വത്തിക്കാൻ സിറ്റി: ഈശോയുടെ മൃതദേഹം പൊതിഞ്ഞിരുന്ന കച്ച എന്നു വിശ്വാസികൾ കരുതിപ്പോരുന്ന ‘ടൂറിനിലെ തിരുക്കച്ച’ എന്നപേരിൽ അതിപ്രശസ്തമായ ലിനൻ തുണിക്ക് ഇന്ത്യൻ ബന്ധമുണ്ടെന്ന് പുതിയ പഠനറിപ്പോർട്ട്.
4.4 മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ഈ തുണിക്ക് ഇന്ത്യൻ പശ്ചാത്തലമുണ്ടാകാമെന്നാണ് പുതിയ ഡിഎൻഎ പരിശോധനകൾ സൂചിപ്പിക്കുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ഇറ്റലിയിലെ പാദുവ യൂണിവേഴ്സിറ്റി ജനിതകശാസ്ത്ര വിഭാഗം പ്രഫസർ ഡോ. ജിയാന്നി ബാർകാസിയ ലോകപ്രശസ്ത ശാസ്ത്ര മാസികയായ നേച്ചർ സയന്റിഫിക് റിപ്പോർട്സിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ഈ ഗവേഷണറിപ്പോർട്ട് ഓൺലൈനിൽ ലഭ്യമാണ്.
പുരാതന ഇന്ത്യയിലെ സിന്ധു നദീതട മേഖലയിൽനിന്നുള്ള നൂലുകളാണ് തിരുക്കച്ചയിൽ കണ്ടെത്തിയിരിക്കുന്നത്. അതിനാൽത്തന്നെ ഇത് ഇന്ത്യയിൽ നിർമിച്ച തുണിയായിരിക്കാമെന്നും ഗവേഷകർ അനുമാനിക്കുന്നു. സിന്ധു നദീതട സംസ്കാരത്തിന് ഈശോമിശിഹായുടെ കാലഘട്ടത്തിലെ മറ്റു പ്രധാന പ്രാചീന നാഗരികതകളുമായി ശക്തമായ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. പുരാവസ്തു ഗവേഷണങ്ങൾ ഇതു ശരിവയ്ക്കുന്നുണ്ട്.
റോമാക്കാർ പ്രാചീന ഇന്ത്യയിൽനിന്നു ലിനൻ തുണിത്തരങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടാകാമെന്നും ഇത്തരത്തിലൊരു തുണിയായിരിക്കാം ഈശോമിശിഹായുടെ മൃതദേഹം പൊതിയാൻ ഉപയോഗിച്ചതെന്നുമുള്ള വിശകലനങ്ങളിലേക്കാണ് പുതിയ പഠനം എത്തുന്നത്.
ടൂറിനിലെ കച്ചയുടെ പ്രത്യേകത ചാട്ടവാറടിയേൽക്കുകയും ക്രൂശിക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ പൂർണകായചിത്രം അതിൽ പതിഞ്ഞിരിക്കുന്നു എന്നതാണ്.
1978ൽ തിരുക്കച്ചയിൽനിന്നു ശേഖരിച്ച സാന്പിളുകളിൽ നടത്തിയ പരിശോധനയിൽ അതിലെ മനുഷ്യ ഡിഎൻഎയുടെ ഏകദേശം 55.6 ശതമാനം പശ്ചിമേഷ്യക്കാരുടേതും 38.7 ശതമാനം ഇന്ത്യക്കാരുടേതും 5.6 ശതമാനം യൂറോപ്യന്മാരുടേതുമാണെന്ന് പാദുവ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു.
ജറൂസലെം ദേവാലയത്തിൽ യോം കിപ്പുർ തിരുനാളിനോടനുബന്ധിച്ച് പ്രധാന പുരോഹിതൻ അണിഞ്ഞിരുന്ന അലങ്കാരവസ്ത്രം ഇന്ത്യൻ നിർമിതമായിരുന്നുവെന്ന് അഡാ ഗ്രോസി എന്ന പാലെയോഗ്രാഫി ശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
2015ലാണ് ജിയാന്നി ബാർകാസിയയും വിവിധ യൂണിവേഴ്സിറ്റികളുലെ ഗവേഷകരും ഈ ലിനൻ വസ്ത്രത്തിന് ഇന്ത്യയുമായി ബന്ധമുണ്ടാകാമെന്ന ആശയം മുന്നോട്ടു വച്ചത്. ഇതേ വിശകലനംതന്നെയാണ് ഇപ്പോഴും അദ്ദേഹവും സംഘവും ആവർത്തിച്ചിരിക്കുന്നത്.
ഫോറെൻസിക് മെഡിസിനിലെ വിഖ്യാത പ്രഫസറായ പിയർ ലൂയിജി ബെയ്മ തിരുക്കച്ചയിൽ ഗവേഷണം നടത്തുകയും എബി ഗ്രൂപ്പിൽപ്പെട്ട മനുഷ്യരക്തത്തിന്റെ സാന്നിധ്യമുണ്ടെന്ന് 1980ൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.






Leave a comment