കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

കാക്കകൾ 17 വർഷം വരെ പക സൂക്ഷിക്കും; കാക്കപ്പകയ്‌ക്ക് കാരണം ഇതാണ്

നമ്മുടെ ചുറ്റുപാടുകളിൽ ഏറ്റവും അധികം കാണപ്പെടുന്ന പക്ഷികളാണ് കാക്കകൾ. ഏറ്റവും നിസാരമെന്ന് കരുതപ്പെടുന്ന ഈ പക്ഷിയുടെ ഓർമ്മശക്തി അപാരമാണ്. ‘കാക്കയുടേതുപോലുള്ള ഓർമ്മ’യെന്ന പ്രയോഗം പോലും അവരുടെ ഈ കഴിവിനെ മുൻനിർത്തി രൂപംകൊണ്ടതാണ്. ഒരിക്കൽ അപകടകാരിയെന്ന് തിരിച്ചറിഞ്ഞ മനുഷ്യനെ വർഷങ്ങളോളം ഓർത്തുവയ്‌ക്കാനും ആ വിവരം സ്വന്തം കൂട്ടത്തിലുള്ള മറ്റ് കാക്കകൾക്ക് കൈമാറാനുമുള്ള കഴിവ് ഈ പക്ഷികൾക്കുണ്ടെന്നാണ് ശാസ്‌ത്രലോകം പറയുന്നത്. അതിനാൽത്തന്നെ ഒരിക്കൽ കാക്കയെ ഉപദ്രവിച്ചാൽ അത് മറക്കാതെ വർഷങ്ങളോളം അവ നിങ്ങളെ പിന്തുടരാനും ഉപദ്രവിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നിട്ടുള്ള ഗവേഷണങ്ങളും പഠനങ്ങളും ഇക്കാര്യങ്ങൾ ശാസ്‌ത്രിയമായി തെളിയിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

കാനഡയിലെ വാൻകൂവറിൽ താമസിക്കുന്ന ലിസ ജോയ്‌സെന്ന യുവതിക്ക് ജോലിക്ക് പോകുന്ന വഴിയിൽ കാക്കകളുടെ ആക്രമണം പതിവായിരുന്നു. തലയിൽ നിരന്തരം പറന്നുകൊത്തിയിരുന്നെന്നും ഒരു ദിവസം എട്ട് തവണവരെ കാക്കകൾ ആക്രമിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഒടുവിൽ കാക്കകളിൽനിന്ന് രക്ഷപ്പെടുന്നതിനായി ജോലിസ്ഥലത്തേക്കുള്ള യാത്രാമാർഗംതന്നെ മാറ്റേണ്ടിവന്നു.

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ താമസിക്കുന്ന നീൽ ഡേവെന്നയാളുടെ വീടിന്റെ വാതിലിലെ ഗ്ലാസ് തകർക്കാൻ കാക്കകൾ നിരന്തരം ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങൾ ഇവിടെ കേരളത്തിന്റെ ചുറ്റുപാടുകളിലും നടക്കാറുണ്ടെന്നുള്ളതാണ് വാസ്‌തവം.

എന്തുകൊണ്ടാണ് കാക്കകൾ ഇത്തരത്തിൽ പെരുമാറുന്നത്?

കാക്കകൾ സാധരണ പക്ഷികളെല്ലെന്നാണ് ശാസ്‌ത്രലോകം പറയുന്നത്. മനുഷ്യന്റെ പ്രവൃത്തികളെ അനുകരിക്കുന്നവിധത്തിൽ പല പെരുമാറ്റങ്ങളും അവയിൽനിന്നുണ്ടാകാറുണ്ട്. മനുഷ്യരുടെ ശബ്‌ദം അനുകരിക്കുക, ഉപകരണങ്ങൾ ഉപയോഗിക്കുക, പ്രശ്‌നങ്ങൾ പരിഹരിക്കുക, കൂട്ടത്തിലൊരാൾ മരിച്ചാൽ ചുറ്റിനിന്ന് പ്രത്യേക രീതിയിൽ പെരുമാറുക തുടങ്ങിയവയെല്ലാം കാക്കളുടെ സവിശേഷതകളാണ്.

കാക്കകൾ കൂട്ടമായി ജീവിക്കുന്ന പക്ഷികളാണ്. ഇവയുടെ കൂട്ടത്തെ മർഡർ ഒഫ് ക്രോസ് എന്നാണ് വിളിക്കുന്നത്. ഇവരിൽ ഒറംഗത്തിന് മനുഷ്യനിൽനിന്ന് മോശം അനുഭവമുണ്ടായാൽ കൂട്ടത്തിലുള്ള കാക്കകളെല്ലാം ആ വ്യക്തിയെ ശത്രുവായി കണക്കാക്കും.

വാഷിംഗ്‌ടൺ സർവകലാശാലയിലെ ഗവേഷകനായ ഡോ. ജോൺ മാർസ്ലഫ് നടത്തിയ പഠനം ഈ വിഷയത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 2006 ൽ അദ്ദേഹം ഒരുവികൃതമായ മുഖംമൂടി ധരിച്ചശേഷം ഏഴ് കാക്കകളെ പിടികൂടി വിട്ടയച്ചിരുന്നു. പിന്നീട് അതേ മുഖംമൂടി ധരിച്ച് ക്യാമ്പസിലൂടെ നടക്കുമ്പോഴെല്ലാം കാക്കകൾ ഉച്ചത്തിൽ കരഞ്ഞ് ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രായംകുറഞ്ഞ കാക്കകൾ പോലും ഇതേ രീതിയിൽ ആക്രമണപരമായി പെരുമാറി. ഇതിന്റെ അടിസ്ഥാനത്തിൽ കാക്കകൾക്ക് 17 വർഷംവരെ പക സൂക്ഷിക്കാൻ കഴിയുമെന്നാണ് അദ്ദേഹം വിലയിരുത്തിയത്. പുതുതായി ജനിക്കുന്ന കാക്കകൾക്കും ശത്രുവിനെക്കുറിച്ചുള്ള വിവരങ്ങൾ കാക്കകൾ കൈമാറുമെന്നാണ് വിവരം.

കാക്കകളുടെ കാഴ്‌ചശക്തി വളരെ വികസിതമാണ്. മനുഷ്യന്റെ കണ്ണ്, മൂക്ക്, വായ, മുഖത്തിന്റ ആകൃതി, ഭാവങ്ങൾ തുടങ്ങിയ കാര്യങ്ങൾ സൂക്ഷ്‌മമായി തിരിച്ചറിയാൻ കാക്കകൾക്ക് കഴിയും. ഒരാൾ കാക്കയെ ഉപദ്രവിച്ചാൽ ആ വ്യക്തിയുടെ മുഖവും മോശം അനുഭവവും തമ്മിൽ മസ്‌തിഷ്‌കം ബന്ധിപ്പിക്കും. പിന്നീട് ആ വ്യക്തിയെ വീണ്ടും കാണുമ്പോൾ ഉടൻ തിരിച്ചറിയുകയും മുന്നറിയിപ്പ് ശബ്‌ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇതോടെ മറ്റ് കാക്കകളും ആ വ്യക്തി അപകടകാരിയാണെന്നതരത്തിൽ മനസിലാക്കുന്നു. ഇങ്ങനെ ഈ വിവരം മുഴുവൻ കാക്കകളിലേക്കും അവരുടെ വരും തലമുറകളിലേക്കും കൈമാറപ്പെടുന്നു.

വിദഗ്‌ദ്ധരുടെ അഭിപ്രായത്തിൽ വസന്തകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലുമാണ് കാക്കകളുടെ ആക്രമണം കൂടുതലായി ഉണ്ടാകുന്നത്. ഈ സമയത്താണ് കുഞ്ഞുങ്ങളെയും കൂടിനെയും സംരക്ഷിക്കുന്നതിനായി മാതാപിതാക്കളായ കാക്കകൾ കൂടുതൽ ആക്രമണ സ്വഭാവം കാണിക്കുന്നത്.

പക മാത്രം സൂക്ഷിക്കുന്ന പക്ഷിയല്ല കാക്കകൾ. സ്‌നേഹത്തോടെ ഭക്ഷണം നൽകുന്നവരെയും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നവരെയും ഇവ ഓർത്തുവയ്‌ക്കും. ഉപ്പില്ലാത്ത നിലക്കടലയോ ശുദ്ധജലമോ സ്ഥിരമായി നൽകുകയാണെങ്കിൽ കാക്കകൾക്ക് മനുഷ്യരോടുള്ള വിശ്വാസം വർദ്ധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ശത്രുവിനെ വർഷങ്ങളോളം മറക്കാത്തതുപോലെതന്നെ ഒരിക്കൽ സുഹൃത്തായി സ്വീകരിച്ചാലും ആ ബന്ധം വർഷങ്ങളോളം ഓർക്കാനുള്ള അസാധാരണമായ ബുദ്ധിശക്തി കാക്കകൾക്കുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കോക്രോച്ച് പാർട്ടിയുടെ സമരം: നിരീക്ഷണത്തിന് മെറ്റാ ഗ്ലാസുമായി ഡൽഹി പോലീസ് 

നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധ സമരം നിരീക്ഷിക്കാൻ ഡൽഹി പോലീസ് മെറ്റ ഗ്ലാസും...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

എഐ വികസനം തടയരുത്; അഞ്ചു വർഷത്തിനുള്ളിൽ എഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്ന് ഇലോൺ മസ്ക് 

നിർമിതബുദ്ധിയ്ക്ക് തടയിടാൻ മനുഷ്യർ ശ്രമിക്കരുതെന്ന് ശതകോടീശ്വര വ്യവസായിയും എക്സ് എഐ സ്ഥാപകനുമായ ഇലോൺ മസ്ക്. ദി...