അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ; ഞായറാഴ്ച ഇന്ത്യ ന്യൂസീലൻഡിനെ നേരിടും

മുംബൈ: ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യയ്ക്ക് ഒരു വിജയം മാത്രം അകലെ. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഏഴു റൺസിന് വിജയിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഫൈനലിനു യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. സെഞ്ചറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസെടുത്തെങ്കിലും ഇന്ത്യയുടെ കീഴടങ്ങാത്ത പോരാട്ട വീര്യത്തിനു ‘ബദലാകാൻ’ സാധിച്ചില്ല. പക്ഷേ ഇന്ത്യ ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യത്തിനു മുന്നിൽ നന്നായി പൊരുതിയാണ് തോൽവി സമ്മതിച്ചതെന്ന് ഇംഗ്ലണ്ടിന് ആശ്വസിക്കാം. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണാണു കളിയിലെ താരം.

വിൽ ജാക്സ് (20 പന്തിൽ 35), ജോസ് ബട്‍ലർ (17 പന്തിൽ 25), ജോഫ്ര ആർച്ചർ (നാലു പന്തിൽ 19) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിൽ സോൾട്ട് (അഞ്ച്), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (ആറു പന്തിൽ ഏഴ്), ജോസ് ബട്‍ലർ (17 പന്തിൽ 25) എന്നിവരുടെ വിക്കറ്റുകളാണ് പവർപ്ലേ തീരുംമുൻപേ ഇന്ത്യ വീഴ്ത്തിയത്. സ്കോർ 13ൽ നിൽക്കെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ടിനെ ഹാർദിക് പാണ്ഡ്യ ബോൾഡാക്കി. ഹാരി ബ്രൂക്ക് ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ചപ്പോൾ തകർപ്പനൊരു ക്യാച്ചിലൂടെ അക്ഷർ പട്ടേൽ പുറത്താക്കി.

വരുൺ ചക്രവർത്തിയെറിഞ്ഞ ആറാം ഓവറിലെ മൂന്നു പന്തുകൾ തുടർച്ചയായി ജേക്കബ് ബെതൽ സിക്സർ പറത്തി. പിന്നാലെ സ്ട്രൈക്ക് മാറിയെത്തിയ ജോസ് ബട്‍ലറെ ബോൾ‍ഡാക്കിയാണ് വരുൺ ചക്രവർത്തി ഇംഗ്ലണ്ടിനു മറുപടിയൊരുക്കിയത്. പവർപ്ലേയിൽ 68 റൺസടിച്ച ഇംഗ്ലണ്ട് 8.1 ഓവറിൽ 100 പിന്നിട്ടു. ടോം ബാന്റനെ അക്ഷർ പട്ടേൽ ബോൾഡാക്കിയെങ്കിലും പിന്നാലെയെത്തിയ വിൽ ജാക്സ്, ബെതലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. 77 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. സ്കോർ 172 ൽ നിൽക്കെ സിക്സടിക്കാനുള്ള വിൽ ജാക്സിന്റെ ശ്രമം പാളി. ബൗണ്ടറി ലൈനിൽ വച്ച് പന്തു പിടിച്ചെടുത്ത അക്ഷർപട്ടേൽ, ബൗണ്ടറിക്കപ്പുറത്തേക്കു വീഴുംമുൻപ് പന്ത് ശിവം ദുബെയ്ക്ക് ഇട്ടുകൊടുത്തു. ദുബെ അതു പിടിച്ചെടുത്തതോടെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റും നഷ്ടം.

ജസ്പ്രീത് ബുമ്രയെറിഞ്ഞ 18–ാം ഓവറിൽ ഇംഗ്ലണ്ടിന് ആറു റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ഇതു കളിയിൽ വഴിത്തിരിവായി. ഇംഗ്ലണ്ടിന് 12 പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 39 റൺസ്. ഹാർദിക് പാണ്ഡ്യയുടെ 19–ാം ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ച് ജേക്കബ് ബെതൽ സെഞ്ചറിയിലെത്തി. തൊട്ടുപിന്നാലെ സാം കറനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. അവസാന ഓവറിൽ 30 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട്, ആദ്യ പന്തിൽതന്നെ ജേക്കബ് ബെതൽ റണ്ണൗട്ടായതോടെ തോൽവി സമ്മതിച്ച മട്ടായി. ശിവം ദുബെയുടെ അവസാന രണ്ട് പന്തുകളും ജോഫ്ര ആർച്ചർ സിക്സടിച്ചെങ്കിലും അപ്പോഴേക്കും വിജയലക്ഷ്യം ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമെത്തിയിരുന്നു. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ രണ്ടും, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

പണം കായ്ക്കുന്ന മരം?​ എടുത്താൽ അഞ്ച് വർഷം ദൗർഭാഗ്യം; സഞ്ചാരികളെ അമ്പരപ്പിച്ച് ‘വിഷിംഗ് ട്രീസ്’

ലണ്ടൻ: പണം മരത്തിൽ കായ്ക്കാറില്ലെന്ന് നമ്മളിൽ ചിലരെങ്കിലും പലപ്പോഴും പറയാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ...