ഇൻട്രൊവെർട്ടുകളേക്കുറിച്ചുള്ള മീമുകളും റീലുകളുമൊക്കെ സാമൂഹികമാധ്യമത്തിൽ നിറയെ കാണാറുണ്ട്. ആൾക്കൂട്ടങ്ങളിൽ പോകാൻ ഇഷ്ടമില്ലാത്ത, ഒന്നോരണ്ടോ പേരിലോ ചെറിയ കൂട്ടത്തിലോ മാത്രം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അന്തർമുഖർ അഥവാ ഇൻട്രൊവെർട്ടുകൾ. ഏകാന്തതയെ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർക്കായി ഒരു ദിവസവുമുണ്ട്. എല്ലാവർഷവും ജനുവരി രണ്ട് ഇൻട്രൊവെർട്ടുകളുടെ ദിനമായാണ് ആചരിക്കുന്നത്.
പലപ്പോഴും നിശബ്ദരായിരിക്കുന്ന, ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന അന്തർമുഖരായവരുടെ സവിശേഷതകൾ മനസ്സിലാക്കാനും പുൽകാനുമായാണ് ഈ ദിവസം ആചരിക്കുന്നത്. എന്തുകൊണ്ട് നമുക്കൊരു വേൾഡ് ഇൻട്രൊവെർഡ് ദിനം വേണം എന്ന തലക്കെട്ടോടെ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഫെലിസിറ്റാസ് ഹെയ്ൻ തന്റെ ബ്ലോഗ് പോസ്റ്റിൽ കുറിച്ച ബ്ലോഗിൽ നിന്നാണ് ഈ ദിനം ആചരിക്കുന്നതിന് തുടക്കമായത്.
ക്രിസ്മസ് മുതൽ ന്യൂഇയർ വരെയുള്ള ആഘോഷ ദിനങ്ങൾക്കൊടുവിൽ അന്തർമുഖരായവർക്ക് സമാധാനത്തോടെ സമയം ചെലവഴിക്കാനായാണ് ജനുവരി രണ്ടിന് ആചരിക്കുന്നത്.
ആൾക്കൂട്ടത്തിൽ പോകാൻ ഇഷ്ടമില്ലാതിരിക്കുക, സംസാരിക്കുന്നതിനേക്കാൾ എഴുതാൻ ഇഷ്ടപ്പെടുക, തനിച്ചിരിക്കാൻ താൽപര്യപ്പെടുക, ശ്രദ്ധകേന്ദ്രീകരിക്കാൻ നിശബ്ദത ആവശ്യമായി വരിക, ഗ്രൂപ്പ് വർക്കുകൾ ഇഷ്ടപ്പെടാതിരിക്കുക, വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രം ഉണ്ടാവുക തുടങ്ങിയവയാണ് ഇൻട്രോവെർട്ടുകളുടെ പ്രധാന സവിശേഷതകൾ.
പലപ്പോഴും ലജ്ജയും അന്തർമുഖത്വവും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവരുമുണ്ട്. സാമൂഹിക ഇടപഴകൽ കുറവാണ് എന്നൊരു സാമ്യം മാത്രമേ ഇരുവിഭാഗത്തിനുമുള്ളൂ. ലജ്ജ കൂടുതലുള്ളവർക്ക് ആളുകളോട് ഇടപഴകാൻ ആഗ്രഹം ഉണ്ടാകുമെങ്കിലും ഉള്ളിലുള്ള ഭയംമൂലം വിട്ടുനിൽക്കും. എന്നാൽ ഇൻട്രോവെർട്ടുകൾക്ക് എളുപ്പത്തിൽ ഇടപഴകാൻ കഴിയുമെങ്കിലും അവർ ചെറിയ കൂട്ടത്തിലോ അല്ലെങ്കിൽ തനിച്ചിരിക്കാനോ മാത്രം ഇഷ്ടപ്പെടും.
ഇൻട്രോവെർട്ടുകളെ നാലുവിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്. സോഷ്യൽ ഇൻട്രൊവെർട്ടുകൾ, തിങ്കിങ് ഇൻട്രൊവെർട്ടുകൾ, ആങ്ഷ്യസ് ഇൻട്രൊവെർട്ടുകൾ, ഇൻഹിബിറ്റഡ് ഇൻട്രൊവെർട്ടുകൾ എന്നിവയാണവ. വലിയ ഗ്രൂപ്പുകൾക്ക് പകരം ചെറിയ കൂട്ടത്തിനൊപ്പം ഇരിക്കാൻ താൽപര്യപ്പെടുന്നവരും രാത്രിയിൽ പുറത്തുപോവുന്നതിന് പകരം വീട്ടിൽ സമയം ചെലവഴിക്കാൻ ഇഷ്ടമുള്ളവരുമാകും സോഷ്യൽ ഇൻട്രൊവെർട്ടുകൾ.
കൂടുതൽ സമയം ചിന്തിക്കാൻ ഇഷ്ടപ്പെടുന്നവരാണ് തിങ്കിങ് ഇൻട്രൊവെർട്ടുകൾ. ഇവർ വിഷയങ്ങളെ ആഴത്തിൽ പരിശോധിക്കുകയും ക്രിയേറ്റീവായി ചിന്തിക്കുന്നവരുമാകും.
ആൾക്കൂട്ടങ്ങളിൽ ഇടപഴകുമ്പോൾ ആശങ്കപ്പെടുന്നവരാണ് ആങ്ഷ്യസ് ഇൻട്രൊവെർട്ടുകൾ. അമിതമായി ചിന്തിക്കുകയും ഒരു തീരുമാനം എടുക്കാൻ ഗണ്യമായ സമയം ചെലവഴിക്കുകയും ചെയ്യുന്ന വിഭാഗമാണ് ഇൻഹിബിറ്റഡ് ഇൻട്രൊവെർട്ടുകൾ. പല ഇൻട്രൊവെർട്ടുകളിലും ഈ സവിശേഷതകളെല്ലാം കാണപ്പെടുകയോ, വ്യത്യാസപ്പെട്ടിരിക്കുകയോ ചെയ്യും.
ഇൻട്രോവെർട്ടുകളെ കുറച്ച് കാണുന്നവരുമുണ്ട്. എന്നാൽ പലപ്പോഴും ആഴത്തിലുള്ളതും അർഥമേറിയതുമായ ആശയവിനിമയവും ബന്ധങ്ങളും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടരെന്നും മനസ്സിലാക്കണം.







Leave a comment