തിരുവനന്തപുരം: ക്യാമറ കൊണ്ട് സെല്ലുലോയ്ഡിൽ ദൃശ്യവിസ്മയം തീർത്ത പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു.ചെന്നൈയിലായിരുന്നു അന്ത്യം. അനുഭവങ്ങൾ പാളിച്ചകൾ, യക്ഷി, അടിമകൾ, വാഴ്വേമായം,അരനാഴികനേരം,ശരപഞ്ജരം, ഭൂമിദേവി പുഷ്പിണിയായി,പഞ്ചമി,ലാവ,അങ്കുരം,ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,വളർത്തുമൃഗങ്ങൾ,പൂച്ചസന്യാസി,വെള്ളം,തുടങ്ങിയ അനേകം ചിത്രങ്ങൾക്ക് അദ്ദേഹം ദൃശ്യഭാഷയൊരുക്കി.
ഇന്ത്യൻ സിനിമയിലെ ആദ്യകാല ക്യാമറാമാനായ ആദി എം.ഇറാനിയുടെ മകനായി 1932 ഓഗസ്റ്റ് 5ന് ബോംബെയിലായിരുന്നു ജനനം. പിതാവിൽ നിന്ന് ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു.1961ൽ ജ്ഞാനസുന്ദരി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. കെ.എസ്.സേതുമാധവൻ, ഹരിഹരൻ തുടങ്ങിയ സംവിധായകരുടെ സ്ഥിരം സഹപ്രവർത്തകനായി. സംവിധായകരുടെ മനസ് അറിഞ്ഞ് ക്യാമറ ചലിപ്പിക്കാനുള്ള അപൂർവമായ ശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളത്തിലെ അനശ്വര ഗാനങ്ങൾ പലതും മെല്ലി ഇറാനിയുടെ ക്ലാസിക് ഫ്രെയിമുകളുടെ നിറവിലാണ് പിറന്നത്.
പ്രവാചകന്മാരേ പറയൂ,കല്യാണി കളവാണി,അഗ്നിപർവതം പുകഞ്ഞു,ഉജ്ജയിനിയിലെ ഗായിക,ചലനം ചലനം, നീലഗിരിയുടെ സഖികളേ,പാരിജാതം തിരുമിഴി തുറന്നു,താഴമ്പൂ മണമുള്ള,പൂന്തേനരുവീ,ശ്രാവണ ചന്ദ്രിക, സ്വർണചാമരം വീശിയെത്തുന്ന,വിളിച്ചു ഞാൻ വിളികേട്ടു,സാമ്യമകന്നോരുദ്യാനമേ,ചന്ദ്രകിരണം ചാലിച്ചെടുത്തൊരു,ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം,ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം,പാതിരാത്തണുപ്പ് വീണു,നനഞ്ഞ നേരിയ പട്ടുറുമാൽ, കാറ്റു വന്നു കള്ളനെപ്പോലെ എന്നിങ്ങനെ നീളുന്ന അദ്ദേഹത്തിന്റെ മാസ്മരിക സൃഷ്ടികൾ.






Leave a comment