സിനിമ

പെപ്പേയുടെ ആക്ഷൻ താണ്ഡവം, വെള്ളിത്തിരയെ തീ പിടിപ്പിക്കുന്ന ‘കാട്ടാളൻ’ (Review)

പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചില അന്യഭാഷാ ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും ആലോചിക്കും ഇതുപോലൊന്ന് എന്നായിരിക്കും മലയാളത്തിൽ വരികയെന്ന്. ഏതുഭാഷക്കാർക്കും ആകർഷണം തോന്നുന്ന പ്രമേയംകൊണ്ടും താരപ്രകടനങ്ങൾകൊണ്ടും സാങ്കേതിക മികവുകൊണ്ടും സമ്പന്നമായിരിക്കും അത്തരം ചിത്രങ്ങളെന്നതാണ് അതിന് കാരണം. മലയാളത്തിലും ഇതാ അത്തരമൊരു ചിത്രം വന്നിരിക്കുന്നു. പറഞ്ഞുവരുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത് ആന്റണി വർഗീസ് നായകനായ കാട്ടാളനെക്കുറിച്ചാണ്. സാങ്കേതികമികവുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ചിത്രമാണ് കാട്ടാളൻ.

ആനക്കൊല്ലി എന്ന കാടും അവിടെ നടക്കുന്ന ആനവേട്ടയുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ആനവേട്ടക്കാർ തമ്മിലുള്ള പകയും സംഘർഷവും നടക്കുന്നതിനിടെ ഇവർക്കിടയിലേക്ക് ആന്റണി എന്ന ചെറുപ്പക്കാരൻ കൂടിയെത്തുന്നതോടെ കാട്ടാളൻ സംഘർഷഭരിതമാകുന്നു. വില്ലന്മാരെ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വില്ലന്മാരുടെ ലോകവും പശ്ചാത്തലവും കാണിച്ചശേഷമാണ് കഥ നായകനിലേക്ക് ഗിയർ മാറ്റുന്നത്. ഏതുതരത്തിലുള്ള ആളുകളെയാണ് നായകന് ഭാവിയിൽ നേരിടാനുള്ളതെന്ന അടിത്തറയിടുകകൂടിയാണ് അണിയറപ്രവർത്തകർ ഇതുവഴി ചെയ്തിരിക്കുന്നത്.

സിനിമയുടെ ഭൂരിഭാഗവും ഒരു കാടിനുള്ളിലാണ് നടക്കുന്നത്. ഈ കാടിനെ ആനവേട്ടക്കാർ അടക്കിവാഴുന്ന ലോകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ‘കാടൻ ലോകം കെട്ടിപ്പടുക്കൽ’ സിനിമയിൽ സംഭവിക്കുന്നുണ്ട്. അവിടെ നായകന്മാരും വില്ലന്മാരുമുണ്ട്. അടിമകളും ഉടമകളുമുണ്ട്. എല്ലാത്തിലുമുപരി അധികാരത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും ഈ ലോകത്ത് കാണാൻ സാധിക്കും. അതിൽ ആര് വാഴും, ആര് വീഴും എന്നതാണ് ചിത്രം സംസാരിക്കുന്ന പ്രമേയം.

താരപ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുമുൻപ് അണിയറയിൽ പ്രവർത്തിച്ച ചില സാങ്കേതിക പ്രവർത്തകരെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയ രവി ബസ്രൂർ ആണ് അതിൽ ആദ്യത്തേത്. വില്ലന്മാരുൾപ്പെടെ ഓരോരുത്തർക്കും നൽകിയിരിക്കുന്ന പശ്ചാത്തലസംഗീതം രോമാഞ്ചമുണ്ടാക്കുന്നതാണ്. അതിൽ ഒരെണ്ണം പോലും മറ്റൊന്നിനോട് സാദൃശ്യമില്ല എന്നതും എടുത്തുപറയണം. ബ്ലഡ് ഓൺ ടസ്ക് എന്ന ഗാനം മാത്രം ചില രംഗങ്ങളിൽ കയ്യടിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ആക്ഷൻ സന്തോഷ്-കെച്ച ഖംഫാക്ഡീ ടീം ഒരുക്കിയ ആക്ഷൻ രംഗങ്ങളേയും അഭിനന്ദിക്കാതെവയ്യ. രണദിവെ-ചന്ദ്രു സെൽവരാജ്-സുദീപ് എളമൺ എന്നിവരുടെ ഛായാഗ്രഹണവും ഒരു സമ്പൂർണ ആക്ഷൻ സിനിമയ്ക്ക് യോജിച്ചതായിരുന്നു. എം.ആർ. രാജാകൃഷ്ണന്റെ ഓഡിയോഗ്രഫിയും കയ്യടിയർഹിക്കുന്നു.

താരപ്രകടനങ്ങളിലേക്ക് വന്നാൽ ആന്റണി വർഗീസിൽനിന്ന് തുടങ്ങാം. കൃത്യമായ പരിവർത്തനം നടക്കുന്ന കഥാപാത്രമാണിത്. സാധാരണക്കാരനിൽനിന്ന് നേതാവിലേക്കുള്ള വളർച്ചയാണത്. അടിച്ചമർത്തപ്പെട്ടതുപോലെ കഴിയുന്ന ഒരു ജനവിഭാഗത്തിന് പ്രചോദനമാകുകയും അവർക്കുമുന്നിൽനിന്ന് പോരാടുകയും ചെയ്യുന്ന കഥാപാത്രമാണിത്. പെപ്പേ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഡോസ് കൂടിയ ആക്ഷൻ രംഗങ്ങളാണ് കാട്ടാളനിലുള്ളത് എന്നതും എടുത്തുപറയണം. സുനിൽ, കബീർ ദുഹാൻ സിങ്, പാർത്ഥ് തിവാരി എന്നിവരുടെ വില്ലൻ വേഷങ്ങൾ അല്പം ഭയപ്പെടുത്തുന്നതുതന്നെയായിരുന്നു. ഇടയ്ക്ക് ദുഷാര വിജയനും വന്ന് ഞെട്ടിക്കുന്നുണ്ട്. ജഗദീഷ്, രാജ് തിരൺദാസു എന്നിവരും കരിയർ ബെസ്റ്റ് പ്രകടനംതന്നെയാണ് പുറത്തെടുത്തത്. സിദ്ധിഖ്, ഹനാൻ ഷാ, ആൻസൺ പോൾ, ഷോൺ ജോയ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം എന്നിവരും മികച്ചുനിന്നു.

വിവിധതരം ആക്ഷൻ സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും സമ്പൂർണമായി കാടിനുള്ളിൽ നടക്കുന്ന കഥകൾ അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ല. അങ്ങനെയൊരു പ്രമേയം എടുത്തതിനും റോളർകോസ്റ്റർ മോഡിൽ അവതരിപ്പിച്ചതിനും സംവിധായകൻ പോൾ ജോർജിനെ പ്രത്യേകം അഭിനന്ദിക്കണം. കാരണം ചിത്രം കാണുമ്പോൾ ഒരിടത്തുപോലും ഒരു നവാഗത സംവിധായകനാണ് ഇതൊരുക്കിയിരിക്കുന്നതെന്ന് തോന്നിക്കുന്നില്ല. ആദ്യചിത്രമായ മാർക്കോയ്ക്ക് ശേഷം ഏറെ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ചിത്രം ഒരുക്കിയ നിർമാതാവ് ഷരീഫ് മുഹമ്മദിനേയും എടുത്തുപറയണം. വെള്ളിത്തിരയെ തീ പിടിപ്പിക്കുന്ന അനുഭവം എന്നാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ കാട്ടാളനെ വിശേഷിപ്പിക്കാനാകുക.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

സിനിമ

കുടുംബപ്രേക്ഷകരേയും കൈയിലെടുത്ത് ‘കറക്കം’; ഹൊറർ- കോമഡി (Review)

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ ‘കറക്കം’ തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല,...

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

പ്രധാന വാർത്തസിനിമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച...

കേരള വാർത്തസിനിമ

പോലീസ് സ്റ്റേഷനിൽ അപമാനിച്ചു; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐയ്ക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അൻസിബ

പോലീസ് സ്റ്റേഷനിൽവെച്ച് അപമാനിക്കപ്പെട്ടുവെന്നും അതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതിനൽകി നടി...