കേരള വാർത്തപ്രധാന വാർത്ത

യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകളുടെ ചൂടേറുന്നു; അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് ലീഗ്

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തിലേറുന്ന യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍, വകുപ്പ് വിഭജനവും മന്ത്രിസ്ഥാനങ്ങളുടെ എണ്ണവും കോണ്‍ഗ്രസിനും ഹൈക്കമാന്‍ഡിനും വലിയ തലവേദനയാകുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകുന്നതോടെ, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പും സംബന്ധിച്ചാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചകള്‍. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. ശനിയാഴ്ച എല്ലാം തീരുമാനമായില്ലെങ്കില്‍ ഞായറാഴ്ചയിലേക്ക് കാര്യങ്ങള്‍ നീളും. ഇത് ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പല മാനങ്ങള്‍ നല്‍കും. അതുകൊണ്ട് ശനിയാഴ്ച എല്ലാ കാര്യത്തിലും ഫോര്‍മുലയുണ്ടാക്കാനാണ് തീരുമാനം.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമ്പോള്‍ ആഭ്യന്തര വകുപ്പ് തന്നെ നല്‍കേണ്ടി വരും എന്ന വികാരമാണ് കോണ്‍ഗ്രസിനുള്ളില്‍ ശക്തം. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരം കൂടി മുഖ്യമന്ത്രിയുടെ കൈവശം ഇരിക്കട്ടെ എന്നൊരു അഭിപ്രായവും സതീശന്‍ പക്ഷത്തിനുണ്ട്. ഇവിടെ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും. മുതിര്‍ന്ന നേതാവിനെ അര്‍ഹമായ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളണമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നല്‍കിയാല്‍ ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്ക് വിട്ടുനല്‍കേണ്ടി വരും.

മന്ത്രിസഭാ രൂപീകരണത്തിന്റെ കാര്യത്തിൽ കടുത്ത നിലപാടിൽ മുസ്‌ലിം ലീഗ്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുന്നതായാണ് വിവരം. 22 എംഎൽഎമാരുള്ളതിനാൽ അഞ്ച് പേർക്ക് ഒരു മന്ത്രി എന്ന കണക്കിൽ അഞ്ച് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്നാണ് ലീഗിന്റെ വാദം.

മുസ്ലിംലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് നിലവിൽ ലീഗ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവർ. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് മായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും.

എന്നാൽ മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രി എന്ന വിഷയം വലിയ വിവാദങ്ങൾക്ക് വഴി വെച്ചതിനാൽ, അഞ്ച് മന്ത്രിസ്ഥാനം നൽകാൻ കഴിയില്ലെന്നും നാല് എണ്ണം മാത്രമേ നൽകാൻ നിർവാഹമുള്ളൂ എന്നുമാണ് കോൺഗ്രസ് നിലപാട്.

ഈ പ്രശ്‌നം പരിഹരിക്കാനായി ലീഗിന് സ്പീക്കർ സ്ഥാനം വിട്ടുനൽകാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. നാല് മന്ത്രിമാരും ഒരു സ്പീക്കറും എന്ന ഫോർമുലയിൽ ലീഗിനെ അനുനയിപ്പിക്കാനാണ് നീക്കം. കാലങ്ങൾക്ക് ശേഷമാണ് ലീഗിന് സ്പീക്കർ പദവി ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്. കേരള ചരിത്രത്തിൽ ഇതുവരെ മൂന്ന് ലീഗ് പ്രതിനിധികൾ മാത്രമാണ് സ്പീക്കറായിട്ടുള്ളത്.

അതേസമയം സ്പീക്കർ സ്ഥാനത്തേക്ക് കോൺഗ്രസ് ആദ്യം പരിഗണിച്ചിരുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആയിരുന്നു. എന്നാൽ അദ്ദേഹം മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നതിനാൽ സ്പീക്കർ പദവിയോട് താത്പര്യം കാണിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ഏഴ് സീറ്റുകളിൽ ജയിച്ച പി.ജെ. ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ഒന്നിൽ ഒതുങ്ങാനാണ് സാധ്യത. പകരം അവർക്ക് ഒരു ചീഫ് വിപ്പ് സ്ഥാനം കൂടി നൽകിയേക്കും. ആർഎസ്പി ഒരു മന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. സി.പി ജോൺ, മാണി സി. കാപ്പൻ എന്നിവർക്ക് മന്ത്രിസ്ഥാനം കാലാവധി പങ്കിട്ട് നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം, ആർഎംപി, സിപിഎം വിട്ടെത്തിയ ജി. സുധാകരൻ അടക്കമുള്ളവർ എന്നിവരെയെല്ലാം എങ്ങനെ ഉൾക്കൊള്ളും, എങ്ങനെ മന്ത്രിസ്ഥാനം വീതിക്കും എന്നതിലും ആശയക്കുഴപ്പമുണ്ട്.

മേയ് 18-ന് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുക. മേയ് 21-ന് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും. മേയ് 22-നാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. മേയ് 28-ന് നയപ്രഖ്യാപന പ്രസംഗം. ജൂൺ അഞ്ചിന് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...