ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ പുറത്ത്. അമേരിക്കയുടെ വിദേശ ഏജന്റ് രജിസ്‌ട്രേഷൻ ആക്ടിന് (FARA) കീഴിൽ ഫയൽ ചെയ്ത രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. സഹായത്തിന് പ്രതിഫലമായി കൂടുതൽ നിക്ഷേപങ്ങൾ, പ്രത്യേക പ്രവേശനം, നിർണ്ണായക ധാതുക്കളും പാകിസ്താൻ യുഎസിന് വാഗ്ദാനം ചെയ്‌തെന്നും രേഖകളിൽ പറയുന്നു.
പാക് അനുകൂല നിയമ സ്ഥാപനമായ സ്‌ക്വയർ പാറ്റൺ ബോഗ്‌സിന്റെ പട്ടിക പ്രകാരം പാകിസ്താൻ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും ഇമെയിലുകൾ വഴിയും ഫോൺ കോളുകൾ വഴിയും അമ്പതിലധികം തവണ യുഎസ് അധികൃതരെ സമീപിച്ചുവെന്നും ഓപ്പറേഷനിടെ ഉദ്യോഗസ്ഥരുമായും ഇടനിലക്കാരുമായും യുഎസ് മാധ്യമങ്ങളുമായും നേരിട്ടുള്ള കൂടിക്കാഴ്ചകൾ ആവശ്യപ്പെട്ടു എന്നുമാണ്.
ഇന്ത്യയെ സംഭാഷണത്തിന് പ്രേരിപ്പിക്കാനും ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാനും യുഎസിനോട് പാകിസ്ഥാൻ അഭ്യർത്ഥിച്ചുവെന്നും യുഎസ് മധ്യസ്ഥതയെ സ്വാഗതം ചെയ്യുന്നുവെന്നും രേഖകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം താൻ നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ, മെയ് മാസങ്ങളിൽ പാകിസ്താൻ ലോബിയിങ്ങിനു ചെലവഴിക്കുന്ന തുക ഗണ്യമായി വർദ്ധിപ്പിച്ചത് എങ്ങനെയാണെന്ന് ന്യൂയോർക്ക് ടൈംസ് നേരത്തെ പുറത്തുവിട്ട ഒരു അന്വേഷണ റിപ്പോർട്ടിലും എടുത്തു കാണിച്ചിരുന്നു. ‘മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കയുടെ താല്പര്യം പാകിസ്താൻ സ്വാഗതം ചെയ്യും’ എന്ന് പാകിസ്താൻ പറഞ്ഞതായി രേഖകൾ വെളിപ്പെടുത്തുന്നു.
ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ആക്രമണത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് പാകിസ്താൻ ആവശ്യപ്പെടുന്നു. ഇതിൽ അമേരിക്കയുടെ സഹായം സ്വാഗതാർഹമായിരിക്കും. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, സിന്ധു നദീജല കരാർ, ഇരു രാജ്യങ്ങളെയും വിഭജിക്കുന്ന എല്ലാ വിഷയങ്ങളിലും ഇന്ത്യയുമായി ചർച്ച നടത്താൻ പാകിസ്താൻ ആഗ്രഹിക്കുന്നു. ശക്തമായ പ്രാദേശിക ഭീകരവാദ വിരുദ്ധ സഹകരണത്തിൽ അമേരിക്കയെയും ഉൾക്കൊള്ളിക്കണം. ഇരു രാജ്യങ്ങൾക്കും സ്ഥിരീകരിക്കാവുന്ന കരാറുകളിൽ എത്താൻ ഒരു മൂന്നാം കക്ഷിക്ക് സഹായിക്കാൻ കഴിയുമെന്ന് പാകിസ്ഥസ്താൻ വിശ്വസിക്കുന്നു.’ റിപ്പോർട്ടിൽ പറയുന്നു.
ജമ്മു കശ്മീർ തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ പ്രസിഡന്റ് ട്രംപ് പ്രകടിപ്പിച്ച സന്നദ്ധതയെ പാകിസ്താൻ അഭിനന്ദിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം, യുഎസ്സുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള ഒരു രേഖയും പാകിസ്താൻ പുറത്തിറക്കി.
‘അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം പുതുക്കാൻ പാകിസ്താൻ കാര്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണ്. വ്യക്തവും മുന്നോട്ടുള്ളതുമായ ഒരു അജണ്ട ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രധാന താൽപര്യങ്ങളെ സേവിക്കും. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും യുവത്വമുള്ളതുമായ രാജ്യങ്ങളിലൊന്നെന്ന നിലയിൽ, സാമ്പത്തിക വളർച്ചയ്ക്കും പാകിസ്താൻ വലിയ വാഗ്ദാനം നൽകുന്നു.’ രേഖയിൽ പറയുന്നു.
2025 നവംബറിൽ, ട്രംപ് ഭരണകൂടത്തിലേക്ക് വേഗത്തിൽ പ്രവേശനം നേടാനും അനുകൂലമായ വ്യാപാര, നയതന്ത്ര ഫലങ്ങൾ നേടാനും വേണ്ടി വാഷിങ്ടണിലെ ആറ് ലോബിയിങ് സ്ഥാപനങ്ങളുമായി ഏകദേശം അഞ്ചു മില്യൺ ഡോളറിന്റെ വാർഷിക കരാറുകളിൽ പാകിസ്താൻ ഒപ്പുവെച്ചതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദ് സെയിഡൻ ലോ എൽഎൽപിയുമായി ജാവലിൻ അഡൈ്വസേഴ്‌സ് വഴി കരാർ ഒപ്പിട്ട് ആഴ്ചകൾക്ക് ശേഷം, ട്രംപ് പാകിസ്താൻ സൈന്യത്തിന്റെ ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ചിരുന്നു.







Leave a comment