ഹൈദരാബാദ്: ഐപിഎല്ലിൽ ക്വാളിഫയർ 1 ഉറപ്പിച്ച് ആർസിബി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ തോറ്റെങ്കിലും പട്ടികയിൽ തലപ്പത്താണ് ടീം. നെറ്റ് റൺറേറ്റിൽ ഹൈദരാബാദിന് മറികടക്കാനുമായില്ല. മത്സരത്തിൽ കുറഞ്ഞത് 90 റൺസ് ജയം നേടിയാൽ മാത്രമേ എസ്ആർച്ചിന് ക്വാളിഫയർ 1 ന് യോഗ്യത നേടാനാകുമായിരുന്നുള്ളൂ. മത്സരത്തിൽ 55 റൺസിനാണ് ഹൈദരാബാദ് ജയിച്ചത്. ഹൈദരാബാദ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ബെംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. ബെംഗളൂരുവും ഗുജറാത്തുമാണ് ക്വാളിഫളർ വണ്ണിൽ ഏറ്റുമുട്ടുന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്കായി വെങ്കടേഷ് അയ്യർ അടിച്ചുതകർത്തു. പവർ പ്ലേയിൽ ഹൈദരാബാദ് ബൗളർമാരെ വെങ്കടേഷ് നന്നായി പ്രഹരിച്ചു. അതോടെ നാലോവറിൽ ടീം 57 റൺസിലെത്തി. അഞ്ചാം ഓവറിൽ താരം പുറത്തായി. 19 പന്തിൽ നിന്ന് 44 റൺസെടുത്താണ് വെങ്കടേഷ് മടങ്ങിയത്. പിന്നാലെ 15 റൺസ് മാത്രമെടുത്ത് കോലിയും മടങ്ങിയതോടെ ടീം ആറ് ഓവറിൽ 75-2 എന്ന നിലയിലായി. എസ്ആർഎച്ച് ബൗളർമാർ പിടിമുറുക്കിയതോടെ റണ്ണൊഴുക്ക് കുറഞ്ഞു. ദേവദത്ത് പടിക്കൽ 21 റൺസെടുത്ത് മടങ്ങി.
പത്തോവറിൽ ബെംഗളൂരു നൂറിലെത്തി. നാലാം വിക്കറ്റിൽ രജത് പാട്ടിദാറും ക്രുണാൽ പാണ്ഡ്യയുമാണ് ഒന്നിച്ചത്. ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ടീം 165 റൺസ് കടന്നു. ടീം ക്വാളിഫയർ 1 ഉറപ്പിച്ചു. അതോടെ മത്സരഫലം അപ്രസക്തമായി. ഒടുക്കം 200 റൺസിന് ആർസിബി ഇന്നിങ്സ് അവസാനിച്ചു. രജത് പാട്ടിദാർ 56 റൺസെടുത്തു.
നേരത്തേ ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണെടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന്റേത് മികച്ച തുടക്കമായിരുന്നു. അഭിഷേക് ശർമയും ട്രാവിസ് ഹെഡും വെടിക്കെട്ട് നടത്തി. ടീം മൂന്നോവറിൽ തന്നെ 33 റൺസിലെത്തി. നാലാം ഓവറിൽ റാസിഖിനെ മൂന്ന് തവണ ഫോറടിച്ച ഹെഡ് അവസാനപന്തിൽ പുറത്തായി. 16 പന്തിൽ നിന്ന് 26 റൺസാണ് താരം അടിച്ചെടുത്തത്. പവർപ്ലേയിൽ ടീം 63 റൺസിലെത്തി. രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമയും ഇഷാൻ കിഷനും ചേർന്ന് ടീമിനെ മുന്നോട്ടുനയിച്ചു. അഭിഷേകായിരുന്നു കൂടുതൽ അപകടകാരി.
എട്ടാം ഓവറിൽ അഭിഷേക് അർധസെഞ്ചുറി തികച്ചു. 20 പന്തിൽ നിന്നാണ് താരം ഫിഫ്റ്റി നേടിയത്. ഒൻപതാം ഓവറിൽ അഭിഷേക് മടങ്ങി. 22 പന്തിൽ നിന്ന് 56 റൺസാണ് താരത്തിന്റെ സമ്പാദ്യം. പത്തോവറിൽ 116-2 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഹെന്റിച്ച് ക്ലാസനും ഇഷാൻ കിഷനും പിന്നീട് മൈതാനത്ത് താണ്ഡവമാടി. ആർസിബി ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഹൈദരാബാദ് ബാറ്റർമാർ ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു.
13-ാം ഓവറിൽ 27 റൺസും 14-ാം ഓവറിൽ 15 റൺസും 15-ാം ഓവറിൽ 18 റൺസുമാണ് ക്ലാസനും ഇഷാൻ കിഷനും ചേർന്ന് അടിച്ചെടുത്തത്. അതോടെ സ്‌കോർ 189 ലെത്തി. ഇഷാൻ കിഷൻ ഫിഫ്റ്റിയും നേടി. അടിച്ചുകളിച്ച ക്ലാസനും പിന്നാലെ അർധസെഞ്ചുറി തികച്ചു. അതോടെ ആർസിബി അക്ഷരാർഥത്തിൽ പ്രതിരോധത്തിലായി. 24 പന്തിൽ നിന്ന് 51 റൺസുമായി ക്ലാസൻ പുറത്തായെങ്കിലും പിന്നാലെയിറങ്ങിയ നിതീഷ് കുമാർ റെഡ്ഡി തകർത്തടിച്ചു. അവസാന ഓവറുകളിൽ നിതീഷ് കുമാറും കിഷനും മിന്നിച്ചതോടെ സ്കോർ 250 കടന്നു. ഇഷാൻ കിഷൻ 46 പന്തിൽ നിന്ന് 79 റൺസെടുത്ത് പുറത്തായി. നിതീഷ് കുമാർ 12 പന്തിൽ നിന്ന് 29 റൺസുമായി പുറത്താവാതെ നിന്നു.






Leave a comment