കായികം

വെടിക്കെട്ടോടെ സുന്ദർ; ഓസീസിനെ തകർത്ത് ഇന്ത്യ, പരമ്പരയിൽ ഒപ്പമെത്തി

ഹൊബാര്‍ട്ട്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ജയം. ഓസീസ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒൻപത് പന്തുകൾ ബാക്കി നിൽക്കേ ഇന്ത്യ മറികടന്നു. വാഷിങ്ടൺ സുന്ദറിന്റെ വെടിക്കെട്ടാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി(1-1). ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസ്ട്രേലിയ വിജയിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് അഭിഷേക് ശര്‍മ സമ്മാനിച്ചത്. മൂന്നോവറില്‍ ടീം 30 റണ്‍സിലെത്തി. നാലാം ഓവറില്‍ അഭിഷേകിനെ നതാന്‍ എല്ലിസ് പുറത്താക്കി. 16 പന്തില്‍ നിന്ന് 25 റണ്‍സാണ് അഭിഷേകിന്റെ സമ്പാദ്യം.

പിന്നീട് ശുഭ്മാന്‍ ഗില്ലും നായകന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി. എന്നാല്‍ ഇരുതാരങ്ങളെയും ഓസീസ് ബൗളര്‍മാര്‍ കൂടാരം കയറ്റിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഗില്‍ 15 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ 24 റണ്‍സെടുത്ത് പുറത്തായി. അതോടെ ഇന്ത്യ 76-3 എന്ന നിലയിലായി.

നാലാം വിക്കറ്റില്‍ തിലക് വര്‍മയും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും സ്‌കോര്‍ നൂറുകടത്തിയെങ്കിലും എല്ലിസ് കൂട്ടുകെട്ട് പൊളിച്ച് ഓസീസിന് പ്രതീക്ഷ സമ്മാനിച്ചു. 17 റണ്‍സെടുത്ത് അക്ഷര്‍ മടങ്ങി. 13 ഓവര്‍ അവസാനിക്കുമ്പോള്‍ 126-4 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വാഷിങ്ടണ്‍ സുന്ദര്‍ വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു. തിലക് വര്‍മ (29) പുറത്തായെങ്കിലും സുന്ദര്‍ ടീമിനെ 150 കടത്തി. പിന്നാലെ ജിതേഷ് ശര്‍മയുമായി ചേര്‍ന്ന് സുന്ദര്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വാഷിങ്ടണ്‍ സുന്ദര്‍ 23 പന്തില്‍ നിന്ന് 49 റണ്‍സെടുത്തപ്പോള്‍ ജിതേഷ് ശര്‍മ 13 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഓസീസിനായി നതാന്‍ എല്ലിസ് മൂന്നുവിക്കറ്റെടുത്തു.

നേരത്തേ ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണെടുത്തത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തില്‍ തന്നെ പതറി. 14 റണ്‍സിനിടെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. ട്രാവിസ് ഹെഡ് (6), ജോഷ് ഇംഗ്ലിസ് (1) എന്നിവര്‍ നിരാശപ്പെടുത്തി.അര്‍ഷ്ദീപ് സിങ്ങാണ് ഇരുവരേയും പുറത്താക്കിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മിച്ചല്‍ മാര്‍ഷും ടീം ഡേവിഡും ഓസീസ് സ്‌കോര്‍ ഉയര്‍ത്തി. മാര്‍ഷിനെ ഒരു വശത്തുനിര്‍ത്തി ടീം ഡേവിഡ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. അതിവേഗം ടിം ഡേവിഡ് അമ്പത് തികച്ചതോടെ ടീം എട്ടോവറില്‍ 72-ലെത്തി. 23 പന്തിലാണ് താരം അര്‍ധസെഞ്ചുറി തികച്ചത്.

ഒമ്പതാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഓസീസ് വീണ്ടും തകര്‍ച്ചയെ നേരിട്ടു. 11 റണ്‍സെടുത്ത മാര്‍ഷും ഡക്കായി മിച്ചല്‍ ഓവനും മടങ്ങി. പിന്നീട് ടിം ഡേവിഡിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസും അടിച്ചുകളിച്ചതോടെ ഓസീസ് നൂറുകടന്നു. സ്‌കോര്‍ 118 ല്‍ നില്‍ക്കേ ടിം ഡേവിഡ് പുറത്തായി. 38 പന്തില്‍ നിന്ന് 74 റണ്‍സെടുത്താണ് താരം മടങ്ങിയത്.

ആറാം വിക്കറ്റില്‍ സ്റ്റോയിനിസും മാത്യു ഷോര്‍ട്ടും തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 180 കടത്തി. സ്‌റ്റോയിനിസ് 39 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത് പുറത്തായി. മാത്യു ഷോർട്ട് 15 പന്തിൽ നിന്ന് 26 റൺസെടുത്ത് പുറത്താവാതെ നിന്നു. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...