സിനിമ

കുടുംബപ്രേക്ഷകരേയും കൈയിലെടുത്ത് ‘കറക്കം’; ഹൊറർ- കോമഡി (Review)

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ ‘കറക്കം’ തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല, കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു ഫുൾ ഓൺ ഫാമിലി എന്റർടെയ്നറായാണ് ചിത്രം.

താരരാജാവ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ ലോഞ്ച് ചെയ്ത ടീസർ പുറത്തിറങ്ങിയ നിമിഷം മുതൽ തന്നെ ചിത്രത്തിന് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. പാട്ടും ഡാൻസും ഡിസ്‌കോയും നിറഞ്ഞ എൺപതുകളുടെ റെട്രോ വൈബും ഇന്നത്തെ ന്യൂജനറേഷൻ ലോകവും തമ്മിൽ കൂട്ടിയിണക്കുന്ന അവതരണമാണ് ‘കറക്കം’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഒരു കൂട്ടം യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന റെട്രോ ആത്മാക്കളും തമ്മിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ സാധാരണ ഹൊറർ സിനിമകളിൽനിന്ന് വ്യത്യസ്തമായി, ‘കറക്കം’ പേടിപ്പിക്കുന്നതിലുപരി ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ഒരു അനുഭവമാണ് ഒരുക്കുന്നത്. കുടുംബത്തോടെ ഒന്നിച്ച് ഇരുന്ന് ആസ്വദിക്കാവുന്ന തമാശകളും സംഗീതവും ഡാൻസും ചേർന്ന അവതരണമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. വ്യത്യസ്തമായ ജോണറും, വർണ്ണാഭമായ ഫ്രെയിമുകളും, പാട്ടുകളും, ഫൺ നിറഞ്ഞ അവതരണവുമായി ‘കറക്കം’ എല്ലാ പ്രായക്കാർക്കും ഒരുമിച്ച് ആസ്വദിക്കാവുന്ന ഒരു മികച്ച തിയേറ്റർ അനുഭവമായി തുടരുകയാണ്.

കൊച്ചിക്കാരനായ ഡാൻസർ ധനുഷ് ആയാണ് ശ്രീനാഥ് ഭാസി ചിത്രത്തിൽ വേഷമിടുന്നത്. ധനുഷിന്റെ കാമുകിയുടെ വേഷത്തിലാണ് ഫെമിന. അലസനും ഉഴപ്പനുമായ ധനുഷും ഒരുഘട്ടത്തിൽവെച്ച് പരിചയപ്പെടുന്ന പ്രവീൺ ടി.ജെ. അവതരിപ്പിക്കുന്ന കാജ എന്ന കഥാപാത്രവും ചേർന്ന് പ്രത്യേക സാഹചര്യത്തിൽ സെമിത്തേരിയിൽനിന്ന് അഞ്ച് കുരിശുകൾ മോഷ്ടിക്കുന്നു. ഇതോടെ ഇവരുടെ പിന്നാലെ അഞ്ച് ആത്മാക്കൾ ഒപ്പം കൂടുന്നു. അവരിൽനിന്ന് രക്ഷനേടാൻ ഇരുവരും ചേർന്ന് നടത്തുന്ന യാത്രയാണ് കറക്കം. മനോജ് മോസസ്, ശ്രാവൺ സെൽവൻ, കെയിൻ സണ്ണി, ഷോൺ റോമി, ഷാലു റഹീം എന്നിവരാണ് പ്രേതങ്ങളുടെ വേഷത്തിലുള്ളത്.

മികച്ച പ്രകടനങ്ങൾക്കൊണ്ട് ശ്രദ്ധേയമാണ് ചിത്രം. പ്രധാനവേഷത്തിലുള്ള ശ്രീനാഥ് ഭാസിയുടേത് മികച്ച അഭിനയം കാഴ്ചവെക്കുന്നു. പതിവ് ശൈലിയിൽ ശ്രീനാഥിന് ‘കേക്ക് വാക്കാ’ണ് ധനുഷ് എന്ന കഥാപാത്രം. മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജിയിലൂടെ ശ്രദ്ധേയായ ഫെമിന ജോർജിന്റെ, പിങ്കിയായുള്ള വേഷപ്പകർച്ചയും മികച്ചതാണ്.

പുറത്തിറങ്ങാനിരിക്കുന്ന ഗീതു മോഹൻദാസ്- യഷ് ചിത്രം ടോക്‌സിക്കിന്റേതായി പുറത്തുവന്ന ടീസറിൽ മലയാളി നടൻ സുർജിത് ഗോപിനാഥും ഉണ്ടായിരുന്നു. ഇവിടെയും സെമിത്തേരി സീനിൽ മറ്റൊരു വേഷപ്പകർച്ചയിൽ സുർജിത് ഗോപിനാഥിലാണ് ചിത്രം ആരംഭിക്കുന്നത്. ധനുഷിന്റെ സുഹൃത്തുക്കളായി ഇരട്ടസഹോദരങ്ങളായി ജിവിൻ റെക്‌സും ജിനിൽ റെക്‌സും ചിത്രത്തിലുണ്ട്. അമ്മയുടെ വേഷത്തിൽ ഗീതി സംഗീതയും അവതരിക്കുന്നു. ചെറുതെങ്കിലും തന്റെ ഭാഗം അവർ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ലോ‍ഡ്ജ് മുതലാളിയുടെ വേഷത്തിൽ ബിജുക്കുട്ടൻ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഥാപാത്രത്തിന്റെ പേര് തന്നെ പ്രേക്ഷകരിൽ ചിരിയുണർത്തും.

കോമഡി ടച്ചുള്ള വേഷത്തിലാണ് വിഷ്ണു രഘു. ഫ്രഡി എന്ന ലോഡ്ജ് മാനേജറുടെ വേഷത്തിൽ മിഥൂട്ടി മികച്ചുനിന്നു. വിനീത് തട്ടിൽ, റാണി ശരൺ, മല്ലു ശേഖർ, ജീൻലാൽ, ലീനസ് സമദ് ബിച്ച തുടങ്ങി ഒട്ടേറെപ്പേർ ചിത്രത്തിലുണ്ട്.

അഭിരാം രാധാകൃഷ്ണൻ, മണികണ്ഠൻ ആചാരി, സിദ്ധാർഥ് ഭരതൻ എന്നിവരുടെ പ്രകടനം പ്രത്യേക പരാമർശം അർഹിക്കുന്നു. മണിച്ചിത്രത്താഴ് റെഫറൻസിൽ തട്ടിപ്പുകാരനായ പാരാസൈക്കോളജിസ്റ്റായ നകുലൻ എന്ന കഥാപാത്രമായാണ് അഭിരാം ചിത്രത്തിൽ വേഷമിടുന്നത്. ധനുഷും കാജയും എത്തിച്ചേർന്ന കുരുക്ക് അഴിക്കാൻ സഹായിക്കാനെത്തുന്ന നകുലൻ പിന്നീട് അവരുടെ കറക്കത്തിൽപ്പെട്ടുപോവുന്നു. വില്ലൻ വേഷത്തിലാണ് മണികണ്ഠൻ ആചാരി. വേഷത്തോട് അങ്ങേയറ്റം നീതി പുലർത്തുന്ന പ്രകടനമായിരുന്നു മണികണ്ഠന്റേത്. സിനിമകളിലെ പതിവ് കോമാളിയായ പോലീസ് വേഷമെങ്കിലും സിദ്ധാർഥ് ഭരതൻ ടച്ച് കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു. ഇൻസ്‌പെക്ടർ കുഞ്ചൻ നമ്പ്യാരായണ് സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ എത്തുന്നത്.

ഒന്നേമുക്കാൽ മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. മുറുക്കമുള്ള തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷത. ഒട്ടും മടുപ്പിക്കാതെ വിശ്വസനീയമായി തന്നെ ചിത്രം മുന്നോട്ടുനീങ്ങുന്നു. കഥാപശ്ചാത്തലത്തെ ഉറപ്പിക്കുന്ന ആദ്യപകുതിയും പ്രേക്ഷകനേയും ഒപ്പംകൂട്ടി കറങ്ങാൻ പോകുന്ന രണ്ടാംപകുതിയും എന്ന നിലയിലാണ് ചിത്രം ക്രമീകരിച്ചിരിക്കുന്നത്. ആദ്യപകുതിയിൽ ഒരുപക്ഷേ പ്രേക്ഷന് ഉണ്ടായേക്കാവുന്ന നിരാശകളെല്ലാം രണ്ടാം പകുതി തീർക്കുന്നുണ്ട്. സൗഹൃദങ്ങളുടെ രണ്ട് തലങ്ങളാണ് രണ്ടുപകുതിയിലുമുള്ളത്. രണ്ടാംപകുതി ഇടയ്ക്ക് വൈകാരികമായും മാറുന്നുണ്ട്.

സംവിധായകനും തിരക്കഥയ്ക്കുമൊപ്പം ചിത്രത്തിലെ സൂപ്പർസ്റ്റാർ സംഗീതസംവിധായകൻ സാം സി.എസ്. ആണ്. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ ഓരോ നിമിഷത്തിന്റേയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പശ്ചാത്തലമൊരുക്കിയിരിക്കുന്നു. അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഡാൻസ് പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളോടും കഥാസന്ദർഭത്തോടും നീതിപുലർത്തുന്നതാണ് ഈ പാട്ടുകളെല്ലാം. അൻവർ അലി, വിനായക് ശശികുമാർ, മുഹ്‌സിൻ പരാരി, ഹരീഷ് മോഹനൻ, സു എന്നിവരുടെ വരികളും മികവുപുലർത്തുന്നു.

പതിവ് പ്രേതപ്പടങ്ങിളിൽനിന്ന് വ്യത്യസ്തമായി ജംപ് സ്‌കെയറുകൾ അത്യാവശ്യമുള്ളിടത്തുമാത്രമേ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. കഥാപാത്രം അനുഭവിക്കുന്ന പേടി പ്രേക്ഷകനിലേക്കുമെത്തിക്കുന്നതിൽ ഛായാഗ്രാഹകൻ ബബ്ലു അജുവിന്റേയും ചിത്രസംയോജകൻ നിതിൻ രാജ് ആരോളിന്റേയും കൈയടക്കം പ്രശംസനീയമാണ്. കലാസംവിധായകൻ രാജേഷ് പി. വേലായുധൻ, ശബ്ദവിഭാഗം കൈകാര്യംചെയ്ത അരവിന്ദ് മേനോൻ എന്നിവരും കൈയടി അർഹിക്കുന്നു.

പ്രേക്ഷകനെ മടുപ്പിക്കാതെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് സിനിമാറ്റിക് അനുഭവങ്ങൾ സമ്മാനിക്കുന്ന ചിത്രമാണ് കറക്കം. കേവലം പ്രേതപ്പടത്തിനപ്പുറം അനുഭവിക്കാൻ ഒരുപാടുള്ള ചിത്രമാണിത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...