കൊച്ചി: മരണാനന്തര അവയവദാതാക്കളെ ആദരിക്കുന്നതിനായി കൊച്ചിയില്‍ സ്മാരകം ഉയരുന്നു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (കെ-സോട്ടോ), ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്, ജിസിഡിഎ എന്നിവയുടെ നേതൃത്വത്തിലാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വേവ് ഓഫ് ലൈഫ് എന്നപേരിൽ സ്മാരകം നിർമിക്കുന്നത്.
മൃതസഞ്ജീവനി പദ്ധതിവഴി ഇതുവരെ അവയവദാനം നടത്തിയ എല്ലാവരുടെയും പേരുകള്‍ ഈ സ്മാരകത്തില്‍ രേഖപ്പെടുത്തും. അവയവമാറ്റത്തിലൂടെ രണ്ടാം ജന്മം ലഭിച്ചവരുടെ ജീവിതകഥകള്‍, അവയവദാനത്തെക്കുറിച്ചും അവയവമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങള്‍, അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ സ്മാരകത്തില്‍ ഉണ്ടാകും.
കൂടുതല്‍ ആളുകളെ അവയവദാനത്തിനു പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന സ്മാരകം, പ്രതീക്ഷയുടെയും കരുണയുടെയും അവയവദാതാക്കളുടെ അസാധാരണ ധൈര്യത്തിന്റെയും പ്രതീകമായാണു രൂപകല്പന ചെയ്തിരിക്കുന്നത്. നാലു മാസം കൂടുന്പോൾ കെ-സോട്ടോ നല്കുന്ന അവയവദാതാക്കളുടെ പേരുകള്‍ സ്മാരകത്തില്‍ ആലേഖനം ചെയ്യും.
നാളെ ഉച്ചയ്ക്ക് ഒന്നിന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് സ്മാരകത്തിന് തറക്കല്ലിടും. മന്ത്രി പി. രാജീവ്, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന് പിള്ള, കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവര്‍ പങ്കെടുക്കും.
കൊച്ചിയിൽ ഉയരുന്ന അവയവദാതാക്കൾക്കുള്ള സ്മാരകം കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തേതുമാണ്. രാജ്യത്തെ ഏറ്റവും വലിയ അവയവദാന സ്മാരകമാണിത്.
2020ൽ രാജസ്ഥാനിൽ നിർമിച്ച അങ്ക് ദാതാ ആണ് അവയവദാതാക്കൾക്കായുള്ള രാജ്യത്തെ ആദ്യസ്മാരകം.
സ്മാരകം അവയവദാനത്തെക്കുറിച്ച് കേരളത്തിലുടനീളം അവബോധത്തിന്റെ ഒരു തരംഗം ഉണര്‍ത്തുകയും ആയിരക്കണക്കിനാളുകളെ ദാതാക്കളാകാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായി ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.






Leave a comment