പ്രധാന വാർത്ത

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പുണെ: പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പുണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകൻ സിദ്ധാർഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്കാരം ഇന്ന് (വ്യാഴം) വൈകിട്ട് നാലിന്.  പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്നപേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു.

നാശഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തെ 3 മേഖലകളായി തിരിച്ച് പരിഹാരനിർദേശങ്ങൾ മുന്നോട്ടുവച്ച റിപ്പോർട്ട്, ചില മേഖലകളിൽ ഖനനവും നിർമാണവും പാറ പൊട്ടിക്കലും മണ്ണെടുക്കലും ഉൾപ്പെടെ നിരോധിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിലെ ശുപാർശകൾ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല. പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന (യുഎൻ) നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം 2024ൽ ലഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കായിരുന്നു പുരസ്കാരം. രാജ്യം പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ നൽകി ആദരിച്ചു.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനു തുടക്കത്തിൽ കേരളത്തിൽ ഏറെ എതിർപ്പുകൾ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങൾക്കും ശേഷം സ്വീകാര്യത ലഭിച്ചു. വയനാട്ടിൽ 2024ലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ക്വാറികളുടെ നിരന്തരപ്രവർത്തനവും പാറപൊട്ടിക്കലും കാരണമെന്നാണ് പ്രഫ. മാധവ് ഗാഡ്ഗിൽ വിശേഷിപ്പിച്ചത്. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നു മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.

വന്യജീവികളുടെ ആക്രമണങ്ങളിൽ കർഷകർക്കൊപ്പമാണ് ഗാഡ്ഗിൽ നിലയുറപ്പിച്ചത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള അവകാശത്തിനു വിരുദ്ധമായി, വന്യജീവിസംരക്ഷണത്തിനു മാത്രം പ്രാമുഖ്യം നൽകുന്ന 1972 ലെ വന്യജീവിസംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കർഷകരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കഴിയാത്ത വനംവകുപ്പ് പിരിച്ചുവിട്ട് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണു വേണ്ടതെന്നും 2025 ഒക്ടോബറിൽ കേരളത്തിൽ വെള്ളരിക്കുണ്ടിൽ നടന്ന കർഷകരുടെ പ്രതിഷേധ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞിരുന്നു. 

1942-ൽ പൂണെയിൽ ജനിച്ച മാധവ് ഗാഡ്ഗിൽ പുണെയിലെ ഫെർഗൂസൻ കോളജ്, ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഹാർവഡ് യൂണിവേഴ്‌സിറ്റി എന്നിവയിൽനിന്നാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. ഡോ. സുലോചന ഗാഡ്ഗിലാണ് ഭാര്യ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. എസ്‌ഐടി സംഘമാണ് തന്ത്രിയുടെ അറസ്റ്റ്...

പ്രധാന വാർത്ത

102 എംപിമാരുടെ ആസ്തിയിൽ 10 വർഷത്തിൽ വൻവർധന, കേരളത്തിൽ മുമ്പൻ ശശി തരൂർ

ന്യൂഡൽഹി: 2014 മുതൽ 2024 വരെ കാലയളവിൽ തിരഞ്ഞെടുക്കപ്പെട്ട 102 എംപിമാരുടെ ആസ്തിയിൽ ഇരട്ടിയിലധികം വർധന....

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യയെ നേരിടാന്‍ പാകിസ്താന്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചു, രേഖകള്‍ പുറത്ത്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സര്‍ക്കാര്‍ ജോലിക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി; ജെ.ബി. കോശി കമ്മീഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോർട്ട് പുറത്തുവിടണമെന്ന...