കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ധുരന്ധര്‍ 2: ലിയാരിയിലെ ചോരയും പ്രതികാരവും, രചനയും സംവിധാനവും അസാമാന്യം

ധുരന്ധർ രണ്ടാം ഭാഗത്തെപ്പോലെ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് തീപിടിപ്പിച്ച ഒരു ചിത്രം സമീപകാലത്തെങ്ങുമുണ്ടായിട്ടില്ല. ആ പ്രതീക്ഷകളെ ഏറെക്കുറെ കാക്കാൻ എഴുത്തുകാരനും സംവിധായകനുമായ ആദിത്യ ധറിനായിരിക്കുന്നു. ധുരന്ധർ 2: ദ റിവഞ്ചിന്റെ ദൈർഘ്യം ഏതാണ്ട് മൂന്നു മണിക്കൂർ 49 മിനിറ്റാണ്. ഇടവേള കൂടി ചേർത്തുനോക്കിയാൽ നാലുമണിക്കൂറിൽ കുറയില്ല. എങ്കിലും ബോറടിപ്പിക്കാതെ അവസാനഫ്രെയിം വരെ പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ ആദിത്യ ധറിന് സാധിച്ചിട്ടുണ്ട്. ഈ ഭാഗവും വൻവിജയമാവുമെന്നു തന്നെ കരുതണം.

ആദ്യഭാഗത്തിൽ ഇന്ത്യൻ ചാരൻമാർ പാക് അധോലോകത്തിൽ നുഴഞ്ഞുകയറി നിർണായകസ്ഥാനങ്ങളിൽ എത്തിപ്പെടുന്നതാണ് കഥയെങ്കിൽ രണ്ടാം ഭാഗത്തിൽ അവരുടെ ദീർഘകാലത്തെ കാത്തിരിപ്പ് സഫലമാകുന്നതാണ്. അതിർത്തിക്കപ്പുറം ഒളിച്ചിരുന്ന് ഭാരതത്തിനെതിരെ ഗൂഢാലോചന നടത്തുന്ന ഭീകരവാദികളെയും ക്രിമിനലുകളെയും അവരുടെ സുരക്ഷിത താവളങ്ങളിൽ വെച്ച് തന്നെ അജ്ഞാതർ വകവരുത്തുന്നത് അങ്ങേയറ്റം റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിരിക്കുന്നു. ഒരു തെളിവും അവശേഷിപ്പിക്കാത്ത ഈ അജ്ഞാതകൊലയാളികൾ ചോര കണ്ട് അറപ്പുമാറിയ ശത്രുക്കളെ കിടുകിടാ വിറപ്പിക്കുന്നത് പ്രേക്ഷകരിൽ ആവേശം നിറയ്ക്കും.

വെറുമൊരു ചാരസിനിമ എന്നതിലുപരി, ഇന്ത്യയുടെ മാറിയ വിദേശനയത്തിന്റെയും പ്രതിരോധകരുത്തിന്റെയും ആഘോഷമായും സിനിമയെ കാണാം. രാജ്യത്തിന്റെ ശത്രുക്കളെ- കാണ്ഡഹാർ വിമാനറാഞ്ചലിലെ പ്രതികൾ മുതൽ മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻമാർ വരെ- നിർദയം കൊല്ലുന്ന കാഴ്ച ചിലപ്പോഴൊക്കെ പ്രേക്ഷകരെ ഞെട്ടിക്കും. ആദ്യഭാഗത്തെക്കാൾ കഠിനമാണ് ചില രംഗങ്ങൾ കണ്ടിരിക്കാൻ.

സ്യൂട്ടും കോട്ടും തൊപ്പിയും ധരിച്ച് ചുണ്ടിൽ ഇംഗ്ലീഷും ഒരു കൈയിൽ തോക്കും മറുകൈയിൽ മദാലസയുമായി നടക്കുന്ന പതിവ് ബോളിവുഡ് ചാരക്കഥകളെ ധർ സൃഷ്ടിച്ച ആദ്യഭാഗം ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. യഥാർഥ ചാരപ്രവർത്തനത്തിന്റെ ചോരയും കണ്ണീരും വീണു കുതിർന്ന അതേ മണ്ണിൽ (കറാച്ചിയിലെ ലിയാരിയിൽ) തന്നെയാണ് ഈ ഭാഗവും കാലുറപ്പിച്ചിരിക്കുന്നത്. ഷാരുഖ് ഖാന്റെ പഠാനിൽ കണ്ടപോലെ (മുൻ റോ ഏജന്റ് ഐ.എസ്.ഐ. ചാരവനിതയുടെ സഹായത്തോടെ ഭാരതത്തെ രക്ഷിക്കുന്നു) ഇന്ത്യയും പാകിസ്താനുമുൾപ്പെട്ട ഒരു രഹസ്യ ഓപ്പറേഷന്റെ കഥ ഇനിയൊരിക്കലും ബോളിവുഡിന് പറയാനാവില്ല.

ആദ്യഭാഗത്തിൽ ഏറ്റവും ശ്രദ്ധേയമായ (ജനപ്രിയമായ) പ്രകടനം അക്ഷയ് ഖന്നയുടേതായിരുന്നു. ലിയാരി അധോലോകത്തിന്റെ രാജാവായിരുന്ന റഹ്മാൻ ഡകായിത് ആയി അക്ഷയ് പകർന്നാടി. അസാമാന്യമായ ഒതുക്കവും നിയന്ത്രണവും മാത്രമല്ല, സ്റ്റൈലുമുള്ള അഭിനയം. അതുകാരണം, രണ്ടാം ഭാഗത്തിൽ ഫ്‌ളാഷ്ബാക്കായി അദ്ദേഹത്തെ വീണ്ടും കൊണ്ടുവരുമെന്ന് വാർത്തകളുണ്ടായിരുന്നു. പക്ഷേ, സംവിധായകൻ ആ പ്രലോഭനത്തിന് വഴങ്ങിയില്ലെന്നു കരുതാം. ഖന്നയുടെ അഭാവം പ്രേക്ഷകർ ഓർമിക്കാത്ത വിധം അസാമാന്യമായ പ്രകടനമാണ് രൺവീർ സിങ്ങിന്റേത്.

രൺവീറിന്റെ കഥാപാത്രം കടന്നുപോവുന്നത് തീവ്രമായ മനുഷ്യാവസ്ഥകളുടെ ഏറെക്കുറെ 360 ഡിഗ്രിയുമാണ്. സ്വന്തം പിതാവ് കൊല്ലപ്പെടുകയും സഹോദരി ക്രൂരമായ കൂട്ടമാനഭംഗത്തിന് ഇരയാവുകയും ചെയ്ത 21-കാരൻ ജസ്കിരത് സിങ് രാംഗിയുടെ നിസ്സഹായമായ വേദനയും ആത്മസംഘർഷങ്ങളും രക്തരൂഷിതമായ പ്രതികാരവും രൺവീർ അവിസ്മരണീയമാക്കി. കഥ പാകിസ്താനിലെ ലിയാരിയിലെ അധോലോകത്തിലേക്ക് മാറുമ്പോൾ രൺവീർ തന്റെ അഭിനയപ്രതിഭയുടെ പൂർണമായ റേഞ്ച് വെളിവാക്കുന്നു: ലിയാരിയുടെ തെരുവുകൾ ഭരിക്കുന്ന ഗുണ്ട, സ്നേഹനിധിയായ കാമുകനും ഭർത്താവും പിതാവും, ഗൂഢാലോചന നടത്തുന്ന രാഷ്ട്രീയക്കാരൻ, നിർദയനായ ക്രിമിനൽ, ഭാരതത്തിന്റെ ശത്രുക്കളെ അതിക്രൂരമായി വേട്ടയാടുന്ന ധുരന്ധർ. രൺവീറിന്റെ ഇതഃപര്യന്തമുള്ള കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി ഇത് അടയാളപ്പെടുത്തപ്പെടുമെന്നുറപ്പ്.

ആദ്യഭാഗത്തിലെപ്പോലെ എല്ലാ നടീനടൻമാരും അവരവരുടെ വേഷങ്ങൾ കുറ്റമറ്റ രീതിയിൽ ഫലിപ്പിച്ചിട്ടുണ്ട്. മേജർ ഇക്ബാലായി എത്തിയ അർജുൻ രാംപാൽ, രൺവീറിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. എസ്.പി. അസ്ലമായി വരുന്ന സഞ്ജയ് ദത്തിന്റേത് അതിഥിവേഷമാണെങ്കിലും അദ്ദേഹത്തിന്റെ സ്റ്റൈലും സ്ക്രീൻ പ്രസൻസും സിനിമയ്ക്ക് മുതൽക്കൂട്ടാണ്. അജയ് സാന്യാലായി വേഷമിട്ട ആർ. മാധവൻ സിനിമയിൽ അധികനേരമില്ലെങ്കിലും മുഴുനേരമുണ്ടെന്നു തോന്നും. അദ്ദേഹമാണല്ലോ ‘കർമത്തിന്റെ തേരാളി’! ജമീലിന്റെ വേഷത്തിൽ പഴയകാല ഹാസ്യനടൻ രാകേഷ് ബേദിയും യലീനയായി സാറ അർജുനും അടക്കമുള്ളവർ കഥാപാത്രങ്ങളാണെന്ന വസ്തുത പ്രേക്ഷകർ മറന്നു പോവുംവിധം സ്വാഭാവികമായാണ് ലിയാരിയിലെ തെരുവുകളിൽ പെരുമാറുന്നത്.

ധുരന്ധർ 2-ലെ മിക്കവാറുമുള്ള പ്രധാനകഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ, ജീവിച്ചിരുന്നവരെ അടിസ്ഥാനപ്പെടുത്തിയതോ ആണ്. അതിനാൽ സമാനമായ രൂപഭാവങ്ങളുള്ളവരെ കണ്ടുപിടിക്കുക എളുപ്പമല്ല. പക്ഷേ, ആദ്യഭാഗത്തിലെന്ന പോലെ, ഇത്തവണയും കൃത്യമായ ആൾക്കാരെ കണ്ടെത്താൻ കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛാബ്രിയയ്ക്കായി. യു.പി.യിലെ മുൻ ഗുണ്ടാത്തലവൻ കം രാഷ്ട്രീയനേതാവ് അതീഖ് അഹമ്മദിനെ ഓർമ്മിപ്പിക്കുന്ന ആതിഫ് അഹമ്മദായി വരുന്ന സലീം സിദ്ദിഖി, മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ഓർമിപ്പിക്കുന്ന നവാബ് ഷഫീഖ് ആയി മഷ്ഹൂർ അംരോഹി എന്നിവർ ഉദാഹരണം.

ആദിത്യ ധറിന്റെ രചനയും സംവിധാനവും അസാമാന്യമാണ്. മുഴുനീള ആക്ഷൻ ചിത്രമാണെങ്കിലും വൈകാരികമായ ഉള്ളുറപ്പുണ്ട് കഥാപാത്രങ്ങൾക്ക്. ആദ്യത്തെ ചാപ്റ്ററിൽ തന്നെ ധർ അതിന് അടിത്തറയിടുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് മൃദുലഹൃദയർക്ക് അല്പം കടുപ്പമായിരിക്കുമെങ്കിലും രാജ്യസ്നേഹികളെ ആവേശം കൊള്ളിക്കുന്നതാണ്. ആദ്യഭാഗത്തേക്കാൾ മസാല കൂടുതലാണ് ചില രംഗങ്ങളിൽ. ശാശ്വത് സച്ച്ദേവിന്റെ സംഗീതം ആദ്യഭാഗത്തോളം ആവേശകരമോ ഓർമയിൽ നിൽക്കുന്നതോ അല്ലെങ്കിലും ഗംഭീരമാണ്. ഒന്നാന്തരമാണ് ചിത്രീകരണം. ആക്ഷൻ കോറിയോഗ്രഫിയിൽ പുതിയ ബെഞ്ച്മാർക്കാണ് ഈ ചിത്രം.

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണ് എന്ന ചോദ്യം ആ സിനിമയുടെ രണ്ടാംഭാഗത്തിന്റെ കാത്തിരിപ്പിന് ശക്തി കൂട്ടിയതുപോലെ ബഡേ സാഹെബ് ആരാണ് എന്ന ചോദ്യം ആകാംക്ഷ വർധിപ്പിക്കുന്നതായിരുന്നു. ലോകമെമ്പാടുമുള്ള അധോലോക പ്രവർത്തനങ്ങളെയും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ഈ നിഗൂഢവ്യക്തിയുടെ മുഖത്തേക്ക് ക്യാമറ നീങ്ങുമ്പോൾ ഞെട്ടിപ്പോകും. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പോലും ഈ ബഡേ സാഹെബിന് എത്രത്തോളം സ്വാധീനമുണ്ടെന്ന ചോദ്യം അവശേഷിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്.

ധുരന്ധർ 2 വിനോദസിനിമ മാത്രമല്ല, പൊളിറ്റിക്കൽ ത്രില്ലർ കൂടിയാണ്. ചിത്രം ഉയർത്തുന്ന രാഷ്ട്രീയം വളരെ വ്യക്തവും ശക്തവുമാണ്. സിനിമയെ എതിർക്കുന്നവർ ആരോപിക്കുന്ന പ്രൊപ്പഗാൻഡാ ചിത്രം എന്ന ആരോപണത്തിനു വഴിവെക്കുന്നത് സിനിമ മുന്നോട്ടുവെക്കുന്ന ചില വാദങ്ങൾ തന്നെ.

പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ സ്വാതന്ത്ര്യ പോരാട്ടവും അവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങളും സിനിമയുടെ പ്രധാന പശ്ചാത്തലമാണ്. ഇത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം എങ്ങനെ ഉപയോഗിക്കുന്നു എന്നത് സിനിമ ചർച്ച ചെയ്യുന്നു. പഞ്ചാബിലെ യുവാക്കളെ കാർന്നുതിന്നുന്ന മയക്കുമരുന്ന് മാഫിയയുടെയും ഖലിസ്താൻ വാദത്തിനും പിന്നിലെ പാക് കരങ്ങളെ സിനിമ തുറന്നുകാട്ടുന്നു.

നിലവിലെ കേന്ദ്രസർക്കാരിന്റെ പ്രത്യയശാസ്ത്രത്തോടും ചിന്താപദ്ധതിയോടും ചേർന്നുനിൽക്കുന്ന സിനിമയാണിത്. പക്ഷേ, അതിൽ കൽപ്പിതം എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പല സംഭവങ്ങളും ശരിക്കും നടന്നതാണ്, അജ്ഞാതർ വധിച്ചതായി കാട്ടുന്ന ഭീകരരരും ആസൂത്രകരും ശരിക്കും കൊല്ലപ്പെട്ടവരും. ഇതിലെ കൽപ്പനയും യാഥാർഥ്യവും വേർതിരിച്ചെടുക്കുക എളുപ്പമല്ല. ചിലർ മുഴുവനും വിശ്വസിക്കും, മറ്റു ചിലർ മറിച്ചും. അങ്ങനെയുള്ളവരാവാം കൂടുതൽ!

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

സിനിമ

കുടുംബപ്രേക്ഷകരേയും കൈയിലെടുത്ത് ‘കറക്കം’; ഹൊറർ- കോമഡി (Review)

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ ‘കറക്കം’ തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല,...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...