കേരള വാർത്തകൗതുകങ്ങൾ

45 കൊല്ലം മുൻപ് വലതുകാൽപ്പത്തി തകർത്ത ആ അപകടം ദേവകിയമ്മയെ ‘വനപാലക’യാക്കി, പദ്മശ്രീ ജേതാവാക്കി

ഹരിപ്പാട് (ആലപ്പുഴ): വലതുകാൽപ്പത്തി തകർത്ത അപകടമാണ് മുതുകുളം കണ്ടല്ലൂർ പുതിയവിള കൊല്ലകൽ ജി. ദേവകിയമ്മ (92)യെ കൃഷിയിലേക്കും അതിലൂടെ നാലരയേക്കർ പറമ്പിൽ കാടുവളർത്താനും പ്രേരിപ്പിച്ചത്. 45 വർഷം മുൻപായിരുന്നു ആ അപകടം. ഇന്നിപ്പോൾ പറമ്പിലാകെ മരങ്ങളും വള്ളിപ്പടർപ്പുകളും. പകൽപോലും ഇരുട്ടുവീണ പ്രതീതി. കൊല്ലകൽ വീട്ടുവളപ്പിൽ മൂവായിരത്തിലധികം ഇനം ചെടികളുണ്ട്. നിറയെ പൂക്കളും കായ്‌കളുമായി പടർന്നുപന്തലിച്ചു നിൽക്കുന്നു. അങ്ങനെ അരനൂറ്റാണ്ടിനടുത്ത് പ്രകൃതിക്കൊപ്പം ജീവിച്ചതിന്റെ അംഗീകരമായാണ് ദേവകിയമ്മയ്ക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചത്.

1980-ൽ കായംകുളം ഗവ. ആശുപത്രിക്കടുത്തായിരുന്നു അപകടം. ഡ്രൈവിങ് സ്കൂളിന്റെ കാർ കാലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുട്ടിനുതാഴെ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ ആദ്യം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നുമാസത്തെ ചികിത്സ. പിന്നീട്, രണ്ടുവർഷത്തോളം വീട്ടിൽ വിശ്രമം. അക്കാലത്താണ് കൃഷി ഗൗരവമായെടുത്തത്.

വീടിനുപിന്നിൽ നാലര ഏക്കർ പറമ്പുണ്ട്. അവിടെ കൃഷിക്കൊപ്പം വൃക്ഷത്തൈകളും നട്ടുവളർത്തിത്തുടങ്ങി. ആദ്യം അയൽവീടുകളിൽനിന്ന് കിട്ടാവുന്നത്ര തൈകൾ ശേഖരിച്ചു. പിന്നീട്, ചെടികൾ കണ്ടെത്താൻ മാത്രമായി മക്കൾക്കൊപ്പം യാത്ര തുടങ്ങി. ഒരിക്കൽ ശബരിമല യാത്രകഴിഞ്ഞ് മടങ്ങിയെത്തിയത് നൂറിലധികം തൈകളുമായായിരുന്നു. എല്ലാം നട്ടുപിടിപ്പിച്ചു.

അപകടത്തെത്തുടർന്ന് കിടപ്പിലായപ്പോൾ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നെന്ന് ദേവകിയമ്മ പറഞ്ഞു. അങ്ങനെ മെല്ലെ പറമ്പിലേക്ക് ഇറങ്ങി. നട്ടുപിടിപ്പിച്ച ചെടികൾ വളരുന്നതുകണ്ടപ്പോൾ കിട്ടിയത് ആശ്വാസവും സന്തോഷവും. അതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ ചെടികൾ നട്ടു. അതോടെ പറമ്പിലാകെ മരങ്ങൾ നിറഞ്ഞു. അന്നുണ്ടായ അപകടം നല്ലതിനുവേണ്ടിയായിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ദേവകിയമ്മ പറഞ്ഞു.

ഭൂമിയിലെ എല്ലാ സസ്യങ്ങളും നമുക്ക് ആവശ്യമുള്ളതാണെന്നാണ് ദേവകിയമ്മയുടെ പക്ഷം. ചിലർ ചിലതെല്ലാം വെട്ടിനശിപ്പിക്കുന്നു. ഔഷധസസ്യങ്ങൾതേടി പലരും ദേവകിയമ്മയെ സമീപിക്കാറുണ്ട്. അവരെ പറമ്പിലേക്കു പറഞ്ഞുവിടാറാണു പതിവ്. ആവശ്യമുള്ളതിലധികം അവിടെയുണ്ടാകും. ഇതേ സസ്യങ്ങൾ സ്വന്തം വീട്ടുവളപ്പിൽ വളരാൻ അനുവദിക്കാത്തവരാണ് വരുന്നവരിൽ ഭൂരിപക്ഷവുമെന്നും ദേവകിയമ്മ പറഞ്ഞു.

മണ്ണിനെ സ്നേഹിച്ചാൽ പ്രകൃതി നമുക്കൊപ്പം ചേർന്നുനിൽക്കും. എങ്ങനെ കൃഷി ചെയ്യണമെന്ന് പ്രത്യേകം പഠിക്കേണ്ടാ. മണ്ണും മനുഷ്യനും ഒന്നിച്ചുവളരുമ്പോൾ പരിസ്ഥിതി നന്നാകും -ദേവകിയമ്മ പറഞ്ഞു.

2018-ൽ ദേവകിയമ്മയ്ക്ക് നാരീശക്തി പുരസ്കാരം ലഭിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ വൃക്ഷമിത്ര പുരസ്കാരം, ഫാം ഫോറസ്ട്രി, പ്രകൃതിമിത്ര തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പരിസ്ഥിതിശാസ്ത്ര അധ്യാപികയായി തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽനിന്നു വിരമിച്ച മൂത്തമകൾ തങ്കമണിയും ദേവകിയമ്മയ്ക്കൊപ്പം സസ്യജാലസംരക്ഷണത്തിനു മുന്നിട്ടിറങ്ങുന്നുണ്ട്. പരേതനായ ഗോപാലകൃഷ്ണപിള്ളയാണ് ഭർത്താവ്. ഇന്ദിര, ഉഷ, പദ്മകുമാർ, നന്ദകുമാർ എന്നിവരാണ്‌ മറ്റു മക്കൾ.

കൊല്ലകൽ വീട്ടുവളപ്പിൽ മൂന്നു തലമുറകളുടെ കരുതലിൽ വളരുന്ന കാട്

ഹരിപ്പാട്: പവിഴമല്ലിയും പാരിജാതവും ദേവദാരുവും കമണ്ഡലവൃക്ഷവും. മെഴുകുതിരിച്ചെടി, പനച്ചി, മുള്ളുവേങ്ങ, തമ്പകം, അത്തി, ഇത്തി, കരിങ്ങാലി, വെട്ടുപാല, നാഗപ്പൂമരം, ചെമ്മരം… പേരറിയാത്തതും അറിയുന്നതുമായ നൂറുകണക്കിനു മറ്റു ചെടികളും. പദ്മശ്രീ പുരസ്കാരം ലഭിച്ച കണ്ടല്ലൂർ പുതിയവിള കൊല്ലകൽ ജി. ദേവകിയമ്മയുടെ വീട്ടുവളപ്പിലാണിത്. 45 വർഷത്തെ പരിശ്രമത്തിലൂടെ ദേവകിയമ്മ വളർത്തിയെടുത്ത ഈ കാട് സംരക്ഷിക്കുന്നത് മൂന്നു തലമുറകൾ ചേർന്നാണ്. മൂത്ത മകൾ തങ്കമണിയും ചെറുമകൾ സസ്യശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ശരണ്യയുമെല്ലാം വീട്ടുവളപ്പിലെ മരക്കൂട്ടത്തെ പൊന്നുപോലെ കാക്കുന്നവരാണ്.

കൊല്ലകൽ വീട്ടുവളപ്പിലേക്കു കയറുമ്പോൾ ആദ്യം കാണുന്നത് കമണ്ഡലവൃക്ഷമാണ്. താപസന്മാർ കമണ്ഡലമായി ഉപയോഗിക്കുന്ന കായുണ്ടാകുന്നത് ഇതിലാണ്. ഇപ്പോൾ നിറയെ കായ്കളുണ്ട്. ചിലത് ചുവട്ടിൽ വീണുകിടക്കുന്നു. ചില ക്ഷേത്രങ്ങളിൽ ഈ ചെടി വളർത്താറുണ്ടെങ്കിലും വീട്ടുവളപ്പിൽ അപൂർവമാണ്. പേപ്പട്ടിവിഷത്തിനുള്ള മരുന്നിനായി ഉപയോഗിക്കാറുള്ള അങ്കേലം, മെതിയടി നിർമാണത്തിനുപയോഗിക്കുന്ന കരിങ്ങോട്ട, കുമ്പിൾ ആകൃതിയിലെ ഇലകളോടുകൂടിയ കൃഷ്ണനാൽ തുടങ്ങിയവയും ഇവിടെ സംരക്ഷിക്കുന്നു.

മരങ്ങളിൽ പേരെഴുതിയ ബോർഡ് മുൻപു സ്ഥാപിച്ചിരുന്നു. പലതും കാലപ്പഴക്കത്താൽ നഷ്ടപ്പെട്ടു. അധികം വൈകാതെ എല്ലാ മരങ്ങളിലും ശാസ്ത്രീയ വിവരങ്ങളുൾപ്പെടുത്തിയുള്ള ബോർഡ് വെക്കുമെന്ന് ശരണ്യ പറഞ്ഞു.

സ്കൂൾവിദ്യാർഥികളും വിദേശികളും ഉൾപ്പെടെ നിരവധിപേരാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്. വീട്ടുകാർ ഓരോ ചെടികളുടെയും പ്രത്യേകതകൾ വിശദീകരിച്ചുകൊടുക്കും. നാലരയേക്കർവരുന്ന കാടുകാണാൻ ഫീസ് ഈടാക്കാറില്ല. ചെടികൾക്ക് ജീവജലം പകർന്നുനൽകാൻ ഈ പറമ്പിൽ കുളങ്ങൾ പരിപാലിക്കുന്നുണ്ട്. കാവും കുളവും ഒത്തുചേർന്നുള്ള ആവാസവ്യവസ്ഥയാണ് കൊല്ലകൽ വീട്ടുവളപ്പിൽ നമുക്കായി ഇവർ സംരക്ഷിക്കുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

കേരള വാർത്തപ്രധാന വാർത്ത

പി.എസ്.സി നിയമനത്തിന് പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള...

കേരള വാർത്തകൗതുകങ്ങൾസിനിമ

തെരഞ്ഞെടുപ്പിന് മുമ്പ് മുഖംമിനുക്കാന്‍ മുഖ്യമന്ത്രി; അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവെ, മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടന്‍...