സിനിമ

8 സംസ്ഥാന പുരസ്‌കാരങ്ങൾ, 3 ദേശീയ പുരസ്‌കാരങ്ങൾ, ഒടുവിൽ പദ്മഭൂഷൺ; മമ്മൂട്ടി വെട്ടിയ പുരസ്‌കാര വഴി

കളങ്കാവൽ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന്റെ ലഹരി പ്രേക്ഷകരിൽ നിന്ന് വിട്ടുമാറും മുമ്പാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിക്ക് പദ്മഭൂഷൺ എന്ന വാർത്തയെത്തുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ മമ്മൂട്ടിയെ തേടിയെത്തുന്നത് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച് മാസങ്ങൾക്കിപ്പുറമാണ്. ദേശീയ പുരസ്‌കാരവേളയിൽ തഴയപ്പെട്ട ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയായി നടത്തിയ ഞെട്ടിക്കുന്ന പ്രകടനത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. പദ്മഭൂഷൺ കൂടിയെത്തിയതോടെ സ്വയം വെട്ടിയ നേട്ടങ്ങളുടെ വഴിയിൽ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് മമ്മൂട്ടി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിക്കുന്ന അതേ സായാഹ്നത്തിലാണ് പദ്മഭൂഷൺ പ്രഖ്യാപിച്ചതെന്ന കൗതുകവുമുണ്ട്. മോഹൻലാലിനൊപ്പം വലിയ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന പാട്രിയറ്റ് എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്ന സമയത്ത് തന്നെയാണ് പദ്മഭൂഷൺ പ്രഖ്യാപിച്ചതെന്നത് മറ്റൊരു കൗതുകം. മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ മോഹൻലാലും മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ മമ്മൂട്ടിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

കാലാതീതനായ മമ്മൂട്ടി

മികച്ച പ്രകടനങ്ങൾക്ക് സാധ്യതയുള്ളതും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ തേടിയുള്ള മമ്മൂട്ടിയുടെ യാത്രയിൽ പുതിയ ഊർജമാകും പദ്മഭൂഷൺ. എക്കാലവും സ്വയം പുതുക്കിപ്പണിയുന്ന അദ്ദേഹം ഓരോ കാലഘട്ടത്തിലും തന്റെ അഭിനയത്തിന്റെ രൂപവും ആഴവും പുതുതായി പുനർനിർമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഏത് കാലഘട്ടത്തിലെ മമ്മൂട്ടിയാണ് മികച്ച നടൻ എന്ന ചോദ്യം അപ്രസക്തമാകുന്നത്.

കാലം മാറുമ്പോഴും സിനിമയുടെ ഭാഷ മാറുമ്പോഴും, മമ്മൂട്ടി അതിനേക്കാൾ ഒരുപടി മുന്നിലായിരുന്നു. 74-ാം വയസ്സിൽ മികച്ച നടനുള്ളസംസ്ഥാന പുരസ്‌കാരം എട്ടാം തവണയും മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയിലേക്കെത്തുമ്പോൾ, പദ്മഭൂഷൺ നൽകി രാജ്യം ആദരിക്കുമ്പോൾ, ആരാധകരും സിനിമാപ്രേമികളും ഒരുപോലെ അഭിമാനത്തോടെയും ആവേശത്തോടെയും കാത്തിരിക്കുകയാണ്….. ഇന്നുവരെ നാം കണ്ടിട്ടില്ലാത്ത മറ്റൊരു അതുല്യവേഷം എവിടെയോ അദ്ദേഹത്തിനായി ഇനിയും ഒരുക്കപ്പെടുന്നുണ്ടെന്ന പ്രതീക്ഷയോടെ.

പുരസ്‌കാരങ്ങളുടെ തോഴൻ

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണയും, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എട്ടുതവണയും മമ്മൂട്ടിയെ തേടിയെത്തി. 1981-ൽ ‘അഹിംസ’യിലെ വാസുവെന്ന കഥാപാത്രത്തിലൂടെ മികച്ച സഹനടനായി സംസ്ഥാന അവാർഡ് ലഭിച്ചതോടെയാണ് മമ്മൂട്ടി അവാർഡ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. പിന്നാലെ, ‘അടിയൊഴുക്കുകളി’ലെ കരുണൻ എന്ന വേഷം അദ്ദേഹത്തിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സമ്മാനിച്ചു. പിന്നീട്,1985, 1989, 1994, 2009, 2022, ഇപ്പോഴിതാ 2024 വരെ മികച്ച നടനുള്ള പുരസ്‌കാരങ്ങൾ നിരന്തരം അദ്ദേഹത്തെ തേടിയെത്തി.

സംസ്ഥാന പുരസ്‌കാരങ്ങൾ

1981-ൽ അഹിംസ (സഹനടൻ)

1984-ൽ അടിയൊഴുക്കുകൾ

1985-ൽ യാത്ര, നിറക്കൂട്ട് (പ്രത്യേക ജൂറി പരാമർശം)

1989-ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം

1994-ൽ പൊന്തൻമാട, വിധേയൻ, വാത്സല്യം

2004-ൽ കാഴ്ച

2009-ൽ പാലേരി മാണിക്യം

2022-ൽ നൻപകൽ നേരത്ത് മയക്കം

ദേശീയ പുരസ്‌കാരങ്ങൾ

1990-ൽ മതിലുകൾ, ഒരു വടക്കൻ വീരഗാഥ

1994-ൽ വിധേയൻ, പൊന്തൻമാട

1999-ൽ അംബേദ്കർ (ഇംഗ്ലീഷ് ചിത്രം)

ഇതിനെല്ലാം പുറമെ 2022-ൽ പ്രഥമ കേരളപ്രഭ പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. 1998-ൽ പദ്മശ്രീ, 2010-ൽ കാലിക്കറ്റ് സർവകലാശാലയുടേയും കേരള സർവകലാശാലയുടേയും ഡി-ലിറ്റ് ബിരുദം എന്നിവയും മമ്മൂട്ടിക്ക് ലഭിച്ചു. കൂടാതെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ എന്നിവയും ഒട്ടേറെ സ്വകാര്യ പുരസ്‌കാരങ്ങളും ഇക്കാലയളവിൽ അദ്ദേഹത്തെ തേടിയെത്തി.

തേച്ചാൽ ഇനിയും മിനുങ്ങും

സിനിമ എന്ന മൂന്നക്ഷരത്തിനായി മുഴുവൻ ജീവിതവും സമർപ്പിച്ച നടനാണ് മമ്മൂട്ടി. തന്റെ തന്നെ വിജയഫോർമുലകൾ ആവർത്തിക്കാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല. ഒരിക്കൽ മമ്മൂട്ടിയെ കണ്ട മലയാളി പ്രേക്ഷകൻ പിന്നീട് അതേ ചട്ടക്കൂടിനകത്ത് അദ്ദേഹത്തെ കണ്ടിട്ടില്ല. ഒരുകാലത്ത് അപ്പർ മിഡിൽ ക്ലാസ് മലയാളിയുടെ പ്രതിനിധിയായ കുടുംബസ്ഥനായെത്തിയ മമ്മൂട്ടിയെ പിൽക്കാലത്ത് നമുക്ക് അധികം കാണേണ്ടി വന്നിട്ടില്ല.

‘യവനിക’യിലേയും ‘അമര’ത്തിലേയും ‘വടക്കൻ വീരഗാഥ’യിലേയും മമ്മൂട്ടി വ്യത്യസ്തനാണ്. 2000-നു ശേഷവും അദ്ദേഹം ആ പുതുമയുടെ പാതയിലായിരുന്നു. ‘ലൗഡ് സ്പീക്കറി’ലെ മൈക്ക്, ‘പ്രാഞ്ചിയേട്ട’നിലെ പ്രാഞ്ചി, ‘മുന്നറിയിപ്പി’ലെ സി.കെ. രാഘവൻ, ‘പത്തേമാരി’യിലെ പള്ളിക്കൽ നാരായണൻ. ഓരോ കഥാപാത്രങ്ങൾക്കും അദ്ദേഹം പുതിയ രൂപവും ആത്മാവും കണ്ടെത്തി.

മലയാള സിനിമ എക്കാലവും മമ്മൂട്ടിയെമോഹിപ്പിക്കുന്നത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിൽ കാണാം. മലയാള സിനിമയ്ക്ക് തന്നെയല്ല, മറിച്ച തനിക്കാണ് സിനിമയെ ആവശ്യമെന്ന കൃത്യമായ ബോധ്യം മമ്മൂട്ടിക്കുണ്ടായിരുന്നു. മികച്ച സംവിധായകരെയും തിരക്കഥാകൃത്തുകളെയും തേടി മമ്മൂട്ടി തന്നെയാണ് അവരുടെ വാതിൽ തട്ടിയത്. അടൂരിനെയും കെ.ജി. ജോർജിനെയും പോലുള്ള മഹാന്മാരുടെ മികച്ച ചിത്രങ്ങളിൽ അദ്ദേഹംഭാഗമായി.

ബോംബെയിൽ നിന്നെത്തിയ ഒരു കൂട്ടം യുവാക്കൾക്ക് മമ്മൂട്ടി നൽകിയ ഒരു ഡേറ്റ് മലയാള സിനിമയുടെ ഗതി തന്നെ മാറ്റി. മലയാള സിനിമയെ ഉയർത്തിയ നിരവധി പുതിയ സംവിധായകരുടെ ആദ്യ ചിത്രങ്ങൾ മമ്മൂട്ടിയോടൊപ്പമായിരുന്നു. മാർട്ടിൻ പ്രക്കാട്ട്, അമൽ നീരദ്, അൻവർ റഷീദ് എന്നീ പേരുകൾ പ്രത്യേകം പരാമർശിക്കേണ്ടതാണ്. എല്ലാം തികഞ്ഞ നായകന്മാർ നിറഞ്ഞുനിന്ന കാലത്ത്, അമ്മയ്ക്ക് പിറന്ന നാല് മക്കളു’ടെ കഥയുമായി ‘ബിഗ് ബി’ എത്തി.സി.കെ. രാഘവന്റേയും കൊടുമൺ പോറ്റിയുടേയും ആ ചിരിയും ശൈലിയുമാണ് ഇന്നും സിനിമാപ്രേമികൾ ആവർത്തിച്ച് ആസ്വദിക്കുന്നത്. മമ്മൂട്ടി തിരഞ്ഞെടുത്ത ചിത്രങ്ങൾ മലയാള സിനിമയുടെ തന്നെ വളർച്ചയുടെ അടയാളങ്ങളായി മാറി.

ഭാഷ ഉപയോഗിക്കുന്നതിൽ തനിക്കുണ്ടായ വഴക്കമായിരുന്നു മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു മമ്മൂട്ടി ഫാക്ടർ. ‘കോട്ടയം കുഞ്ഞച്ച’നും ‘രാജമാണിക്യ’വും ‘പ്രാഞ്ചിയേട്ട’നും ‘അമര’വും ‘വാത്സല്യ’വും ‘വിധേയനും”പാലേരി’യും ‘പുത്തൻപണ’വും ‘ലൗഡ് സ്പീക്കറും”ചട്ടമ്പിനാടും’ എന്ന് തുടങ്ങി പരിശോധിച്ചുപോയാൽ തീരാത്തത്ര സിനിമകളിൽ മമ്മൂട്ടിയിലെ മഹാനടൻ തന്റെ ഭാഷയിലെ വൈദഗധ്യം നമുക്ക് കാണാനാകും. മമ്മൂട്ടി ഭാഷ കൈകാര്യം ചെയ്യുമ്പോൾ ഇത് ഇത്ര സിമ്പിളായിരുന്നോ എന്ന നമുക്ക് തോന്നുംവിധം മനോഹരമാണ് അദ്ദേഹത്തിന്റെ അഭിനയശൈലി. ഏച്ചുകൂട്ടലോ ഓവർ ഡ്രമാറ്റിക്കോ അല്ല. അത്ര തന്മയത്തോടെ മമ്മൂട്ടിയിലെ നടൻ ഭാഷയെ കൈകാര്യം ചെയ്യുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

തെരഞ്ഞെടുപ്പിന് മുമ്പ് മുഖംമിനുക്കാന്‍ മുഖ്യമന്ത്രി; അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവെ, മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടന്‍...

കേരള വാർത്തസിനിമ

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ അനുമതി, പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. ഇതിനായി പാസ്‌പോർട്ട്...

ആനുകാലികംസിനിമ

‘കേരളാ സ്‌റ്റോറി’ ഒന്നാം ഭാഗം പോലെ കേരളത്തെക്കുറിച്ചല്ല ‘കേരള സ്റ്റോറി 2’ സിനിമയിൽ പറയുന്നത് എന്ന് നിര്‍മാതാവ്

ഡൽഹി: കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ‘കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ...

സിനിമ

രജനികാന്തും കമലഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ വില്ലനാകാൻ മോഹൻലാൽ

സ്റ്റൈ​ൽ​ ​മ​ന്ന​ൻ​ ​ര​ജ​നി​ ​കാ​ന്തും​ ​ഉ​ല​ക​നാ​യ​ക​ൻ​ ​ക​മ​ൽ​ഹാ​സ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​പ്ര​തി​നാ​യ​ക​നാ​കാ​ൻ​ ​മോ​ഹ​ൻ​ലാ​ലി​ന് ​ക്ഷ​ണം.​...