മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായ, രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് മോഹൻലാലിന് 2023-ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു. 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.
1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഡോക്ടടർ സണ്ണി, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, ദശരഥം എന്ന ചിത്രത്തിലെ രാജീവ് മേനോൻ,കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദൻ, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.
കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം.
തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ മോഹൻലാലിന്റെ കുട്ടിക്കാലം. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. ബി,കോം ബിരുദധാരിയാണ്. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.
കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ എന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ 2000 ൽ മരണമടഞ്ഞിരുന്നു.
അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെയാണ് മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട് : പ്രണവ്, വിസ്മയ. പ്രണവ് ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ബാല്യകാലമാണ് ആദ്യമായി പ്രണവ് അഭിനയിച്ചത്. പുനർജ്ജനി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രണവിന് ലഭിച്ചിട്ടുണ്ട്.
താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ് 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്.







Leave a comment