അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്. അതുപോലൊരു ഗുഹയിൽ നമ്മൾ അകപ്പെട്ടുപോയാൽ എന്താവും… ഓർക്കുമ്പോൾത്തന്നെ ശ്വാസം മുട്ടുന്ന അവസ്ഥ. 2018ൽ ലോകം സമാനതകളില്ലാത്ത മറ്റൊരു രക്ഷാപ്രവർത്തനവും ശ്വാസമടക്കിപ്പിടിച്ച് കണ്ടു. തായ്ലൻസിലെ താമ്‌ലുവാങ് ഗുഹയിൽ അകപ്പെട്ടുപോയ 12 കുട്ടികളെയും അവരുടെ ഫുട്ബാൾ കോച്ചിനെയും രക്ഷപ്പെടുത്തുന്നതായിരുന്നു അത്. 18 ദിവസം നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ പാറയും വെള്ളവും നിറഞ്ഞ ഗുഹയിൽ നിന്ന് പതിമൂന്നുപേരെയും സുരക്ഷിതമായി പുറത്തെത്തിച്ചപ്പോഴാണ് ലോകത്തിന് ശ്വാസം നേരേ വീണത്.

ഏറക്കുറെ അതിന് സമാനമായ മറ്റൊരു രക്ഷാപ്രവർത്തനം ഇപ്പോൾ നടക്കുകയാണ്. ലാവോസിലെ സെയ്സോംബൂൺ പ്രവിശ്യയിൽ സ്വർണം തിരഞ്ഞ് വനത്തിനുള്ളിലെ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടുപോയ ഏഴുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണത്. സ്വർണവും വിലപിടിപ്പുള്ള രത്നങ്ങളും കണ്ടെത്താൻ പതിവായിറങ്ങുന്ന ഗ്രാമീണരിൽ ചിലരാണ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ടുപോയത്. ഇഴഞ്ഞുനീങ്ങാൻ മാത്രം കഴിയുന്ന ഗുഹയ്ക്കുള്ളിലേക്ക് അവർ പ്രവേശിച്ച ഉടൻ പെയ്ത കനത്തമഴയാണ് ശരിക്കും വില്ലനായത്. വെള്ളപ്പൊക്കം ഗുഹയുടെ പുറത്തേക്കുള്ള വഴി അടച്ചു. ഗുഹയ്ക്കുള്ളിൽ പൊടുന്നനെ വെള്ളം പൊങ്ങി. എങ്ങോട്ടുപോകുമെന്നോ എങ്ങനെ പുറത്തിറങ്ങുമെന്നോ അറിയാത്ത അവസ്ഥയിലായി ഉളളിലുള്ളവർ. എങ്ങും കൂരിരുട്ട്. കൊണ്ടുപോയ ഭക്ഷണം തീർന്നു. അരയ്ക്കുമുകളിൽ ഉയർന്ന വെള്ളത്തിന്റെ അരിച്ചുകയറുന്ന തണുപ്പ്. ഗുഹയുടെ ചില ഭാഗങ്ങളിലുള്ള വായുസഞ്ചാരമുള്ള ചെറിയ ദ്വാരങ്ങളിലൂടെ ജീവവായു മാത്രമാണ് ലഭിച്ചിരുന്നത്.

ഇവർക്കൊപ്പം കൂടിയെങ്കിലും ഗുഹയ്ക്കുള്ളിൽ അകപ്പെടാതെ രക്ഷപ്പെട്ട ഒരാൾ പറഞ്ഞാണ് ഏഴുപേർ ഗുഹയിൽ കുടുങ്ങിയ വിവരം പുറംലോകം അറിഞ്ഞത്. അതിനാൽ പിറ്റേദിവസം തന്നെ രക്ഷാപ്രവർത്തനം തുടങ്ങാനായി. പക്ഷേ വിചാരിച്ചപോലെയായിരുന്നില്ല കാര്യങ്ങൾ. ഗുഹയിൽ 984 അടി ഉള്ളിലാണ് ഇവർ കുടുങ്ങിക്കിടക്കുന്നെന്ന പ്രാഥമിക നിഗമനത്തിലാണ് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നത്. അടഞ്ഞുപാേയ ഗുഹാമുഖം അവർ തുറന്നു. പക്ഷേ ഉള്ളിൽ നിറയെ വെള്ളമുള്ളതിനാൽ ഒരിഞ്ചുപോലും അകത്തേക്ക് കടക്കാൻ കഴിയുന്നില്ല. വലിയ പമ്പ് ഉപയോഗിച്ച് ഗുഹയിൽ നിന്ന് വെള്ളം പമ്പുചെയ്തുകളയാനായിരുന്നു ശ്രമം. പക്ഷേ തുടർന്നുകൊണ്ടിരുന്ന മഴ വീണ്ടും വില്ലനായി.

ഇനി സമയം പാഴാക്കിയാൽ ഏഴുജീവനുകൾ നഷ്ടപ്പെടുമെന്ന് മനസിലാക്കിയതോടെ രക്ഷാപ്രവർത്തർ ഗുഹയിലേക്ക് ഉറങ്ങി. ഇവർക്ക് സഹായത്തിനായി അത്യാധുനിക ക്യാമറകളും സ്കാനറുകളും എത്തി. ഒപ്പം വലിയ പാറക്കല്ലുകൾ മാറ്റാനുള്ള ചെറുയന്ത്രസാമഗ്രികളും. എല്ലാം എത്തിയെങ്കിലും ഇവയും ഓക്സിജൻ സിലിണ്ടറും വഹിച്ച് ഇടുങ്ങിയ ഗുഹയിലൂടെ രക്ഷാപ്രവർത്തകർ എങ്ങനെ മുന്നോട്ടുനീങ്ങുമെന്നതിനെക്കുറിച്ച് ആർക്കും ഒരു രൂപവുമുണ്ടായിരുന്നില്ല. ഇതിനൊപ്പം ഗുഹയ്ക്കുള്ളിൽ വെള്ളവും ഉയരുന്നുണ്ടായിരുന്നു. ആദ്യം അരയ്ക്കൊപ്പം മാത്രമായിരുന്നു വെള്ളമെങ്കിൽ ഇപ്പോൾ അത് കഴുത്തൊപ്പമായി.

പ്രതിബന്ധങ്ങളെ അതിജീവിച്ച് ഓരാ മില്ലീമീറ്ററും മണിക്കൂറുകളെടുത്താണ് രക്ഷാപ്രവർത്തകർ താണ്ടിയത്. ഇതിനിടയിൽ വവ്വാലിന്റെ രൂപത്തിൽ അടുത്ത പ്രതിസന്ധിയെത്തി. ഗുഹയ്ക്കുള്ളിൽ അവയുടെ കാഷ്ഠത്തിൽ നിന്നുയരുന്ന ഹൈഡ്രജൻ സൾഫൈസ് രക്ഷാപ്രവർത്തകരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ചിലർ ബോധംകെട്ടുവീണു. എങ്കിലും പിന്മാറാൻ രക്ഷാപ്രവർത്തർ തയ്യാറായില്ല. ഇതിനിടെ 2018ൽ സ്കൂൾ കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ചിലർ കൂടി എത്തിയതോടെ രക്ഷാപ്രവർത്തനത്തിന് വേഗം കൂടി. അവരുടെ കൂട്ടായ പരിശ്രമം വിജയം കണ്ടു. ആദ്യം ഒരാളെ രക്ഷപ്പെടുത്തി. അപ്പോഴേക്കും ഗുഹയ്ക്കുളളിൽ കുടുങ്ങിയിട്ട് ദിവസം ഒമ്പതായിരുന്നു. തുടർന്ന് മറ്റ് അഞ്ചുപേരെയും. ഇനിയും രണ്ടുപേരെ പുറത്തെത്തിക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. അവർ ജീവനോടെ ഉണ്ടെന്നാണ് കരുതുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാംമെഡൽ ; വെയ്റ്റ് ലിഫ്ടിംഗിൽ ഋഷികാന്ത സിംഗിന് വെള്ളി

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാംമെഡൽ നേട്ടം. പുരുഷൻമാരുടെ 60 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ...