ ഇടപാടുകൾ പ്രധാന ചർച്ചാവിഷയമാകുമെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്ന് കൂടുതൽ എസ്400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതും, അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു57നുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും ചർച്ചചെയ്യുമെന്നാണ് വിവരം. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയിൽ ഇക്കാര്യം പ്രധാന അജണ്ടയാകുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവാണ് വ്യക്തമാക്കിയത്.
”എസ്.യു57 ലോകത്തിലെ ഏറ്റവും മികച്ച വിമാനമാണ്. അതൊരു അതിശയോക്തിയല്ല. പ്രസിഡന്റ് പുതിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ അജണ്ടയിൽ ഈ വിഷയവും ഉണ്ടാകും. എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല. ഈ രംഗത്ത് ഞങ്ങൾക്ക് ധാരാളം എതിരാളികളുള്ളതിനാൽ, കൂടുതൽ വിവരങ്ങൾ ചർച്ച ചെയ്യുന്നില്ല. ന്യായമായ ഒരു മത്സരത്തിൽ ആർക്കും ഞങ്ങളുമായി മത്സരിക്കാൻ കഴിയില്ല” പെസ്‌കോവ് പറഞ്ഞു.
റഷ്യ ചില സാങ്കേതിക വിദ്യകൾ ഇന്ത്യക്ക് കൈമാറുന്നുണ്ടെന്നും, സംയുക്തമായുള്ള നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പെസകോവ് പറഞ്ഞു. ‘ഇന്ത്യയുമായി പങ്കുവെക്കാൻ കഴിയുന്നതെന്തും ഞങ്ങൾ പങ്കുവെക്കും,’ പെസ്‌കോവ് അടിവരയിട്ട് പറഞ്ഞു.
ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ ചെറുതും ഇടത്തരവുമായ ആണവ റിയാക്ടറുകളും വിഷയമാകുമെന്ന് പെസ്‌കോവ് പറഞ്ഞു. ഇത്തരം ചെറിയ റിയാക്ടറുകൾ നിർമ്മിക്കുന്നതിൽ റഷ്യക്ക് വൈദഗ്ദ്ധ്യമുണ്ടെന്നും, ആ സാങ്കേതികവിദ്യ ഇന്ത്യൻ സുഹൃത്തുക്കൾക്ക് നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







Leave a comment